മണ്ഡലപരിചയം- വലതിന്റെ 'ഇരിക്കൂർ' കോട്ട
text_fieldsശ്രീകണ്ഠപുരം: കുടിയേറ്റ കർഷക മണ്ണായ ഇരിക്കൂർ നിയോജക മണ്ഡലം വലതുപക്ഷത്തിെൻറ ഉരുക്കു കോട്ടയാണ്. ഇ.കെ. നായനാരെ വിജയിപ്പിച്ച പരമ്പര്യമുള്ള ഇരിക്കൂർ പിന്നീട് വലതിെൻറ കുത്തകയായി വഴിമാറുകയായിരുന്നു. ആവർത്തിക്കുന്ന വലതുവിജയ ചരിത്രത്തിന് പിന്നീടിങ്ങോട്ട് മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ 39 വർഷമായി കോൺഗ്രസിലെ കെ.സി. ജോസഫാണ് ഇരിക്കൂറിെൻറ ജനപ്രതിനിധി. ഇത്തവണ കെ.സി. ജോസഫ് മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, കോൺഗ്രസിലെ സകല ഗ്രൂപ്പുകാരും സ്ഥാനാർഥിയാവാൻ കളിയടവുകൾ പയറ്റി രംഗത്തിറങ്ങിക്കഴിഞ്ഞു.
എ ഗ്രൂപ്പിനുതന്നെ ഇരിക്കൂർ സീറ്റ് വേണമെന്ന് പ്രഖ്യാപിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കാനാണ് അവരുടെ നീക്കം. കെ. പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനായി മൂന്നാം ഗ്രൂപ്പും ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യുവിന് വേണ്ടിയും ചിലർ രംഗത്തുണ്ട്. കെ.സി. ജോസഫില്ലാത്ത ഇരിക്കൂർ പിടിച്ച് തനിയാവർത്തനത്തിന് തടയിടാനാവുമോയെന്നാണ് ഇടതുപക്ഷത്തിെൻറ ആലോചന. പഴയ ഇരിക്കൂർ മണ്ഡലത്തിെൻറ രൂപം പല തവണ മാറിയാണ് ഇന്നത്തെ നിലയിലെത്തിയത്.
1964,76, 2005 വർഷങ്ങളിലാണ് മണ്ഡല പുനർനിർണയം നടന്നത്. സി.പി.ഐക്ക് വേണ്ടി മാടായിയിലും സി.പി.എമ്മിനുവേണ്ടി തലശ്ശേരിയിലും മത്സരിച്ചു ജയിച്ച കമ്യൂണിസ്റ്റ് നേതാവ് കെ.പി.ആർ. ഗോപാലൻ ബോൾഷെവിക്ക് രൂപവത്കരണ ശേഷം 1970ൽ ഇരിക്കൂറിൽ മത്സരിച്ച് തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ, 1974ലെ ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ. നായനാർ ഇവിടെ മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തിയത് മറ്റൊരു ചരിത്രം.
ആർ.എസ്.പിയിലെ അബ്ദുൽ ഖാദറിനെ 1822 വോട്ടിനാണ് നായനാർ തോൽപിച്ചത്. മണ്ഡല ചരിത്രത്തിൽ സി.പി.എം സ്ഥാനാർഥി ജയിച്ച അവസാന മത്സരവും ഇതായിരുന്നു. മുഖം മാറിയ ഇരിക്കൂറിൽ 1977ൽ നടന്ന മത്സരത്തിൽ കന്നിയങ്കത്തിൽ കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാർ എതിരാളി സെബാസ്റ്റ്യനെ മുട്ടുകുത്തിച്ചു. ഇതോടെ ഇരിക്കൂറിെൻറ വലതുചായ്വ് പ്രകടമായി. എന്നാൽ, '79ൽ കോൺഗ്രസ് എ ഗ്രൂപ്പിെൻറ പിന്തുണയിൽ കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി എതിരാളിയായ കോൺഗ്രസിലെ ഡോ.കെ.സി. ജോസഫിനെ തോൽപിച്ച് നിയമസഭയിലെത്തിയപ്പോൾ വിജയം ഇടതിെൻറ പട്ടികയിലായി.
1982ൽ കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്നുംവന്ന് കുടിയേറ്റ മനസ്സ് കീഴടക്കി ഇരിക്കൂറിൽ അങ്കം പയറ്റാനിറങ്ങിയ കോൺഗ്രസിലെ കെ.സി. ജോസഫിന് നാളിതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നില്ലെന്നത് മറ്റൊരു ചരിത്രം. വലതിെൻറ തനിയാവർത്തന വിജയ ചരിത്രമായിരുന്നു പിന്നീട് കണ്ടത്. ഇദ്ദേഹം പലതവണ എം.എൽ.എയും മന്ത്രിയുമൊക്കെയായി. കോൺഗ്രസിലെ അസൂയാലുക്കളെല്ലാം ഒളിഞ്ഞും തെളിഞ്ഞും കളികൾ പയറ്റിയിട്ടും ഒടുവിൽ അവരെല്ലാം കെ.സിയുടെ സ്വന്തക്കാരായി മാറുകയായിരുന്നു.
യു.ഡി.എഫിന് ഇരിക്കൂർ എന്നും പ്രത്യാശയും സന്തോഷവും നൽകുമ്പോൾ ഇടതുപാളയത്തിൽ കണക്കുകൂട്ടലുകൾ പിഴക്കുമെന്നതിനാൽ നിയമസഭയിലേക്ക് സ്ഥാനാർഥിയാകുന്നവർ അത്ര സന്തോഷിക്കാറേയില്ല. 1982ൽ കന്നിയങ്കത്തിൽ ജനതാദളിലെ എസ്.കെ. മാധവനെ മലർത്തിയടിച്ചാണ് കെ.സി. ജോസഫ് കോൺഗ്രസിെൻറ വിജയ ചരിത്രം രചിച്ചുതുടങ്ങിയത്. 1987ൽ സി.പി.എമ്മിലെ തീപ്പൊരി നേതാവായ ജെയിംസ് മാത്യുവിനെയിറക്കി പൂഴിക്കടകൻ പയറ്റിയെങ്കിലും കനത്ത മത്സരത്തിനൊടുവിലും വിജയം ജോസഫിന് തന്നെയായിരുന്നു.
1991ൽ കേരള കോൺഗ്രസിലെ ജോർജ് സെബാസ്റ്റ്യനെയും 1996ൽ കേരള കോൺഗ്രസിലെ അഡ്വ.എ.ജെ. ജോസഫിനെയും 2001ൽ ഇടതു സ്വതന്ത്ര മേഴ്സി ജോണിനെയും തകർത്തെറിഞ്ഞ് കെ.സി. ജോസഫ് മുന്നേറി. 2006ൽ വീണ്ടും സി.പി.എമ്മിലെ ജെയിംസ് മാത്യു എതിരാളിയായി വന്നപ്പോൾ അങ്കത്തിന് വീറും വാശിയും ഇരട്ടിയായിരുന്നു. ഒരുവേള കാലിടറുമോയെന്ന ഭീതി പോലും കെ.സി. ജോസഫിനും വലതുപക്ഷത്തിനും ഉണ്ടായെങ്കിലും ഫലം വന്നപ്പോൾ 1500ൽ താഴെ മാത്രം ഭൂരിപക്ഷത്തിന് കെ.സി വിജയിച്ചു.
2011ൽ സി.പി.ഐ കണ്ണൂർ ജില്ല സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാറിനെ 11,757 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കെ.സി. ജോസഫ് തോൽപിച്ചത്. 2016ൽ സി.പി.ഐയിലെ തന്നെ കെ.ടി. ജോസിനെ രംഗത്തിറക്കിയപ്പോൾ 9,816 വോട്ടിെൻറ ഭൂരിപക്ഷത്തിന് കെ.സി ജയിച്ചു. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 17,895 വോട്ടിെൻറ ലീഡ് ഇരിക്കൂറിൽ യു.ഡി.എഫിന് കിട്ടിയിരുന്നു.
ശ്രീകണ്ഠപുരം നഗരസഭയും എട്ട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഇരിക്കൂർ മണ്ഡലം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കെ.സുധാകരന് 37,320 വോട്ടിെൻറ ഭൂരിപക്ഷമാണ് ഇരിക്കൂർ നൽകിയത്. പല തവണ മുല്ലപ്പളളി രാമചന്ദ്രനെയും എ.പി. അബ്ദുല്ലക്കുട്ടിയെയും കണ്ണൂരിെൻറ എം.പിമാരാക്കിയതിലും ഇരിക്കൂറിെൻറ പങ്ക് ശ്രദ്ധേയമായിരുന്നു.
എങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മണ്ഡലത്തിൽ വലതുപക്ഷത്തിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. അതിന് കാരണക്കാർ അവർ തന്നെയാണ്. കോൺഗ്രസിലെ ഗ്രൂപ്പിസവും കാലുവാരലും കാരണം, കാൽനൂറ്റാണ്ടിലേറെക്കാലം ഭരിച്ച ചില പഞ്ചായത്തുകൾ ഇടതിന് ലഭിച്ചു.
ഇരിക്കൂർ എന്ന വലതുകോട്ടയിൽ പയ്യാവൂരും നടുവിലും ഉദയഗിരിയുമടക്കം നഷ്ടപ്പെടുത്തിയ കോൺഗ്രസിനെതിരെ മുസ്ലിം ലീഗടക്കമുള്ള ഘടകകക്ഷികൾ രംഗത്തുവന്നു. പയ്യാവൂരും ഉദയഗിരിയും തെരഞ്ഞെടുപ്പിനുമുേമ്പ ഗ്രൂപ് കളിച്ച് ഇടതുപാളയത്തിലെത്തിച്ചതാണെങ്കിൽ നടുവിലിൽ ഭരണം കിട്ടിയ ശേഷം പ്രസിഡൻറ് പദവിയെച്ചൊല്ലി എ, ഐ ഗ്രൂപ് തമ്മിലടിയെത്തുടർന്നാണ് ഇടതുപക്ഷത്തിന് ഭരണം സമ്മാനിച്ചത്.
സ്ഥിതി വിവരം
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിലെ ശ്രീകണ്ഠപുരം നഗരസഭയും ചെങ്ങളായി, ഇരിക്കൂർ, ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഇരിക്കൂർ മണ്ഡലം. ഇതിൽ ശ്രീകണ്ഠപുരം നഗരസഭയും ചെങ്ങളായി ഒഴികെയുള്ള ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. ആകെ വോട്ടർമാർ 1,88,416.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.