ദേവികുളത്ത് ഏഴുവട്ടം എൽ.ഡി.എഫ്; ആറുവട്ടം യു.ഡി.എഫ്
text_fieldsതോട്ടം-കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുന്ന ദേവികുളം നിയമസഭ മണ്ഡലം മൂന്നു തവണയായി സി.പി.എമ്മിെൻറ കൈകളിലാണെങ്കിലും ഇരുമുന്നണിയും പ്രതീക്ഷവെക്കുന്ന മണ്ഡലങ്ങളിലൊന്നാണ്.
ജനപ്രതിനിധിയെ മാറ്റി മുന്നണികൾക്ക് ഷോക് ട്രീറ്റ്മെൻറ് നൽകുന്നതിൽ ദേവികുളവും പിന്നിലല്ല. 2006 മുതല്‍ സി.പി.എമ്മിലെ എസ്. രാജേന്ദ്രനാണ് ദേവികുളത്തിെൻറ തലൈവർ. 1991 മുതല്‍ മൂന്നുതവണ തുടരെ വിജയിച്ച എ.കെ. മണിയില്‍നിന്ന് എസ്. രാജേന്ദ്രന് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.
ആറു തവണ ദേവികുളത്ത് തെരഞ്ഞെടുപ്പ് നേരിട്ട കോൺഗ്രസിലെ എ.കെ. മണിയെ മാറ്റി പുതുമുഖത്തെ രംഗത്തിറക്കാന്‍ യു.ഡി.എഫ് ക്യാമ്പും മൂന്നുതവണ മണ്ഡലം നിലനിര്‍ത്തിയ എസ്. രാജേന്ദ്രനെ മാറ്റി മറ്റൊരാളെ പരിഗണിക്കാൻ ഇടതുമുന്നണിയും ശ്രമിക്കുന്നതാണ് പുതിയ ചിത്രം.
ഇവര്‍തന്നെ മത്സരരംഗത്ത് വരുമെന്ന വിധം ചര്‍ച്ചയും നടക്കുന്നു. എസ്.സി സംവരണ മണ്ഡലമായ ഇവിടെ തമിഴ് മേഖലയിൽനിന്നുള്ളവരെയാണ് മുന്നണികൾ പരിഗണിക്കുന്നത്. വോട്ടിങ് നിലവാരത്തില്‍ തമിഴ് വംശജർ കൂടുതലുള്ളതിനാൽ ഇക്കുറിയും തമിഴ് വംശജരെ തന്നെയാകും മുന്നണികൾ രംഗത്തിറക്കുക.
കാര്‍ഷിക മേഖലയില്‍നിന്നുള്ളവരെ സ്ഥാനാർഥിയാക്കിയാൽ തോട്ടം മേഖലയിൽനിന്ന് മത്സരിക്കുന്നവരുടെ ജയസാധ്യത കൂടുതലെന്ന വിലയിരുത്തലാണ് കാരണം.
സംവരണം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജില്ല പഞ്ചായത്ത് അംഗം ഇന്‍ഫൻറ് തോമസ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അതിജീവന പോരാട്ടവേദിയും സംവരണം മാറ്റി നിശ്ചയിക്കണമെന്ന ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനെയടക്കം സമീപിച്ചിരിക്കുകയാണ്. ആറ് പതിറ്റാണ്ടിലേറെയായി സംവരണമണ്ഡലമായി തുടരുന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
സംവരണം മാറാനുള്ള സാധ്യത ഇത്തവണ കുറവാണെന്നാണ് ലഭ്യമാകുന്ന വിവരം. 2026ലെ തെരഞ്ഞെടുപ്പിൽ മാറ്റം പരിഗണിച്ചേക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
തമിഴ് വംശജെരപ്പോലെ തന്നെ ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും കൂടുതലുള്ള മണ്ഡലവുമാണ് ദേവികുളം. കാര്‍ഷിക മേഖലയിലും നിർണായകമാണ്. ജില്ല രൂപവത്കരിക്കുന്നതിന് മുമ്പ് നിലവില്‍ വന്ന മണ്ഡലമാണ് ദേവികുളം. 1957ലാണ് മണ്ഡലം നിലവില്‍ വന്നത്.
സി.പി.ഐയിലെ റോസമ്മ പുന്നൂസാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, 1957 നവംബര്‍ 14ന് വന്ന വിധിയിൽ വിജയം തെരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ റദ്ദാക്കി. 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂണ്‍ 30ന് നിയമസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐയില്‍നിന്ന് മണ്ഡലം പിടിച്ചെടുത്ത മത്സരിച്ച സി.പി.എം പക്ഷേ, തോറ്റു.
കോൺഗ്രസിലെ സുന്ദരന്‍ മുരുകാണ്ടിക്കായിരുന്നു ജയം. അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍. ഗണപതിയിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ജി. വരദനാണ് വിജയിച്ചത്.
ഇടതുപക്ഷം സീറ്റ് തിരിച്ചുപിടിച്ചെങ്കിലും കിട്ടപ്പ നാരായണ സ്വാമിയിലൂടെ വീണ്ടും യു.ഡി.എഫിനായി മണ്ഡലം. ജി. വരദൻ വീണ്ടും ഇവിടെ നിന്ന് എം.എൽ.എ ആയതിനു പിന്നാലെ എസ്. സുന്ദരമാണിക്യത്തിലൂടെ എല്‍.ഡി.എഫ് മണ്ഡലം പിന്നെയും കാത്തു. തുടർന്ന് ഇവിടെ നിന്ന് കോൺഗ്രസിലെ എ.കെ. മണി മൂന്ന് പ്രാവശ്യം തുടരെ വിജയിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന എസ്. രാജേന്ദ്രനിലൂടെയാണ് ഒടുവിൽ സീറ്റ് എല്‍.ഡി.എഫ് തിരിച്ചുപിടിച്ചത്. തുടർച്ചയായി മൂന്നുവട്ടം വിജയിച്ചു നിൽക്കുന്നു രാജേന്ദ്രൻ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നിൽ
ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, മൂന്നാർ, കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം, വട്ടവട, വെള്ളത്തൂവല്‍, ദേവികുളം, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ ബൈസണ്‍ വാലി, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ദേവികുളം നിയമസഭ മണ്ഡലം.
ഏഴ് പഞ്ചായത്തുകളിൽ എൽ.ഡി.എഫും അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫുമാണ് ഇക്കുറി ഭരണം. കാർഷിക മേഖലയിൽ ഒരു പഞ്ചായത്തിൽപോലും വിജയിക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ഒന്നുവീതം ബ്ലോക്ക് പഞ്ചായത്തുകളാണ് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ ഭരിക്കുന്നത്.
ജില്ല പഞ്ചായത്ത് ഡിവിഷനുകൾ മൂന്നിൽ രണ്ടെണ്ണം എൽ.ഡി.എഫിനാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നിയമസഭ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം.
തെരഞ്ഞെടുപ്പ് ചരിത്രം
വര്‍ഷം, വിജയി, പാര്‍ട്ടി ക്രമത്തിൽ
1957 റോസമ്മ പുന്നൂസ് -സി.പി.ഐ
1960 സുന്ദരന്‍ മുരുകാണ്ടി -കോണ്‍ഗ്രസ്
1967 എന്‍. ഗണപതി -കോണ്‍ഗ്രസ്
1970 ജി. വരദന് -സി.പി.എം
1977 കിട്ടപ്പ നാരായണസ്വാമി -കോണ്‍ഗ്രസ്
1980-82 -ജി. വരദന് -സി.പി.എം
1987 എസ്. സുന്ദരമാണിക്യം -സി.പി.എം
1991, 96, 2001 എ.കെ. മണി -കോണ്‍ഗ്രസ്
2006, 11, 2016 എസ്. രാജേന്ദ്രന് -സി.പി.എം
2016 നിയമസഭ വോട്ടുനില
ആകെ പോള്‍ ചെയ്തത് -117382
എസ്. രാജേന്ദ്രന് -സി.പി.എം -49510
എ.കെ. മണി -കോണ്‍ഗ്രസ് -43728
എം. ധനലക്ഷ്മി -എ.ഐ.എ.ഡി.എം.കെ -11613
എന്‍. ചന്ദ്രന് -ബി.ജെ.പി -9592
ജെ.രാജേശ്വരി -സ്വത. 650
ആര്.രാജേന്ദ്രന് -പിഡി.പി 485
സി.കെ. ഗോവിന്ദന് -സ്വത. 303
കെ. മണികണ്ഠന് -സ്വത. 267
പാണ്ഡിരാജ് -സ്വത.184
കെ.പി. അയ്യപ്പന് -സ്വത.129
നോട്ട -921
ഭൂരിപക്ഷം -5782
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.