മഞ്ചേശ്വരത്ത് മൂന്നു മുന്നണികൾക്കും വെല്ലുവിളി
text_fieldsകാസർകോട്: മഞ്ചേശ്വരത്ത് ഇത്തവണ സ്ഥാനാർഥികളെ കണ്ടെത്താനുള്ള വെല്ലുവിളി കടുത്തത്. സ്ഥലം എം.എൽ.എ മുസ്ലിം ലീഗിലെ എം.സി. ഖമറുദ്ദീൻ കേസിൽ പ്രതിയാണെന്ന നിലയിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ പാർട്ടി സംസ്ഥാന പ്രസിഡൻറാണ്.
യു.ഡി.എഫ് എം.എൽ.എക്കെതിരെയുള്ള കേസുകളടക്കം പ്രചാരണായുധമാക്കി, 2006 ആവർത്തിക്കാനാകുമോയെന്ന് അന്വേഷിക്കുന്ന ഇടതുപക്ഷം മികച്ച സ്ഥാനാർഥിക്കായുള്ള അന്വേഷണത്തിലാണ്. അത് പൊതു സ്വതന്ത്രനിലേക്കും എത്താം. മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയത്തിൽ എതിരാളി ആരെന്നത് ഒരു ഘടകമാകാറുണ്ട്.
യു.ഡി.എഫ്: 89ൽനിന്ന് 7923ൽ
2016ൽ 89 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് കടന്നുകൂടിയത്. ഉപതെരഞ്ഞെടുപ്പിൽ ഇത് 7923 ആയി വർധിപ്പിച്ചു. ഇൗ തിളക്കം പക്ഷേ, മുന്നോട്ടുകൊണ്ടുപോകാനായില്ല. എം.എൽ.എയായ എം.സി. ഖമറുദ്ദീൻ, പിന്നാലെ സ്വർണ നിക്ഷേപ കേസിൽപെട്ട് ജയിലിലായി. ഇത് യു.ഡി.എഫിനുണ്ടാക്കുന്ന ദോഷം ഇടതുപക്ഷത്തിനു നേട്ടമാകാം. ബി.ജെ.പിയുടെ പ്രതീക്ഷയും അതിലാണ്.
തദ്ദേശത്തിൽ തിരിച്ചടി
യു.ഡി.എഫിന്, പ്രത്യേകിച്ച് ലീഗിന് സ്വാധീനമേറെയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ലോക്സഭ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് അതിെൻറ ഏറ്റവും മികച്ച വോട്ട് സമാഹരിച്ചത്. 11,113 വോട്ട് ബി.ജെ.പിയേക്കാൾ കൂടുതലാണ് യു.ഡി.എഫിന്. 35,000 വോട്ടിെൻറ അന്തരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 2025 വോട്ടിെൻറ മുൻതൂക്കം മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്.
35 വർഷമായി യു.ഡി.എഫ് ഭരിക്കുന്ന മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അവർക്ക് നഷ്ടമായി. മഞ്ചേശ്വരം േബ്ലാക്ക് പഞ്ചായത്ത് നിലനിർത്തിയെങ്കിലും ബ്ലോക്കിൽ കോൺഗ്രസിനുണ്ടായിരുന്ന സീറ്റുകൾ ബി.ജെ.പി പിടിച്ചെടുത്തു. കുമ്പള പഞ്ചായത്തിൽ കഷ്ടിച്ച് കടന്നുകൂടിയെങ്കിലും വലിയ ഒറ്റകക്ഷി ബി.ജെ.പിയായി. മീഞ്ച, വോർക്കാടി പഞ്ചായത്തുകളും മണ്ഡലത്തിലാകെ16 വാർഡുകളും യു.ഡി.എഫിന് നഷ്ടമായിട്ടുണ്ട്.
ബി.ജെ.പി പ്രതീക്ഷ
ബി.ജെ.പിയുടെ എ ക്ലാസ് ഗണത്തിൽപെട്ട മണ്ഡലമാണ് മഞ്ചേശ്വരം. കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലാണ് ബി.ജെ.പിക്ക് വോട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി.ജെ.പിക്ക് എവിടെയും ഭരണം കൈവരിക്കാനായില്ല. ലോക്സഭ, നിയമസഭ, ഉപതെരഞ്ഞെടുപ്പ് എന്നിവയിൽ ലഭിച്ചതിനേക്കാൾ തദ്ദേശത്തിൽ വോട്ട് കുറയുകയായിരുന്നു. എന്നാൽ കുമ്പള, മീഞ്ച, വോർക്കാടി, െപെവളിഗെ, പുത്തിഗെ, എൻമകജെ എന്നിവിടങ്ങളിൽ ഏറ്റവും വലിയ കക്ഷിയായി ബി.ജെ.പി മാറി.
സാധ്യതകൾ
പറഞ്ഞുകേൾക്കുന്ന സാധ്യതകൾ മാത്രമാണുള്ളത്. മഞ്ചേശ്വരത്തേക്ക് ഇറക്കുമതി വേണ്ടെന്ന് പ്രാദേശിക ലീഗ് നേതൃത്വം അറിയിച്ചുകഴിഞ്ഞു.മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അഷ്റഫിനാണ് ഇൗ പരിഗണനയിൽ മുൻതൂക്കം. മഞ്ചേശ്വരത്തേക്ക് എൻ.എ. നെല്ലിക്കുന്ന് വന്നേക്കുമെന്ന അഭ്യൂഹവുമുണ്ട്. ബി.ജെ.പിയിൽ ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത്, കാംകോ ഡയറക്ടർ ബോർഡ് അംഗം സതീഷ്ചന്ദ്ര ഭണ്ഡാരി എന്നിവർ പരിഗണിക്കപ്പെേട്ടക്കാം.
ഇടതുപക്ഷത്തുനിന്ന് പരിഗണിക്കാവുന്ന പേരുകൾ, ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ശങ്കർ റൈയും കെ.ആർ. ജയാനന്ദയുമാണ്. യു.ഡി.എഫ് സ്ഥാനാർഥി ആരെന്നതനുസരിച്ചായിരിക്കും എൽ.ഡി.എഫ് തീരുമാനം.
2021 തദ്ദേശ തെരഞ്ഞെടുപ്പ്
യു.ഡി.എഫ്-55,848
ബി.ജെ.പി-53,823
എൽ.ഡി.എഫ്-48,996
2019 നിയമസഭ
ഉപതെരഞ്ഞെടുപ്പ്
യു.ഡി.എഫ് (എം.സി. ഖമറുദ്ദീൻ) 65,407
ബി.ജെ.പി (രവീശതന്ത്രി കുണ്ടാർ) 57,484
എൽ.ഡി.എഫ് (ശങ്കർ റൈ) 38,233
ഭൂരിപക്ഷം 7,923
2019 ലോക്സഭ
എൽ.ഡി.എഫ്-32,796
യു.ഡി.എഫ്-68,217
ബി.ജെ.പി-57,104
ഭൂരിപക്ഷം 11,113(യു.ഡി.
എഫ്)
2016 നിയമസഭ
യു.ഡി.എഫ് (പി.ബി. അബ്ദുറസാഖ്) 56,870
എൻ.ഡി.എ (കെ. സുരേന്ദ്രൻ ബി.ജെ.പി) 56,578
എൽ.ഡി.എഫ് (സി.എച്ച്. കുഞ്ഞമ്പു) 42,569
ഭൂരിപക്ഷം 89
ഗ്രാമ പഞ്ചായത്തുകൾ -എട്ട്
മീഞ്ച, വോർക്കാടി, പുത്തിഗെ, പൈവളിഗെ (എൽ.ഡി.എഫ്), കുമ്പള, മഞ്ചേശ്വരം, എൻമകജെ (യു.ഡി.എഫ്), മഞ്ചേശ്വരം (സ്വതന്ത്രൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.