ഉദുമ: പോരാടാനുറച്ച് ഇടതും വലതും
text_fieldsഉദുമ: പിടിവിട്ട മണ്ഡലം പിടിച്ചെടുക്കാൻ യു.ഡി.എഫ് ഉദുമയിൽ കളത്തിലിറങ്ങുമ്പോൾ കൈയിൽ കിട്ടിയ മണ്ഡലം നിലനിർത്താനുള്ള തത്രപ്പാടാണ് ഇടതിന്. കഴിഞ്ഞ ആറുതവണ ഇടതിനെ തുണച്ച ഉദുമ മണ്ഡലം ഓരോ പ്രാവശ്യവും ഭൂരിപക്ഷത്തിെൻറ വൻ ഇടിവോടെയാണ് സി.പി.എം ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്.
കാസർകോട് താലൂക്കിലെ ദേലംപാടി, ചെമ്മനാട്, ബേഡഡുക്ക, മുളിയാര്, കുറ്റിക്കോല് എന്നീ ഗ്രാമ പഞ്ചായത്തുകളും ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ഉദുമ മണ്ഡലം.
1977ൽ ഈ മണ്ഡലം നിലവിൽവരുമ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചുവന്നത് കോൺഗ്രസിെൻറ എൻ.കെ. ബാലകൃഷ്ണൻ ആയിരുന്നു. 1980ൽ കെ. പുരുഷോത്തമനിലൂടെ ഉദുമ മണ്ഡലം സി.പി.എം കൈയടക്കി. തുടർന്ന് കോൺഗ്രസിൽ നിന്നും കൂടുമാറിവന്ന എം. കുഞ്ഞിരാമൻ നമ്പ്യാർ ഇടതുപക്ഷത്തോട് ചേർന്ന് മത്സരിച്ച് മണ്ഡലം നിലനിർത്തി.
1984ൽ കോൺഗ്രസിലേക്ക് തിരിച്ചുപോയ കുഞ്ഞിരാമൻ നമ്പ്യാർ എം.എൽ.എ സ്ഥാനം രാജിെവച്ചു. 1985ൽ കെ. പുരുഷോത്തമനിലൂടെ സി.പി.എം വീണ്ടും സ്വാധീനം തെളിയിച്ചു. എന്നാൽ, 1987ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ച് 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ. പുരുഷോത്തമനെ പരാജയപ്പെടുത്തി കോൺഗ്രസിെൻറ കെ.പി. കുഞ്ഞിക്കണ്ണൻ ജയിച്ചു കയറി.
1991ല് പി. രാഘവനിലൂടെ സി.പി.എം ഉദുമ മണ്ഡലം കോൺഗ്രസിലെ കെ.പി. കുഞ്ഞിക്കണ്ണനിൽനിന്നും തിരിച്ചുപിടിച്ചതിനുശേഷം ഒരിക്കൽ പോലും സി.പി.എമ്മിന് മണ്ഡലത്തിൽ പരാജയം രുചിക്കേണ്ടിവന്നിട്ടില്ല.
തുടർന്ന് 1996ൽ, പി. രാഘവൻതന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2001, 2006 വർഷങ്ങളിൽ സി.പി.എമ്മിലെതന്നെ കെ. വി. കുഞ്ഞിരാമനിലൂടെ മണ്ഡലം സി.പി.എം നിലനിർത്തിയപ്പോൾ 2011ലും '16ലും കെ. കുഞ്ഞിരാമനെ നിർത്തി സി.പി.എം വീണ്ടും കരുത്തു തെളിയിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും ഉദുമയിൽ ബി.ജെ.പിക്ക് കാര്യമായ വോട്ടുബാങ്ക് അടുത്തകാലത്തായി രൂപപ്പെട്ടുവരുന്നതായി കാണാം. കാസർകോട് ജില്ലയിൽ പൊതുവേയുള്ള ബി.ജെ.പി അനുകൂല ഒഴുക്കുകൾ ഇവിടെയും ദൃശ്യമാണ്.
ഉദുമയിലെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന കെ. കുഞ്ഞിരാമനെ എതിരിട്ട് മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ. സുധാകരനെയാണ് കഴിഞ്ഞതവണ ഇറക്കിയത്. 3698 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞിരാമൻ ജയിച്ചു കയറിയത്.
ഈ ഭൂരിപക്ഷം ഇനിയും കുറച്ച് മണ്ഡലം പിടിച്ചെടുക്കാനാണ് ഇത്തവണ യു.ഡി.എഫ് ശ്രമിക്കുന്നത്. അതിനുപറ്റിയ മത്സരാർഥിയെ യു.ഡി.എഫിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഉദുമയിൽ ചാണക്യതന്ത്രങ്ങൾ പറ്റിയിരുന്ന പി. ഗംഗാധരൻ നായരുടെ മരണത്തോടെ മുതിർന്ന ഒരു നേതാവ് ഇല്ലാതെയാണ് യു.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അടക്കമുള്ള യുവ നേതൃത്വങ്ങളെ ഉദുമയിൽ പരീക്ഷിക്കാൻ സാധ്യതയുണ്ട്.
പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉദുമ മണ്ഡലത്തിലാണ്. അതുകൊണ്ടുതന്നെ സഹതാപതരംഗവും യു.ഡി.എഫിന് തുണയായുണ്ട്. ഇടതു പാളയത്തിൽ നിലനിർത്താൻ മുൻ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഇ. പത്മാവതി, ഡോ. വി.പി.പി. മുസ്തഫ തുടങ്ങിയ പേരുകൾ പറഞ്ഞുകേൾക്കുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉദുമ മണ്ഡലത്തിൽ 9000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യം പ്രകടിപ്പിക്കുന്ന നേതാക്കളുടെ എണ്ണവും കൂടിയെന്ന് അടക്കം പറച്ചിലുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിലെ ലീഡ് വീണ്ടും ഇടത്തോട്ട് ചാഞ്ഞെങ്കിലും ഒത്തൊരുമിച്ചാൽ മലയും പോരുമെന്ന് പറയുന്നവരും ഏറെയുണ്ട്.
കോൺഗ്രസിൽ ഗ്രൂപ് അടിസ്ഥാനത്തിൽ മണ്ഡലം വിട്ടുനൽകുകയാണെങ്കിൽ എ ഗ്രൂപ്പിൽനിന്ന് ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലിെൻറയും ഐ ഗ്രൂപ്പിൽനിന്ന് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠെൻറയും പേരാണ് പരിഗണിക്കാൻ സാധ്യത.
യുവാക്കൾക്ക് സാധ്യതയെന്ന് ഡി.സി.സി പ്രഖ്യാപിച്ചാൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ തന്നെ സ്ഥാനാർഥിയാകാനിടയുണ്ട്.
പഞ്ചായത്തുകളും ഭരണവും
ചെമ്മനാട് -യു.ഡി.എഫ്
പള്ളിക്കര -എൽ.ഡി.എഫ്
ഉദുമ -എൽ.ഡി.എഫ്
പുല്ലൂർ പെരിയ -യു.ഡി.എഫ്
ബേഡഡുക്ക -എൽ.ഡി.എഫ്
മുളിയാർ -എൽ.ഡി.എഫ്
ദേലംപാടി -എൽ.ഡി.എഫ്
വോട്ടുനില 2019 ലോക്സഭ തെരഞ്ഞെടുപ്പ്
എൽ.ഡി.എഫ് -63387
യു.ഡി.എഫ് -72324
ബി.ജെ.പി -23786
യു.ഡി.എഫ് ഭൂരിപക്ഷം 8937
2016 നിയമസഭ തെരഞ്ഞെടുപ്പ്
കെ. സുധാകരൻ
( കോൺഗ്രസ്) 66847
കെ. കുഞ്ഞിരാമൻ
(സി.പി.എം) 70679
ശ്രീകാന്ത്
(ബി.ജെ.പി) 21231
കെ. കുഞ്ഞിരാമൻ ഭൂരിപക്ഷം 3832
2020 തദ്ദേശ തെരഞ്ഞെടുപ്പ്
എൽ.ഡി.എഫ് -73545
യു.ഡി.എഫ് -62867
ബി.ജെ.പി -2818
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.