കൂത്തുപറമ്പ്: പ്രമുഖരുടെ പോർക്കളം
text_fieldsകണ്ണൂർ: പ്രമുഖരെ ജയിപ്പിച്ച കഥകളാണ് കൂത്തുപറമ്പ് മണ്ഡലത്തിന് പറയാനുള്ളത്. മുതിർന്ന നേതാക്കളായ പിണറായി വിജയൻ, എം.വി. രാഘവൻ, എൽ.ഡി.എഫ് കൺവീനറായിരുന്ന പി.വി. കുഞ്ഞിക്കണ്ണൻ, കെ.കെ. ശൈലജ, രാഷ്ട്രീയത്തിലെ അതികായൻ പി.ആർ. കുറുപ്പ്, പി. ജയരാജൻ, കെ.പി. മോഹനൻ, കെ.കെ. അബു, കെ.പി. മമ്മു മാസ്റ്റർ എന്നിവരാണ് ഇതുവരെയായി ഇവിടെനിന്ന് നിയമസഭയിലെത്തിയത്.
അതിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി. കെ.കെ. ശൈലജ നിലവിൽ ആരോഗ്യ മന്ത്രിയാണ്. കെ.പി. മോഹനൻ കഴിഞ്ഞ സർക്കാറിൽ കൃഷി മന്ത്രിയുമായിരുന്നു. കൂത്തുപറമ്പിൽ തുടങ്ങി പെരിങ്ങളം വഴി നിയമസഭയിലെത്തിയ പി.ആർ. കുറുപ്പും മന്ത്രിയായിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പുമുതൽ ഇൗ മണ്ഡലം നിലവിലുണ്ട്. പിന്നീട് പെരിങ്ങളം മണ്ഡലം രൂപവത്കരിച്ചതും ഒഴിവാക്കിയതുമെല്ലാം ഈ മണ്ഡലത്തിെൻറ രൂപത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നുമാത്രം. 1957ലും '60ലും ഇവിടെ നിന്ന് ജയിച്ചത് പി.എസ്.പി സ്ഥാനാർഥിയായ പി.ആർ. കുറുപ്പായിരുന്നു. '57ൽ സി.പി.ഐയിലെ പി.കെ. മാധവനും '60ൽ സ്വതന്ത്രനായ കെ.കെ. അബുവുമായിരുന്നു എതിരാളികൾ.
'57ൽ പി.ആർ. കുറുപ്പിന് 21,540 വോട്ടുകൾ കിട്ടിയപ്പോൾ പി.കെ. മാധവന് 14,858 വോട്ടുകളാണ് ലഭിച്ചത്. ഭൂരിപക്ഷം 6682. '60ൽ പി.ആർ. കുറുപ്പിെൻറ ഭൂരിപക്ഷം 23,647 ആയി ഉയർന്നു. പി.ആർ. കുറുപ്പിന് 42,338 വോട്ടുകൾ ലഭിച്ചപ്പോൾ എതിരാളി സ്വതന്ത്രനായി മത്സരിച്ച കെ.കെ. അബുവിന് 18,691 വോട്ടുകളും കിട്ടി.
1965ൽ കെ.കെ. അബുവാണ് ഇവിടെ നിന്നു ജയിച്ചത്. '60ൽ പി.ആർ. കുറുപ്പിനെതിരെ സ്വതന്ത്രനായി മത്സരിച്ച അബു, പി.ആർ. കുറുപ്പിെൻറ പാർട്ടിയായിരുന്ന സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായാണ് മത്സരിച്ചത്.
അദ്ദേഹത്തിന് 26,498 വോട്ട് കിട്ടി. എതിരാളി കോൺഗ്രസിലെ എം.പി. മൊയ്തു ഹാജിക്ക് 20416 വോട്ടും ലഭിച്ചു. 6082 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കെ.കെ. അബു ജയിച്ചത്. 1967ലും കെ.കെ. അബു വിജയം ആവർത്തിച്ചു. അദ്ദേഹത്തിന് 28,449 വോട്ട് കിട്ടിയപ്പോൾ എതിരാളി കോൺഗ്രസിലെ എം.കെ. കൃഷ്ണന് 17,797 വോട്ടുകൾ ലഭിച്ചു. അബുവിെൻറ ഭൂരിപക്ഷം 10652 ആയി ഉയർന്നു.
എന്നാൽ, 1970ൽ പിണറായി വിജയെൻറ വരവോടെ കൂത്തുപറമ്പിെൻറ രാഷ്ട്രീയ ചരിത്രം മെറ്റാരു ദിശയിലേക്ക് മാറി. പി.എസ്.പി സ്ഥാനാർഥി തായത്ത് രാഘവനോട് 743 വോട്ടിെൻറ ഭൂരിപക്ഷത്തിൽ പിണറായി വിജയിച്ചതു മുതൽ 2006വരെ മണ്ഡലത്തിൽനിന്ന് സി.പി.എം സ്ഥാനാർഥികൾ മാത്രമാണ് ജയിച്ചു കയറിയത്. '70ൽ പിണറായിക്ക് 28281 വോട്ടും തായത്ത് രാഘവന് 27538 വോട്ടും ലഭിച്ചു. '77ലും '90ലും പിണറായി തന്നെ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചു.
'77ൽ പിണറായി 34465 വോട്ട് നേടിയപ്പോൾ എതിരാളി ആർ.എസ്.പിയിലെ കെ. അബ്ദുൽ ഖാദറിന് 30064 വോട്ടും കിട്ടി. 4401 വോട്ടിെൻറ ഭൂരിപക്ഷം പിണറായി വിജയന് കിട്ടി.
1980ൽ എം.വി. രാഘവനെയാണ് സി.പി.എം രംഗത്തിറക്കിയത്. അദ്ദേഹത്തിന് 44207 വോട്ട് കിട്ടി. എതിരാളി സ്വതന്ത്രൻ ആർ. കരുണാകരന് 22556 വോട്ടാണ് കിട്ടിയത്. 21651 വോട്ടിെൻറ ഭൂരിപക്ഷം രാഘവന് നേടാനായി. '82ൽ എൽ.ഡി.എഫ് കൺവീനർ പി.വി. കുഞ്ഞിക്കണ്ണനായിരുന്നു മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി.
അദ്ദേഹത്തിന് 42111 വോട്ടു കിട്ടിയപ്പോൾ എതിരാളി കേരള കോൺഗ്രസിലെ സി.എം. മണിക്ക് 26648 വോട്ടുകിട്ടി. പി.വി. കുഞ്ഞിക്കണ്ണന് 15463 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചു. '87ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.പി. മമ്മു മാസ്റ്ററും കോൺഗ്രസിലെ പി. രാമകൃഷ്ണനുമായിരുന്നു ഏറ്റുമുട്ടിയത്.
മമ്മുമാസ്റ്റർക്ക് 47734 വോട്ട് കിട്ടിയപ്പോൾ പി. രാമകൃഷ്ണന് 38771 വോട്ട് ലഭിച്ചു. 8963 വോട്ടിെൻറ ഭൂരിപക്ഷമാണ് കെ.പി. മമ്മുമാസ്റ്റർക്ക് കിട്ടിയത്. ബി.ജെ.പിയുടെ രംഗ പ്രവേശം മണ്ഡലത്തിൽ ഉണ്ടായത് ഈ തെരെഞ്ഞടുപ്പോടെയായിരുന്നു. സി.കെ. പത്മനാഭനായിരുന്നു ബി.ജെ.പി സ്ഥാനാർഥി. അദ്ദേഹത്തിന് 5844 വോട്ട് നേടാനായി.
രണ്ട് തെരഞ്ഞെടുപ്പിെൻറ ഇടവേളക്കുശേഷം '91ൽ പിണറായി വിജയൻ വീണ്ടും ജനവിധി തേടി ഇവിടെയെത്തി. കോൺഗ്രസിലെ പി. രാമകൃഷ്ണൻ തന്നെയായിരുന്നു എതിരാളി. പിണറായിക്ക് 58842 വോട്ടും പി. രാമകൃഷ്ണന് 45782 വോട്ടും കിട്ടി. ബി.ജെ.പി സ്ഥാനാർഥി എടക്കാട് പ്രേമരാജന് 4986 വോട്ടും കിട്ടി.
'96ൽ കെ.കെ. ൈശലജയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസിലെ എം.പി. കൃഷ്ണൻ നായരും ബി.ജെ.പിയിലെ ഒ.കെ. വാസു മാസ്റ്ററുമായിരുന്നു എതിർ സ്ഥാനാർഥികൾ. ശൈലജക്ക് 61519 വോട്ട് കിട്ടിയപ്പോൾ എം.പി. കൃഷ്ണൻ നായർക്ക് 42526 ഉം ഒ.കെ. വാസു മാസ്റ്റർക്ക് 6001 വോട്ടും കിട്ടി. 18993 വോട്ടാണ് ശൈലജക്ക് കിട്ടിയ ഭൂരിപക്ഷം.
2001ലും 2005ലെ ഉപതെരഞ്ഞെടുപ്പിലും 2006ലും പി. ജയരാജനായിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 2001ൽ പി. ജയരാജന് 71240 വോട്ട് കിട്ടിയപ്പോൾ എതിരാളി കോൺഗ്രസിലെ കെ. പ്രഭാകരന് 52620 വോട്ട് കിട്ടി.
18620 വോട്ടായിരുന്നു ഭൂരിപക്ഷം. 2005ലെ ഉപതെരഞ്ഞെടുപ്പിൽ 2001ൽ കിട്ടിയ ഭൂരിപക്ഷത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിനാണ് (45425) പി. ജയരാജൻ ജയിച്ചത്. 2001ലെ എതിരാളി കെ. പ്രഭാകരൻ തന്നെയായിരുന്നു ഇത്തവണയും എതിരാളി. 2006ൽ 78246 വോട്ടാണ് പി. ജയരാജന് കിട്ടിയത്. എതിർ സ്ഥാനാർഥി കോൺഗ്രസിലെ അഡ്വ. സജീവ് ജോസഫിന് 39919 വോട്ടും കിട്ടി. പി. ജയരാജെൻറ ഭൂരിപക്ഷം 38327.
സി.പി.എമ്മിെൻറയും എൽ.ഡി.എഫിെൻറയും കുതിപ്പിന് കെ.പി. മോഹനനാണ് താൽക്കാലികമായെങ്കിലും തടയിട്ടത്. '70നുശേഷം സി.പി.എം സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാത്ത തെരഞ്ഞെടുപ്പുകൂടിയായിരുന്നു 2011ലേത്. യു.ഡി.എഫ് സ്ഥാനാർഥി കെ.പി. മോഹനനെതിരെ എൽ.ഡി.എഫിനുവേണ്ടി മത്സരിച്ചത് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറായിരുന്ന എസ്.എ പുതിയ വളപ്പിലായിരുന്നു.
ജനവിധി കെ.പി. മോഹനന് അനുകൂലമായിരുന്നു. 3303 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.പി. മോഹനൻ ജയിച്ചത്. അദ്ദേഹത്തിന് 57164 വോട്ട് കിട്ടിയപ്പോൾ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച എസ്.എ പുതിയ വളപ്പിലിന് 53861 വോട്ടാണ് കിട്ടിയത്. കെ.പി. മോഹനൻ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി.
2016ൽ കെ.കെ. ശൈലജയിലൂടെ സി.പി.എമ്മും എൽ.ഡി.എഫും മണ്ഡലം തിരിച്ചുപിടിച്ചു. രണ്ടാമതും രംഗത്തിറങ്ങിയ കെ.പി. മോഹനനെ തോൽപിച്ചാണ് കെ.കെ. ശൈലജ എൽ.ഡി.എഫ് സർക്കാറിൽ ആരോഗ്യ മന്ത്രിയായത്. കെ.കെ. ശൈലജക്ക് 67013 വോട്ടും കെ.പി. മോഹനന് 54722 വോട്ടും കിട്ടി. ബി.ജെ.പി സ്ഥാനാർഥി സി. സദാനന്ദൻ മാസ്റ്റർക്ക് 20787 വോട്ട് നേടാനായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം കെ.പി. മോഹനെൻറ എൽ.ജെ.ഡി എൽ.ഡി.എഫിെൻറ ഭാഗമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പഴയ പെരിങ്ങളം മണ്ഡലത്തിെൻറ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന കൂത്തുപറമ്പ് മണ്ഡലത്തിൽ കെ.പി. മോഹനൻ തന്നെ ഇത്തവണ സ്ഥാനാർഥിയാകാനുള്ള സാധ്യതയുണ്ട്. ഇതിെൻറ ഭാഗമായിട്ടാകാം മട്ടന്നൂരിൽ കെ.കെ. ശൈലജയുടെ പേര് പറഞ്ഞുകേൾക്കുന്നത്.
മണ്ഡല സ്ഥിതിവിവരം
രാഷ്ട്രീയ പോരാട്ടങ്ങൾക്ക് പേരുകേട്ട ഭൂമിയാണ് കൂത്തുപറമ്പ് മണ്ഡലം. ആദ്യ തെരഞ്ഞെടുപ്പോടെ തന്നെ ഈ മണ്ഡലം നിലവിൽ വന്നിരുന്നു. 1965ൽ മണ്ഡലം പുനർവിഭജനത്തോടെ പെരിങ്ങളവും നിലവിൽ വന്നു.
എന്നാൽ, 2011ലെ െതരഞ്ഞെടുപ്പോടെ പെരിങ്ങളം അപ്രത്യക്ഷമായി. ഇതിെൻറ പ്രധാന നഗരമായ പാനൂർ ഉൾപ്പെടെ കൂത്തുപറമ്പിെൻറ ഭാഗമായി. കൂത്തുപറമ്പ്, പാനൂർ നഗരസഭകളും തലശ്ശേരി താലൂക്കിലെ കോട്ടയം മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളും അടങ്ങിയതാണ് കൂത്തുപറമ്പ് മണ്ഡലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.