മണ്ഡലപരിചയം- പൊന്നുംവിലയുള്ള 'കൊടുവള്ളി'
text_fieldsകോഴിക്കോട്: സ്വർണത്തിെൻറ നാടായാണ് കൊടുവള്ളി അറിയപ്പെടുന്നത്. സ്വർണം പോലെയാണ് ഇവിടത്തെ രാഷ്ട്രീയാവസ്ഥയും. ചിലപ്പോൾ വില മേലോട്ട് കുതിക്കും. ചിലപ്പോൾ പറ്റെ കുറയും. ചിലപ്പോഴെങ്കിലും കൂപ്പുകുത്തും. വോട്ടിെൻറ കാര്യത്തിൽ മാറിമറിയലും അട്ടിമറിയും ആവർത്തിക്കുകയാണ് മണ്ഡലത്തിൽ. പൊന്നിൽ കുളിച്ച രാഷ്ട്രീയവിവാദങ്ങളുടെയും മണ്ഡലമാണിത്.
ലീഗിെൻറ ഉറച്ച കോട്ട എന്നൊക്കെ കൊടുവള്ളിയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും അതിൽ വലിയ വാസ്തവമില്ലെന്ന് വോട്ട് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും. 1987ലും '91ലുമൊക്കെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് സ്ഥാനാർഥി 'ജസ്റ്റ് പാസായ' ചരിത്രമാണ് കൊടുവള്ളിയുടേത്. '91ൽ മുസ്ലിം ലീഗിലെ പി.വി. മുഹമ്മദ് എതിർ സ്ഥാനാർഥി ജനതാദളിലെ സി. മുഹ്സിനെ തോൽപിച്ചത് വെറും 398 വോട്ടിന്.
'96ൽ മുസ്ലിം ലീഗിലെ സി. മോയിൻകുട്ടി എതിർ സ്ഥാനാർഥി സി. മുഹ്സിനെ തോൽപിച്ചത് വെറും 94 വോട്ടിന്. 2006 ൽ മുസ്ലിംലീഗിൽ നിന്ന് ഇടതു പാളയത്തിലേക്ക് കൂടുമാറിയ പി.ടി.എ. റഹീമിലൂടെയും 2016ൽ സമാനരീതിയിൽ കാരാട്ട് റസാഖിലൂടെയും മണ്ഡലം അട്ടിമറിക്കാൻ എൽ.ഡി.എഫിന് സാധിച്ചു. മണ്ഡലം അനുകൂലമായി പുനഃസംഘടിപ്പിച്ചിട്ടുപോലും ലീഗ് വിമതൻ ജയിച്ചു. രാഷ്ട്രീയ വോട്ടുകൾക്ക് ദൃഢതയില്ലയിവിടെ.
എന്നാൽ, മണ്ഡലം ഉൾക്കൊള്ളുന്ന ആറ് തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് യു.ഡി.എഫ് ആണ്. കൊടുവള്ളി മുനിസിപ്പാലിറ്റി, മടവൂർ, നരിക്കുനി, ഓമേശ്ശരി, കിഴേക്കാത്ത്, താമരേശ്ശരി, കട്ടിപ്പാറ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നിയോജകമണ്ഡലം. മുസ്ലിം ലീഗ് തന്നെയാണ് പ്രബല കക്ഷി. ലോക്സഭ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവന് മണ്ഡലത്തിൽ 35,908 വോട്ടിെൻറ ഭൂരിപക്ഷമുണ്ട്.
2006ലെയും 2016ലെയും അട്ടിമറികൾക്കു ശേഷവും കൊടുവള്ളി ആർക്കും എളുപ്പമല്ല. അടുത്ത തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറ (യു.ഡി.എഫ്) സ്ഥാനാർഥി ആരാവുമെന്നത് വളരെ പ്രധാനപ്പെട്ട ഘടകമാവും. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട മുസ്ലിം ലീഗിലെ എം.എ. റസാഖ്് മാസ്റ്റർ, വി.എം. ഉമ്മർ മാസ്റ്റർ തുടങ്ങിയവരെ ചുറ്റിപ്പറ്റിയാണ് ലീഗിലെ സ്ഥാനാർഥി ചർച്ച. എം.കെ. മുനീർ സുരക്ഷിതത്വം തേടി കൊടുവള്ളിയിൽ മത്സരിക്കാൻ താൽപര്യം കാട്ടിയെങ്കിലും ഇങ്ങോട്ട് വേരണ്ടെന്ന് ലീഗ് പച്ചക്ക് പറഞ്ഞു. ഇവിടെ തന്നെ സ്ഥാനാർഥികളുണ്ട് എന്നാണ് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ പാർട്ടിയെ അറിയിച്ചത്. പ്രാദേശിക ഘടകത്തിെൻറ വികാരം മാനിച്ചില്ലെങ്കിൽ 2006 ആവർത്തിക്കുമെന്ന പേടി നേതൃത്വത്തിനുമുണ്ട്.
ലീഗിലെ പ്രമുഖർ പയറ്റിയ മണ്ഡലമാണ് കൊടുവള്ളി. 1957ലും '60ലും മാത്രമാണ് മണ്ഡലം കോൺഗ്രസിന് കിട്ടിയത്. എം. ഗോപാലൻകുട്ടിനായരായിരുന്നു കൊടുവള്ളിയുടെ ആദ്യ രണ്ട് ടേമിലെ എം.എൽ.എ. പിന്നീട് 1965ലും '67ലും '70ലും കൊടുവള്ളി കുന്ദമംഗലം മണ്ഡലത്തിെൻറ ഭാഗമായിരുന്നു. 1977 മുതൽ വീണ്ടും മണ്ഡലം നിലവിൽവന്നു. 1977ൽ ഇ. അഹമ്മദ്, '80 ലും '82 ലും '91 ലും പി.വി. മുഹമ്മദ്, '87ൽ പി.എം. അബൂബക്കർ, '96 ൽ സി. മോയിൻകുട്ടി, 2001 ൽ സി. മമ്മുട്ടി, 2011ൽ വി.എം. ഉമ്മർമാസ്റ്റർ എന്നിവർ ലീഗ് സ്ഥാനാർഥികളായി ജയിച്ചു.
2011 ൽ മണ്ഡലം പുനഃസംഘടനക്ക് വിധേയമായി. കാക്കൂർ, കക്കോടി, ചേളന്നൂർ, ഉണ്ണികുളം പഞ്ചായത്തുകൾ നേരത്തേ കൊടുവള്ളി നിയോജകമണ്ഡലത്തിെൻറ ഭാഗമായിരുന്നു. 2011 ൽ ഇവ മാറി. ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നിവ മണ്ഡലത്തിെൻറ ഭാഗമായി വരുകയും ചെയ്തു.
മത-സാമുദായിക കക്ഷികൾക്ക് സ്വാധീനമുള്ള മണ്ഡലമാണിത്. ബി.ജെ.പിക്കും ക്രമാനുഗതമായ വളർച്ച മണ്ഡലത്തിലുണ്ട്. വികസനകാര്യത്തിൽ കഴിഞ്ഞ സർക്കാർ പ്രേത്യക ശ്രദ്ധകൊടുത്ത മണ്ഡലമാണ് കൊടുവള്ളി. വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും വൈദ്യുതി, റോഡ് വികസനത്തിലും വലിയ കുതിപ്പുണ്ടായിട്ടുണ്ട്. ഇടതു സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് തന്നെയാവും എൽ.ഡി.എഫ് സ്ഥാനാർഥി എന്നാണ് അദ്ദേഹം തന്നെ വ്യക്തമാക്കിയത്. കൊടുവള്ളിയുടെ പിടിവിടാതിരിക്കാൻ എൽ.ഡി.എഫിന് മറ്റൊരു 'നിവൃത്തി' ഇല്ല എന്ന വിലയിരുത്തലുമുണ്ട്.
എം.എൽ.എമാർ ഇതുവരെ
1957,1960
എം. ഗോപാലൻകുട്ടി നായർ (കോൺ.)
1977 ഇ. അഹമ്മദ്
1980,'82 പി.വി. മുഹമ്മദ്
1987 പി.എം. അബൂബക്കർ
1991 പി.വി. മുഹമ്മദ്
1996 സി. മോയിൻകുട്ടി
2001 സി. മമ്മുട്ടി
2006 പി.ടി.എ. റഹീം
2011 വി.എം. ഉമ്മർ മാസ്റ്റർ
2016 കാരാട്ട് റസാഖ്
2016 –നിയമസഭ തെരഞ്ഞെടുപ്പ്
കാരാട്ട് റസാഖ് (എൽ.ഡി.എഫ് സ്വത.) 61,033 (44.42 ശതമാനം)
എം.എ. റസാഖ് മാസ്റ്റർ 60,460
(44.01ശതമാനം)
അലി അക്ബർ (ബി.ജെ.പി)
11,537 (8.40 ശതമാനം)
ഭൂരിപക്ഷം: 573
2021– തദ്ദേശ തെരഞ്ഞെടുപ്പ്
കൊടുവള്ളി മുനിസിപ്പാലിറ്റി
(യു.ഡി.എഫ്)
മടവൂർ പഞ്ചായത്ത് (യു.ഡി.എഫ്)
നരിക്കുനി പഞ്ചായത്ത് (യു.ഡി.എഫ്)
ഓമേശ്ശരി പഞ്ചായത്ത് (യു.ഡി.എഫ്)
കിഴക്കോത്ത് പഞ്ചായത്ത് (യു.ഡി.എഫ്)
താമരശ്ശേരി പഞ്ചായത്ത് (യു.ഡി.എഫ്)
കട്ടിപ്പാറ പഞ്ചായത്ത് (യു.ഡി.എഫ്)
2019 –ലോക്സഭ തെരഞ്ഞെടുപ്പ്
യു.ഡി.എഫ്: 81,689
എൽ.ഡി.എഫ്: 45,781
എൻ.ഡി.എ: 11,682
എം.കെ. രാഘവെൻറ ഭൂരിപക്ഷം: 35,908
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.