ഉദുമയിൽ ഇരുമുന്നണികൾക്കും പൊള്ളുന്ന ചൂട്
text_fieldsകാസർകോട്: ജില്ലയിൽ ഇടതുപക്ഷത്തിെൻറ ഉറച്ച കോട്ടയിലൊന്നായി അറിയപ്പെട്ടിരുന്ന ഉദുമ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂട് ഇരുമുന്നണികൾക്കും ചുട്ടുപൊള്ളുമെന്ന നിലയിലേക്ക് ഉയരുന്നു. യു.ഡി.എഫിൽ െഎ ഗ്രൂപ് നേതാക്കൾക്കുള്ള മത്സരവേദിയെന്ന നിലയിൽ മാത്രം കണ്ടിരുന്ന ഉദുമയിൽ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പരാജയം ഉറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, കഴിഞ്ഞ തവണ കെ. സുധാകരെൻറ വരവോടുകൂടി തീപാറുന്ന മണ്ഡലമായി മാറിയിരുന്നുവെങ്കിലും സുധാകരൻ പരാജയപ്പെട്ടത് യു.ഡി.എഫിെൻറ കോട്ടയായ െചമ്മനാട് പഞ്ചായത്തിൽ നിന്നുണ്ടായ വോട്ടു ചോർച്ച കാരണമാണ്. കെ. കുഞ്ഞിരാമനുണ്ടായിരുന്ന 'കർഷക' ഇമേജും എൽ.ഡി.എഫിനെ തുണച്ചു. ഇൗ രണ്ടു ഘടകങ്ങളും മാറ്റിനിർത്തിയുള്ള മത്സരത്തിനാണ് ഉദുമ വേദിയാകുന്നത്.
1977ൽ ഈ മണ്ഡലം നിലവിൽ വരുമ്പോൾ കോൺഗ്രസ് സ്വതന്ത്രൻ എൻ.കെ. ബാലകൃഷ്ണൻ, 1980ൽ ഇടതുപക്ഷത്തിെൻറ കെ. പുരുഷോത്തമൻ, 1985ൽ കെ. പുരുഷോത്തമനിലൂടെ വീണ്ടും ഇടതുപക്ഷം, 1987ൽ കോൺഗ്രസിെൻറ കെ.പി. കുഞ്ഞിക്കണ്ണൻ എന്നിങ്ങനെ മണ്ഡലം തീപാറുന്ന മത്സരങ്ങളിലൂടെ മാറിയും മറിഞ്ഞും നിന്നു. 1991ല്‍ പി. രാഘവനിലൂടെ ഇടതുപക്ഷം പിടിച്ച മണ്ഡലം പിന്നീട് ഇടതുപക്ഷത്തിെൻറ ഉറച്ചകോട്ടയായി. മൂന്നു പതിറ്റാണ്ട് കാലം ഇടതുപക്ഷത്തിെൻറ ഉറച്ച മണ്ഡലമായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉദുമ മണ്ഡലത്തിൽ 8937 വോട്ടിെൻറ ഭൂരിപക്ഷം നേടി. ചില പ്രത്യേക ഘട്ടം വന്നാൽ യു.ഡി.എഫിനെ സഹായിക്കുന്ന ജനവിഭാഗമുള്ള മണ്ഡലമാണ് ഇപ്പോഴും ഉദുമയെന്ന് യു.ഡി.എഫ് തിരിച്ചറിഞ്ഞത് ലോക്സഭ തെരഞ്ഞെടുപ്പിലാണ്.
ജില്ലയിൽ എം.പിയും എം.എൽ.എയുമില്ലാത്ത പാർട്ടിയായ കോൺഗ്രസ് വലിയ ആവേശത്തിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ 10,678 വോട്ടിെൻറ ലീഡ് എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ വോട്ടുകൾ തദ്ദേശത്തിലേതിനേക്കാൾ ലോക്സഭയിലാണ് എന്ന നിഗമനം പൊതുവേയുള്ളതിനാൽ ഉദുമയിലെ ലോക്സഭ വിജയത്തിെൻറ 'ഹാങ് ഒാവറിൽ'നിന്ന് കോൺഗ്രസ് മോചിതമായിട്ടില്ല. കല്യോട്ട് ഇരട്ടക്കൊലക്ക് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണിത്. സംഭവം നടന്ന പുല്ലൂർ പെരിയ പഞ്ചായത്ത് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കെ. കുഞ്ഞിരാമെൻറ നേതൃത്വത്തിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളുടെ നീണ്ട പട്ടികയുണ്ട് എൽ.ഡി.എഫിെൻറ കൈവശം. അതിനെതിരെ ഭരണവിരുദ്ധ വികാരം, കല്യോട്ട് കൊല എന്നിവയോടൊപ്പം ഉദുമയിൽ എൽ.ഡി.എഫിനെതിരെ നേർക്കുനേർ എത്തിയിരിക്കുകയാണ് യു.ഡി.എഫ്. മത്സരിക്കാൻ ധാരാളം പേരുകളുണ്ട്. യു.ഡി.എഫിലാണെങ്കിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് സി.കെ. ശ്രീധരൻ, കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, ഹക്കിം കുന്നിൽ, കെ.പി. കുഞ്ഞിക്കണ്ണൻ എന്നിങ്ങനെയാകാം. എൽ.ഡി.എഫിലാണെങ്കിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു, ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, വനിതക്ക് പ്രാതിനിധ്യം നൽകുമെങ്കിൽ ഇ. പദ്മാവതി എന്നിങ്ങനെയുണ്ട് നേതാക്കൾ.
ജില്ലയില്‍ 1591 ബൂത്തുകള്‍
കാസർകോട്: ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി 1591 ബൂത്തുകളാണ് നിയമസഭ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 983 മെയിന്‍ ബൂത്തുകളും 608 താല്‍ക്കാലിക ബൂത്തുകളുമുള്‍പ്പെടെയാണിത്.
മഞ്ചേശ്വരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് -336 വീതം. കാസര്‍കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ് ബൂത്തുകളുള്ളത് -296.
(നിയമസഭ മണ്ഡലം, ആകെ ബൂത്തുകള്‍, മെയിന്‍ ബൂത്തുകള്‍, താല്‍ക്കാലിക ബൂത്തുകള്‍ എന്ന ക്രമത്തില്‍)
മഞ്ചേശ്വരം -336, 205, 131
കാസര്‍കോട് -296, 190, 106
ഉദുമ -316, 198, 118
കാഞ്ഞങ്ങാട് -336, 196, 140
തൃക്കരിപ്പൂര്‍ -307, 194, 113.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.