മണ്ഡലപരിചയം:കോൺഗ്രസ് ജയിച്ചിട്ടും തോറ്റ തലശ്ശേരി
text_fieldsകണ്ണൂർ: കമ്യൂണിസ്റ്റ് ചരിത്രത്തോടൊപ്പം സഞ്ചരിച്ച പാരമ്പര്യമാണ് തലശ്ശേരിക്കുള്ളത്. അതിനിടയിലും ഒരുതവണ കോൺഗ്രസ് സ്ഥാനാർഥി ഇവിടെ നിന്ന് ജയിച്ചുകയറിയിട്ടുണ്ട്. എന്നാൽ, ആ വിജയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജയിച്ച കോൺഗ്രസ് സ്ഥാനാർഥി തോൽക്കുകയും തോറ്റ ഇടതു സ്ഥാനാർഥി ജയിക്കുകയും ചെയ്യുന്നതിനും തലശ്ശേരി സാക്ഷ്യം വഹിച്ചിട്ടുണ്ട്.
മങ്ങലേൽക്കാത്ത ചുവപ്പിെൻറ ചരിത്രമുള്ള തലശ്ശേരി മണ്ഡലത്തിൽ 1960ലായിരുന്നു ആ സംഭവം. മണ്ഡലത്തിൽ രണ്ടാം തവണയും ജനവിധി തേടിയ വി.ആർ. കൃഷ്ണയ്യർക്ക് 23 വോട്ടിന് തോൽവി അറിയേണ്ടിവന്നു. കോൺഗ്രസിലെ പി. കുഞ്ഞിരാമനായിരുന്നു കൃഷ്ണയ്യരുടെ തുടർ ജയമോഹത്തിന് തടയിട്ടത്. എന്നാൽ, പി. കുഞ്ഞിരാമെൻറ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.ആർ. കൃഷ്ണയ്യർ കേസ് നൽകി. 1961ൽ കൃഷ്ണയ്യരെ ഇലക്ഷൻ ട്രൈബ്യൂണൽ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
മണ്ഡലത്തിലെ ഇടതുപക്ഷ കുത്തക തകർക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസിലെ ശക്തരായ കെ. സുധാകരനെയും രാജ്മോഹൻ ഉണ്ണിത്താനെയും പിൽക്കാലത്ത് രംഗത്തിറക്കിയെങ്കിലും ഇടതു സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കാനേ കഴിഞ്ഞിട്ടുള്ളു. തലശ്ശേരിയിൽ ആദ്യത്തെയും അവസാനത്തെയും കോൺഗ്രസിെൻറ വിജയമായിരുന്നു പി. കുഞ്ഞിരാമേൻറത്. ഒരു തവണ സി.പി.എമ്മും സി.പി.െഎയും ഏറ്റുമുട്ടിയ ചരിത്രവും ഇവിടെയുണ്ട്. 1977ലായിരുന്നു അത്. സി.പി.എമ്മിലെ പാട്യം ഗോപാലനും സി.പി.െഎയിലെ എൻ.സി. മമ്മൂട്ടിയുമാണ് നേർക്കുനേർ മത്സരിച്ചത്. പേരാട്ടത്തിൽ വിജയം പാട്യം ഗോപാലനൊപ്പമായിരുന്നു.
മണ്ഡലം രൂപവത്കരിച്ച 1957ൽ വി.ആർ. കൃഷ്ണയ്യരായിരുന്നു ഇടതുപക്ഷ സ്വതന്ത്രനായി ഇവിടെ നിന്ന് ജയിച്ചത്. ഇ.എം.എസ് മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയുമായി. കോൺഗ്രസിലെ പി. കുഞ്ഞിരാമനെയാണ് 12,084 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെടുത്തിയത്. 1965ലും 1977ലും സി.പി.എമ്മിലെ പാട്യം ഗോപാലനായിരുന്നു വിജയം.
'65ൽ 8,215 വോട്ടിെൻറ ഭൂരിപക്ഷത്തിന് അദ്ദേഹം കോൺഗ്രസിലെ പി. നാണുവിനെ തോൽപിച്ചപ്പോൾ '77ൽ എൻ.സി. മമ്മൂട്ടിയെയാണ് 8473 വോട്ടിെൻറ ഭൂരിപക്ഷത്തിൽ തോൽപിച്ചത്. '67ൽ സി.പി.എമ്മിനു േവണ്ടി മത്സരരംഗത്തിറങ്ങിയ കെ.പി.ആർ. ഗോപാലനെയാണ് തലശ്ശേരി തെരഞ്ഞെടുത്ത് അയച്ചത്. കോൺഗ്രസിലെ പി. നാണുവാണ് അദ്ദേഹത്തോട് 12,840 വോട്ടുകൾക്ക് തോറ്റത്.
1970ൽ സി.പി.െഎ നേതാവ് എൻ.ഇ. ബാലറാമാണ് ഇവിടെ നിന്ന് ജയിച്ചത്. 1460 വോട്ടുകൾക്കാണ് അദ്ദേഹം സ്വതന്ത്രനായ ടി. കുഞ്ഞനന്തനെ തോൽപിച്ചത്. '80ൽ സി.പി.എമ്മിലെ എം.വി. രാജഗോപാലൻ 16,702 വോട്ടുകൾക്ക് കോൺഗ്രസിലെ വി.പി. മരയ്ക്കാറെയും തോൽപിച്ചു. 1982, '87, 2001, 2006, 2011 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോടിയേരി ബാലകൃഷ്ണനെ മണ്ഡലം തെരഞ്ഞെടുത്തു.
'82ൽ യു.ഡി.എഫിലെ കെ.സി. നന്ദനനെ 17,100 േവാട്ടുകൾക്കും '87ൽ കെ. സുധാകരനെ 5,368 വോട്ടുകൾക്കും 2001ൽ സജ്ജീവ് മാറോളിയെ 7043 വോട്ടുകൾക്കും 2006ൽ ഇപ്പോഴത്തെ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനെ 10,055 വോട്ടുകൾക്കും 2011ൽ കോൺഗ്രസിലെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ 26,509 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തോൽപിച്ചാണ് അദ്ദേഹം മണ്ഡലത്തിെൻറ കമ്യൂണിസ്റ്റ് ചരിത്രം നിലനിർത്തിയത്.
മുഖ്യമന്ത്രിയായശേഷം എം.എൽ.എആയി ജയിപ്പിച്ച ചരിത്രവും തലശ്ശേരി മണ്ഡലം എഴുതിച്ചേർത്തിട്ടുണ്ട്. 1996ൽ മുഖ്യമന്ത്രി ഇ.കെ. നായനാരെയാണ് മണ്ഡലം ജയിപ്പിച്ചത്. എൽ.ഡി.എഫിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി വി.എസ്. അച്യുതാനന്ദൻ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് തോറ്റതിനെ തുടർന്നാണ് ഇ.കെ. നായനാർ മുഖ്യമന്ത്രിയായത്. തുടർന്ന് സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് മത്സരിക്കാൻ പാർട്ടി തലശ്ശേരി തിരഞ്ഞെടുത്തത്. മണ്ഡലത്തിലെ എം.എൽ.എയായ കെ.പി. മമ്മുമാസ്റ്റർ രാജിവെച്ചാണ് മുഖ്യമന്ത്രിയായ ഇ.െക. നായനാർ മത്സരിച്ചത്.
2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ഡി.വൈ.എഫ്.െഎ നേതാവ് അഡ്വ.എ.എൻ. ഷംസീറിനെ 34,117 വോട്ടുകൾക്ക് നിയമസഭയിലേക്ക് തെരഞ്ഞെടുത്തയച്ചാണ് മണ്ഡലത്തിെൻറ ചുവപ്പിെൻറ നിറം ഒന്നുകൂടി കടുപ്പിച്ചത്. നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറായ അന്നത്തെ കോൺഗ്രസ് നേതാവ് എ.പി. അബ്ദുല്ലക്കുട്ടിയായിരുന്നു യു.ഡി.എഫ് എതിരാളി.
അഞ്ചുതവണ തലശ്ശേരിയിൽ നിന്ന് വിജയിച്ച കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്നാണ് കഴിഞ്ഞ തവണ അഡ്വ.എ.എൻ. ഷംസീറിന് നറുക്കുവീണത്. യുവനേതാവായ ഷംസീറിനെ മണ്ഡലത്തിലെ ജനങ്ങൾ റെക്കോഡ് ഭൂരിപക്ഷം നൽകിയാണ് ജയിപ്പിച്ചത്.
മണ്ഡല സ്ഥിതിവിവരം
കേരള നിയമസഭയിലേക്കുള്ള പ്രഥമ തെരഞ്ഞെടുപ്പോടെയാണ് തലശ്ശേരിയുടെ തെരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്. 1957 മുതൽ ഇൗ മണ്ഡലമുണ്ട്. അതിരുകൾ മാറിയെങ്കിലും കേരളത്തിന് മൂന്നു മന്ത്രിമാരെയും ഒരു മുഖ്യമന്ത്രിയെയും നൽകിയതാണ് തലശ്ശേരി. തലശ്ശേരി നഗരസഭയും തലശ്ശേരി താലൂക്കിൽ ഉൾപ്പെട്ട ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം.
വർഷം, വിജയി, വോട്ട്, ഭൂരിപക്ഷം ക്രമത്തിൽ
•1957 വി.ആർ. കൃഷ്ണയ്യർ (എൽ.ഡി.എഫ് സ്വത. -27318), പി. കുഞ്ഞിരാമൻ (കോൺ.-15234), 12084
•1960 പി. കുഞ്ഞിരാമൻ (കോൺ. 28380), വി.ആർ. കൃഷ്ണയ്യർ (എൽ.ഡി.എഫ് സ്വത.-28357), 23
•1965 പാട്യം ഗോപാലൻ (സി.പി.എം 27981), പി. നാണു (കോൺ. -19766), 8215
•1967 കെ.പി.ആർ. ഗോപാലൻ (സി.പി.എം -34612), പി. നാണു (കോൺ. -21772), 12840
•1970 എൻ.ഇ. ബാലറാം (സി.പി.െഎ -28171), ടി. കുഞ്ഞനന്തൻ (സ്വത. -26711), 1460
•1977 പാട്യം ഗോപാലൻ (സി.പി.എം 38419), എൻ.സി. മമ്മൂട്ടി (സി.പി.െഎ -29 946), 8473
•1980 എം.വി. രാജഗോപാലൻ (സി.പി.എം -42673), വി.പി. മരയ്ക്കാർ (കോൺ. -25 971), 16702
•1982 കോടിയേരി ബാലകൃഷ്ണൻ (സി.പി.എം -40766), കെ.സി. നന്ദനൻ (യു.ഡി.എഫ് സ്വത. -23666), 17100
•1987 കോടിയേരി ബാലകൃഷ്ണൻ (സി.പി.എം -44520), കെ. സുധാകരൻ (യു.ഡി.എഫ് സ്വത. -39152), 5368
•1991 കെ.പി. മമ്മുമാസ്റ്റർ (സി.പി.എം 48936), പ്രഫ.എ.ഡി. മുസ്തഫ (കോൺ. -41550), 7386
•1996 കെ.പി. മമ്മു മാസ്റ്റർ (സി.പി.എം (51985), കെ.സി. കടമ്പൂരാൻ (കോൺ.-33635), 18350
•1996 (ഉപതെരഞ്ഞെടുപ്പ്) ഇ.കെ. നായനാർ (സി.പി.എം-60841), അഡ്വ.ടി. ആസഫലി (കോൺ.-36340), 24501
•2001 കോടിയേരി ബാലകൃഷ്ണൻ (സി.പി.എം -53412), സജ്ജീവ് മാറോളി (കോൺ. -46369), 7043
•2006 കോടിയേരി ബാലകൃഷ്ണൻ (സി.പി.എം -53907), രാജ് മോഹൻ ഉണ്ണിത്താൻ (കോൺ. 43852), 10055
•2011 കോടിയേരി ബാലകൃഷ്ണൻ (സി.പി.എം -66870), റിജിൽ മാക്കുറ്റി (കോൺ. -40361), 26509
•2016 അഡ്വ.എ.എൻ. ഷംസീർ (സി.പി.എം -70741), എ.പി. അബ്ദുല്ലക്കുട്ടി (കോൺ. 36624), 34117
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.