പേരാമ്പ്രയോട് ഇമ്പമില്ലാതെ കോൺഗ്രസും ലീഗും
text_fieldsപേരാമ്പ്ര: യു.ഡി.എഫിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസിനും മുസ്ലിം ലീഗിനും വലിയ താൽപര്യമില്ലാത്തതുപോലെ.
സീറ്റ് മുസ്ലിം ലീഗിന് നൽകാൻ കോൺഗ്രസ് ഒരുക്കമാണെങ്കിലും ലീഗിന് പേരാമ്പ്ര ഏറ്റെടുക്കാൻ വലിയ താൽപര്യമില്ല. ജില്ലയിൽ ലീഗിന് ഒരു അധിക സീറ്റ് ലഭിക്കും. എന്നാൽ, ലീഗ് ബേപ്പൂരിനാണ് പരിഗണന നൽകുന്നത്. ബേപ്പൂരല്ലെങ്കിൽ പേരാമ്പ്ര തന്നെ ലീഗ് ഏറ്റെടുത്തേക്കും.
പേരാമ്പ്ര ലഭിച്ചാൽ നജീബ് കാന്തപുരത്തെ മത്സരിപ്പിക്കാനാണ് ആലോചനയെങ്കിലും അദ്ദേഹത്തിന് പേരാമ്പ്രക്ക് വരാൻ വലിയ താൽപര്യമില്ലത്രെ. മണ്ഡലത്തിൽ തന്നെയുള്ള ജില്ല സെക്രട്ടറി സി.പി.എ. അസീസിനെ പരിഗണിക്കണമെന്നും ലീഗിൽ ആവശ്യമുയരുന്നുണ്ട്.
ലീഗ് മണ്ഡലം കമ്മിറ്റി പേരാമ്പ്ര സീറ്റിനു വേണ്ടി ഇതുവരെ ആവശ്യമുന്നയിച്ചിട്ടില്ല. ഇനി കോൺഗ്രസാണ് മത്സരിക്കുന്നതെങ്കിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിെൻറ പേരാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ അദ്ദേഹത്തിന് കുറച്ചു കൂടി സുരക്ഷിതമണ്ഡലമാണ് താൽപര്യം.
മറ്റൊരു പേര് മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബുവിേൻറതാണ്. പേരാമ്പ്രയിൽ ഒരു കൈ നോക്കാൻ അദ്ദേഹത്തിനും താൽപര്യമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ട്. ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്തു വരുകയും പുതിയ കൂട്ടായ്മക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെ മാറ്റുകയും അച്ചടക്ക നടപടി പിൻവലിക്കുകയും ചെയ്താൽ സഹകരിക്കാമെന്നാണ് വിമതരുടെ ഉപാധി. എന്നാൽ രണ്ടുവട്ടം ചർച്ചകൾ കഴിഞ്ഞെങ്കിലും പ്രശ്നം പരിഹരിക്കാതെ തുടരുകയാണ്.
മറുഭാഗത്ത് മന്ത്രി ടി.പി. രാമകൃഷ്ണനു തന്നെ ഒരവസരം കൂടി നൽകുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. മണ്ഡലത്തിലെ 10 പഞ്ചായത്തുകളും ഭരിക്കുന്ന എൽ.ഡി.എഫിന് ചങ്ങരോത്ത് പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിനെക്കാൾ വോട്ട് കുറവുള്ളത്.
ഇവിടെ 1801 വോട്ടാണ് യു.ഡി.എഫിന് അധികമുള്ളത്. തുറയൂർ- 37, കീഴരിയൂർ- 878, അരിക്കുളം - 1783, ചക്കിട്ടപ്പാറ- 431, ചെറുവണ്ണൂർ - 617, കൂത്താളി - 81, മേപ്പയൂർ- 3446, പേരാമ്പ്ര - 1896, നൊച്ചാട്- 2751 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളിലെ എൽ.ഡി.എഫ് ഭൂരിപക്ഷം.
മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിൽ 10,119 വോട്ടിനാണ് എൽ.ഡി.എഫ് മുന്നിലുള്ളത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 13,204 വോട്ടിന് യു.ഡി.എഫ് ആണ് മുന്നിൽ. അതുകൊണ്ട് അട്ടിമറിക്കാൻ പറ്റാത്ത കോട്ടയൊന്നുമല്ല പേരാമ്പ്രയെന്നാണ് യു.ഡി.എഫ് അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.