നിയമസഭ തോൽവി: ലീഗ് നടപടിക്ക്, പരാജയ കാരണം മണ്ഡലം കമ്മിറ്റികളുടെ വീഴ്ചയെന്നാണ് കണ്ടെത്തൽ
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകളിലടക്കം പാർട്ടിക്കുണ്ടായ പരാജയത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. മണ്ഡലം നേതാക്കൾക്കെതിരെയാണ് നടപടി വരുന്നത്. ഇതിന് മുന്നോടിയായി ഇവരെ സംസ്ഥാന നേതൃത്വം വിളിപ്പിച്ച് കാര്യങ്ങൾ ധരിപ്പിക്കും. ശാസന, താക്കീത് നൽകൽ, മാറ്റിനിർത്തൽ തുടങ്ങിയ സംഘടന തലത്തിലെ നടപടികളുണ്ടാവുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
തോൽവി പഠിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജനുവരി 10ന് ചേരുന്ന പ്രവർത്തക സമിതിയുടെ അംഗീകാരത്തോടെയായിരിക്കും നടപടി. മണ്ഡലം തലത്തിലെ വീഴ്ചകളാണ് തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇവർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് തന്നെയാണ് സമിതി കണ്ടെത്തലെന്ന് സലാം വ്യക്തമാക്കി.
പാർട്ടിയുടെ പ്രവർത്തനം പഠിക്കാൻ നിയോഗിച്ച നേതാക്കളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിലെ സംഘടന സംവിധാനത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. സിറ്റിങ് മണ്ഡലങ്ങളായിരുന്ന കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട്, കുറ്റ്യാടി എന്നിവിടങ്ങളിലെയും ശക്തികേന്ദ്രങ്ങളിൽപ്പെടുന്ന താനൂർ, തിരുവമ്പാടി തുടങ്ങിയ മണ്ഡലങ്ങളിലെയും ഭാരവാഹികളും നേതാക്കളും പട്ടികയിലുണ്ടെന്നാണ് സൂചന.
ജയപ്രതീക്ഷ പുലർത്തിയ ഗുരുവായൂർ, കുന്ദമംഗലം, കൂത്തുപറമ്പ് ഉൾപ്പെടെ മണ്ഡലങ്ങളിലെ തോൽവിയും പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.