മണ്ഡലപരിചയം: പത്തനാപുരം- ഇടതു വലതായ് താരമണ്ഡലം
text_fieldsകഴിഞ്ഞ തെരഞ്ഞെടുപ്പിൽ താരമത്സരം എന്ന അപൂർവതകൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് പത്തനാപുരം. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിരുന്നു മൂന്ന് മുന്നണികൾക്കുവേണ്ടിയും വോട്ടുതേടിയത്.
ജനഹിതം കെ.ബി. ഗണേഷ്കുമാറിനൊപ്പമായി. ജഗദീഷ് എന്ന പി.വി. ജഗദീഷ്കുമാർ കോൺഗ്രസ് ടിക്കറ്റിൽ യു.ഡി.എഫിനുവേണ്ടിയും ഭീമൻ രഘു എന്ന രഘു ദാമോദരൻ ബി.ജെ.പിക്കുവേണ്ടിയും രംഗത്തെത്തിയതോടെ സംസ്ഥാനത്ത് ഏറെ ശ്രദ്ധ ആകർഷിച്ച മത്സരങ്ങളിലൊന്നായിരുന്നു പത്തനാപുരത്തേത്.
യു.ഡി.എഫ് ബന്ധം വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് കേരള കോൺഗ്രസ് -ബി ഗോദയിലിറങ്ങിയെന്ന പ്രത്യേകതയും 2016 ൽ ഉണ്ടായിരുന്നു.
2001 മുതൽ യു.ഡി.എഫുകാരനായി ജയിച്ചിരുന്ന ഗണേഷ്കുമാർ 2016ൽ ഇടതുപക്ഷക്കാരനായി ജയിച്ചതോടെ, ഫലത്തിൽ പത്തനാപുരം അതിെൻറ പഴയ ഇടത് ആഭിമുഖ്യം തിരിച്ചുകൊണ്ടുവരിക കൂടിയായിരുന്നു കഴിഞ്ഞ തവണ.
1957 മുതല് 2011 വരെ നടന്ന തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ 14 തെരഞ്ഞെടുപ്പിൽ ഒമ്പതിലും സി.പി.ഐ സ്ഥാനാർഥികളാണ് വിജയിച്ചത്. 2001 ൽ കേരള കോൺഗ്രസ് -ബിക്കു വേണ്ടി രംഗത്തിറങ്ങിയ കെ.ബി. ഗണേഷ്കുമാറിലൂടെ യു.ഡി.എഫ് മണ്ഡലം പിടിച്ചു.
1991, 1996 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച സി.പി.ഐയിലെ കെ. പ്രകാശ്ബാബുവിനെയാണ് 2001ൽ ഗണേഷ് അട്ടിമറിച്ചത്. 2006ൽ സി.പി.െഎയിലെ കെ.ആർ. ചന്ദ്രമോഹനെയും 2011ൽ സി.പി.എമ്മിലെ കെ. രാജഗോപാലിനെയും തോൽപിച്ചു.
സി.പി.ഐയിലെ രാജഗോപാലൻ നായരാണ് മണ്ഡലത്തിലെ ആദ്യ എം.എൽ.എ (1957). 1960 ൽ ഗണേഷിെൻറ പിതാവ് ആർ. ബാലകൃഷ്ണപിള്ളയിലൂടെ കോൺഗ്രസ് മണ്ഡലം പിടിച്ചു.
1965, 1967,1970, 1977, 1980 തെരഞ്ഞെടുപ്പുകളിൽ വിജയം സി.പി.ഐക്കായി. ഗണേഷ്കുമാർ ഇത്തവണ രംഗത്തിറങ്ങിയാൽ അദ്ദേഹം മത്സരിക്കുക അഞ്ചാം തവണയാകും. സി.പി.ഐയിലെ പി.കെ. രാഘവൻ, ഇ.കെ. പിള്ള, കെ. പ്രകാശ്ബാബു എന്നിവർ രണ്ടു തവണ വീതം മണ്ഡലത്തിൽനിന്ന് എം.എൽ.എമാരായി. ഇടക്കിത് സംവരണ മണ്ഡലവുമായിരുന്നു.
പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം.
മാവേലിക്കര ലോക്സഭ മണ്ഡലത്തിലാണ് പത്തനാപുരം നിയമസഭാ മണ്ഡലം ഉൾപ്പെടുന്നത്. ഒടുവിൽ പുറത്തുവന്ന വോട്ടർപട്ടികയനുസരിച്ച് 181581 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത് (പുരു.-85382, സ്ത്രീ- 96199).
മണ്ഡലത്തിലെ എം.എൽ.എമാർ
1957 - രാജഗോപാലൻ നായർ (സി.പി.ഐ)
1960 - ആർ. ബാലകൃഷ്ണപിള്ള (കോൺ)
1965 - പി.സി. ആദിച്ചൻ (സി.പി.ഐ)
1967 - പി.കെ. രാഘവൻ
(സി.പി.ഐ)
1970 - പി.കെ. രാഘവൻ
(സി.പി.ഐ)
1977 - ഇ.കെ. പിള്ള (സി.പി.ഐ)
1980 - ഇ.കെ. പിള്ള (സി.പി.ഐ)
1982 - എ. ജോർജ് (കേരള കോൺ)
1987 - ഇ. ചന്ദ്രശേഖരൻ നായർ
(സി.പി.ഐ)
1991 - കെ. പ്രകാശ്ബാബു
(സി.പി.ഐ)
1996 - കെ. പ്രകാശ്ബാബു
സി.പി.ഐ)
2001 - കെ.ബി. ഗണേഷ്കുമാർ
(കേരള കോൺ -ബി)
2006 - കെ.ബി. ഗണേഷ്കുമാർ
(കേരള കോൺ -ബി)
2011 - കെ.ബി. ഗണേഷ്കുമാർ
(കേരള കോൺ -ബി)
2016 - കെ.ബി. ഗണേഷ്കുമാർ
(കേരള കോൺ -ബി)
2016 നിയമസഭ
കെ.ബി. ഗണേഷ്കുമാർ
(കേരള കോൺ -ബി) - 74429
പി.വി. ജഗദീഷ്കുമാർ (കോൺ) - 49867
രഘു ദാമോദരൻ (ഭീമൻ രഘു)
(ബി.ജെ.പി) - 11700
ഭൂരിപക്ഷം - 24562
2019 ലോക്സഭ
യു.ഡി.എഫ് - 64244
എൽ.ഡി.എഫ് - 49512
എൻ.ഡി.എ - 15495
2020 തദ്ദേശീയം
എൽ.ഡി.എഫ് - 57580
യു.ഡി.എഫ് - 51052
എൻ.ഡി.എ - 24707
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.