മണ്ഡലപരിചയം -ചേർത്തല: ഇടതിനോടും വലതിനോടും മമത; ആരെയും തോൽപിക്കുന്ന മണ്ണ്
text_fieldsചേർത്തല: കോൺഗ്രസ് നേതാവ് വയലാർ രവിയെയും വിപ്ലവസമര നായിക കെ.ആർ. ഗൗരിയമ്മയെയും മുട്ടുകുത്തിച്ച ചരിത്രമാണ് മണ്ഡലത്തിേൻറത്. മുൻമുഖ്യമന്ത്രി എ.കെ. ആൻറണി, വി.എം. സുധീരൻ, സി.കെ. ചന്ദ്രപ്പൻ, പി.എസ്. ശ്രീനിവാസൻ തുടങ്ങിയ ഒട്ടേെറ പേർക്ക് 'രാഷ്ട്രീയജീവിതം' നേടിക്കൊടുത്ത മണ്ണുമാണിത്. ഈഴവ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയിൽ എസ്.എൻ.ഡി.പി, ബി.ഡി.ജെ.എസ് സ്വാധീനം നിർണായകമാണ്.
1957ൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിജയത്തുടക്കം നൽകിയത് കെ.ആർ. ഗൗരിയമ്മയാണ്. ബാലറ്റിലൂടെ ആദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ റവന്യൂമന്ത്രിയായിരുന്ന ഗൗരിയമ്മയുടെ കാലത്താണ് കുടിയൊഴിപ്പിക്കൽ നിരോധനനിയമം, ഭൂപരിഷ്കരണബിൽ എന്നിവ അവതരിപ്പിച്ചത്. 1960ൽ വീണ്ടും വിജയം ആവർത്തിച്ചു. കോൺഗ്രസിലെ എ. സുബ്രഹ്മണ്യൻ പിള്ളയെയാണ് പരാജയപ്പെടുത്തിയത്. 1965ൽ സി.വി. ജേക്കബിനായിരുന്നു വിജയം.
1967ൽ വയലാർ സമരപോരാളി എൻ. പ്രഭാകര തണ്ടാറിലൂടെ ഇടതുപക്ഷം സീറ്റ് തിരിച്ചുപിടിച്ചു. 1970ൽ കന്നിമത്സരത്തിൽ എ.കെ. ആൻറണി വിജയം കോൺഗ്രസ് പക്ഷത്തേക്ക് എത്തിച്ചു. 1977ൽ എം.കെ. രാഘവനിലൂടെ മണ്ഡലം നിലനിർത്തി. 1980ൽ പി.എസ്. ശ്രീനിവാസനാണ് വീണ്ടും ഇടത്തേക്ക് വിജയമെത്തിച്ചത്.
മണ്ഡലം തിരിച്ചുപിടിക്കാൻ നിയോഗിച്ച വയലാർ രവി 1982ലും 1987ലും യു.ഡി.എഫിെൻറ കരുത്ത് തെളിയിച്ചാണ് മുന്നേറിയത്. 1991ൽ സി.കെ. ചന്ദ്രപ്പൻറ അട്ടിമറി വിജയത്തിൽ വലയാർ രവിയും മുട്ടുകുത്തി. 1998ൽ വീണ്ടും കളത്തിലിറങ്ങിയ എ.കെ. ആൻറണിയിലൂടെ കോൺഗ്രസ് ജയിച്ചു.
2001ലും വിജയം ആവർത്തിച്ചു. 2001ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായി. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആൻറണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 2006ൽ ആൻറണിയുടെ വിശ്വസ്തൻ സി.കെ. ഷാജിമോഹനെ യു.ഡി.എഫ് രംഗത്തിറക്കിയെങ്കിലും പി. തിലോത്തമന് മുന്നിൽ തോറ്റു.
2011ൽ ജെ.എസ്.എസ് നേതാവ് കെ.ആർ. ഗൗരിയമ്മയെ തോൽപിച്ച് തിലോത്തമൻ വീണ്ടും വിജയിച്ചു. 2016ൽ കോൺഗ്രസ് യുവനേതാവ് എസ്. ശരത്തിനോട് ഏറ്റുമുട്ടിയ തിലോത്തമൻ ഹാട്രിക് വിജയം നേടി. അന്ന് സംസ്ഥാനത്ത് ഏറ്റവുമധികം പോളിങ് നടന്ന ചേർത്തലയിൽ 7196 വോട്ടിനായിരുന്നു വിജയം.
മൂന്നുവട്ടം എം.എൽ.എയായ തിലോത്തമൻ ഇനി മത്സരിക്കുമോയെന്നും യുവതലമുറക്കായി വഴിമാറുമോയെന്നതും ചർച്ചയായിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ ഡി. സുഗുതൻ, എസ്. ശരത് തുടങ്ങിയ പേരുകളും സജീവമായി രംഗത്തുണ്ട്.
സ്ഥിതിവിവരം
ചേർത്തല നഗരസഭ, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല തെക്ക്, വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകൾ അടങ്ങുന്നതാണ് മണ്ഡലം. 2006 മുതൽ സി.പി.ഐ പ്രതിനിധി പി. തിലോത്തമനാണ് എം.എൽ.എ. ചേർത്തല നഗരസഭ, മുഹമ്മ, വയലാർ, ചേർത്തല തെക്ക്, തണ്ണീർമുക്കം പഞ്ചായത്തുകൾ എൽ.ഡി.എഫും പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകൾ യു.ഡി.എഫുമാണ് നിലവിൽ ഭരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചരിത്രം
വർഷം വിജയി(പാർട്ടി) എതിരാളി ഭൂരിപക്ഷം
1957 കെ.ആർ. ഗൗരിയമ്മ (സി.പി.െഎ) എ. സുബ്രഹ്മണ്യൻ പിള്ള 3332
1960 കെ.ആർ. ഗൗരിയമ്മ (സി.പി.െഎ) എ. സുബ്രഹ്മണ്യൻ പിള്ള 1506
1965 സി.വി. ജേക്കബ് (കെ.സി) പി.എസ്. കാർത്തികേയൻ 1878
1967 എൻ. പ്രഭാകര തണ്ടാർ (സി.പി.എം) കെ.ആർ. ദാമോദരൻ 7859
1970 എ.കെ. ആൻറണി (കോൺഗ്രസ്) എൻ.പി തണ്ടാർ 360
1977 എം.കെ. രാഘവൻ (കോൺഗ്രസ്) എൻ.പി. തണ്ടാർ 11,760
1980 പി.എസ്. ശ്രീനിവാസൻ (സി.പി.ഐ) ജോസഫ് മാത്തൻ 11,413
1982 വയലാർ രവി (കോൺഗ്രസ്) പി.എസ്. ശ്രീനിവാസൻ 1873
1987 വയലാർ രവി (കോൺഗ്രസ്) സി.കെ. ചന്ദ്രപ്പൻ 2284
1991 സി.കെ. ചന്ദ്രപ്പൻ (സി.പി.ഐ) വയലാർ രവി 991
1998 എ.കെ. ആൻറണി (കോൺഗ്രസ്) സി.കെ. ചന്ദ്രപ്പൻ 8385
2001 എ.കെ. ആൻറണി (കോൺഗ്രസ്) സി.കെ. ചന്ദ്രപ്പൻ 6860
2006 പി. തിലോമത്തൻ (സി.പി.െഎ) സി.കെ. ഷാജി മോഹൻ 8534
2011 പി. തിലോത്തമൻ (സി.പി.ഐ) കെ.ആർ. ഗൗരിയമ്മ 18,315
2016 പി. തിലോത്തമൻ (സി.പി.ഐ) എസ്. ശരത് 7196
2016 നിയമസഭ ഫലം
പി. തിലോത്തമൻ
(സി.പി.ഐ)-81,197
എസ്. ശരത്
(കോൺഗ്രസ്)-74,001
പി.എസ്. രാജീവ്
(ബി.ഡി.ജെ.എസ്)-19,614
ഭൂരിപക്ഷം-7196
2020 തദ്ദേശവോട്ടുനില
എൽ.ഡി.എഫ്-78,863
യു.ഡി.എഫ്-65,997
എൻ.ഡി.എ-26,135
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.