'ഇടതുകോട്ട'യിൽ ഇളക്കം തട്ടാതെ വി.ഡി. സതീശൻ
text_fieldsകൊച്ചി: ഇടതുകോട്ടയെന്നാണ് വിശേഷണമെങ്കിലും കഴിഞ്ഞ നാല് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് പറവൂരിൽ നിലംതൊടാനായില്ല. വി.ഡി. സതീശനെന്ന കോൺഗ്രസ് നേതാവ് അത്രയേറെ മണ്ഡലത്തിൽ ചിരപരിചിതനായി.1996ൽ പി. രാജുവിനോട് പരാജയപ്പെട്ട സതീശൻ 2001, 2006, 2011, 2016 വർഷങ്ങളിലും എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് പ്രമുഖർ ഉൾപ്പെടെ സ്ഥാനാർഥികളെ മാറിമാറി പരീക്ഷിച്ചിട്ടും ഫലം കണ്ടില്ല.
മണ്ഡല രൂപവത്കരണ കാലം മുതൽ ഇതുവരെ നടന്ന 15 നിയമസഭ തെരഞ്ഞെടുപ്പുകളിൽ 10 തവണ യു.ഡി.എഫും അഞ്ച് വട്ടം എൽ.ഡി.എഫും വിജയിച്ചു. കോൺഗ്രസും സി.പി.ഐയും തമ്മിലായിരുന്നു കൂടുതൽ ഏറ്റുമുട്ടൽ. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ വിജയം നേടിയ സി.പി.ഐയിലെ എൻ. ശിവൻപിള്ള പല ഘട്ടങ്ങളിലായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ആദ്യ തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ ആറ് തവണ യു.ഡി.എഫാണ് വിജയിച്ചത്.
കെ.എ. ദാമോദരമേനോൻ, കെ.ടി. ജോർജ്, സേവ്യർ അറക്കൽ, എ.സി. ജോസ് എന്നിവർ എം.എൽ.എമാരായി. കെ.ടി. ജോർജ് തുടർച്ചയായി മൂന്ന് തവണ വിജയിച്ചു. 1982ൽ എൻ. ശിവൻപിള്ളയിലൂടെ തന്നെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 1987ലും അദ്ദേഹം വിജയം ആവർത്തിച്ചു. ശേഷം 1991, 96 തെരഞ്ഞെടുപ്പുകളിൽ ശിവൻപിള്ളയുടെ മകൻ പി. രാജുവാണ് വിജയിച്ചത്.
1996ൽ പി. രാജുവിനോട് മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസിെല വി.ഡി. സതീശൻ 2001ൽ അദ്ദേഹത്തെ പരാജയപ്പെടുത്തി വിജയം നേടി. മണ്ഡലത്തിെൻറ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത് -20634. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിക്കാനും സതീശന് കഴിഞ്ഞു.
2018ലെ മഹാപ്രളയം ശക്തമായി ബാധിച്ച പറവൂർ പ്രദേശത്ത് പുനരധിവാസമടക്കം പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് വിഷയമാകും. വി.ഡി. സതീശെൻറ ജനപ്രീതിയും പ്രളയ പുനർനിർമാണത്തിന് അദ്ദേഹം നടപ്പാക്കിയ പുനർജനി പദ്ധതിയും കരുത്താകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. പുനർജനി പദ്ധതിയിൽ എൽ.ഡി.എഫ് അഴിമതി ആരോപിക്കുന്നുണ്ട്.
ഇത് പ്രചാരണായുധമാക്കാനാണ് നീക്കം. ബി.ഡി.ജെ.എസ് സ്ഥാനാർഥിയിലൂടെയാണ് കഴിഞ്ഞ തവണ മണ്ഡലം പിടിക്കാൻ എൻ.ഡി.എ ശ്രമിച്ചത്. കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമാണ് ഇവിടെ കൂടുതൽ വോട്ട് നേടിയത്.
എങ്കിലും ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള പ്രദേശത്ത് കഴിഞ്ഞകാല തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇത് പ്രതിഫലിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ പിന്തുണക്കുന്ന കൈത്തറി -കയർ -കർഷകർ, ചെത്തുതൊഴിലാളികൾ തുടങ്ങിയവരാണ് മണ്ഡലത്തിലെ വലിയൊരു വിഭാഗം. ഈ സാഹചര്യത്തിലും നിയമസഭ തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ നേടാൻ യു.ഡി.എഫിന് കഴിഞ്ഞെന്നതും ശ്രദ്ധേയമാണ്.
മണ്ഡല സ്ഥിതി വിവരം
പറവൂർ മുനിസിപ്പാലിറ്റിയും ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പറവൂർ നിയമസഭ മണ്ഡലം. 2001 മുതൽ കോൺഗ്രസിലെ വി.ഡി. സതീശനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പറവൂർ മുനിസിപ്പാലിറ്റി, വരാപ്പുഴ, ഏഴിക്കര ഗ്രാമപഞ്ചായത്തുകൾ എന്നിവ യു.ഡി.എഫും മറ്റ് പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.
2019 ലോക്സഭ
യു.ഡി.എഫ് (ഹൈബി ഈഡൻ) -71025
എൽ.ഡി.എഫ് (പി. രാജീവ്) -56940
എൻ.ഡി.എ (അൽഫോൺസ് കണ്ണന്താനം) -14940
ഭൂരിപക്ഷം -14085
2016 നിയമസഭ
വി.ഡി. സതീശൻ (കോൺഗ്രസ്) -74985
ശാരദ മോഹൻ (സി.പി.ഐ) -54351
ഹരി വിജയൻ (ബി.ഡി.ജെ.എസ്) -28097
ഭൂരിപക്ഷം -20634
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്
എൽ.ഡി.എഫ് -68362
യു.ഡി.എഫ് -64049a
എൻ.ഡി.എ -24042
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.