കണ്ണൂർ: യു.ഡി.എഫ് നില അൽപം മെച്ചപ്പെടുത്തി നാലു നേടിയേക്കാം
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
പ്രചാരണം അവസാനിക്കുേമ്പാൾ കണ്ണൂർ ജില്ലയിൽ യഥാർഥ മത്സരം അഞ്ച് മണ്ഡലങ്ങളിൽ മാത്രം. അതിൽ രണ്ടിടത്ത് ഇഞ്ചോടിഞ്ച്. അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പ്രവചനം അസാധ്യമായ ഇഞ്ചോടിഞ്ച് പോരാട്ടം. കണ്ണൂർ, ഇരിക്കൂർ, പേരാവൂർ എന്നിവിടങ്ങളിൽ കടുത്ത മത്സരമുണ്ടെങ്കിലും മുൻതൂക്കം യു.ഡി.എഫിനാണ്. അങ്കത്തട്ടിൽനിന്ന് ബി.ജെ.പി പുറത്തായതോടെ തലശ്ശേരിയിലും മത്സരം മുറുകി. അവിടെ മുൻതൂക്കം എൽ.ഡി.എഫിനാണ്. അവശേഷിക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഇടത് ഭൂരിപക്ഷം എത്രയെന്നത് മാത്രമാണ് ചോദ്യം. എൽ.ഡി.എഫിന് എട്ട്, യു.ഡി.എഫിന് മൂന്ന് എന്നതാണ് നിലവിലെ അവസ്ഥ. യു.ഡി.എഫ് നില അൽപം മെച്ചപ്പെടുത്തി നാലു നേടിയേക്കാം. മൂന്നിൽ കുറയില്ല. എൽ.ഡി.എഫിന് എട്ടിൽ കൂടാനുമിടയില്ല. ബി.ജെ.പിക്ക് ജില്ലയിൽ ഒരിടത്തും വിജയപ്രതീക്ഷയില്ല.
ജില്ലയിൽ ഏറ്റവും ആവേശകരമായ മത്സരം അഴീക്കോട്ടാണ്. സിറ്റിങ് എം.എൽ.എ യു.ഡി.എഫിലെ കെ.എം. ഷാജിയും എൽ.ഡി.എഫിലെ കെ.വി. സുമേഷും ഒപ്പത്തിനൊപ്പമുണ്ട്. 2016ൽ 2287 വോട്ടിെൻറ വോട്ടിന് എം.വി. നികേഷ്കുമാറിനെ മറികടന്ന ഷാജിക്ക് സ്കൂൾ കോഴവിവാദവും ഇ.ഡി കേസും തീർത്ത പ്രതിച്ഛായാ നഷ്ടവും മണ്ഡലം മാറാൻ ശ്രമിച്ച് തിരിച്ചുവരേണ്ടിവന്നതിെൻറ ക്ഷീണവുമുണ്ട്. തുടക്കത്തിൽ അൽപം പിന്നിലായിരുന്നുവെങ്കിലും 'ഹൈവോൾട്ടേജ്' പ്രചാരണത്തിലൂടെ അണികളിൽ ആവേശം ജ്വലിപ്പിച്ച ഷാജി മത്സരത്തിലേക്ക് തിരിച്ചുവന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് പൊതുവെ സൗമ്യനായ യുവ ഇടത് നേതാവ് കെ.വി. സുമേഷിെൻറ പ്ലസ്. മൂന്നാമങ്കത്തിൽ ഷാജിക്ക് സുമേഷ് ചെക്ക് പറയുമോയെന്നത് പ്രവചനാതീതം.
എൽ.ഡി.എഫിനുവേണ്ടി മുൻമന്ത്രി എൽ.ജെ.ഡിയിലെ കെ.പി. മോഹനനും യു.ഡി.എഫിനുവേണ്ടി മുസ്ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ലയും ഏറ്റുമുട്ടുന്ന കൂത്തുപറമ്പിൽ തീപാറും പോരാട്ടമാണ്. മുസ്ലിം വോട്ട് നിർണായകമായ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി വന്നതോടെയാണ് മത്സരം മുറുകിയത്. വ്യവസായ പ്രമുഖനായ പൊട്ടങ്കണ്ടി ജാതി മത ഭേദമന്യേ സ്വീകാര്യനാണ്. മുന്നണി മാറ്റത്തിനൊടുവിൽ എൽ.ഡി.എഫിലെത്തിയ കെ.പി. മോഹനെൻറ എൽ.ജെ.ഡിയും സി.പി.എമ്മും താഴെത്തട്ടിൽ ഇഴകിച്ചേർന്നിട്ടില്ലെന്നതാണ് എൽ.ഡി.എഫിെൻറ പ്രശ്നം. 2016ൽ എൽ.ഡി.എഫ് 12,291 വോട്ടിന് ജയിച്ച കൂത്തുപറമ്പ് എങ്ങോട്ടും മറിയാമെന്നതാണ് നില.
അങ്കത്തട്ടിൽ ബി.െജ.പി ഇല്ലെന്നതാണ് ഇക്കുറി തലശ്ശേരിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. അല്ലായിരുന്നെങ്കിൽ ഇടതുകോട്ടയിൽ സിറ്റിങ് എം.എൽ.എ എ.എൻ. ഷംസീറിന് വിജയം സുനിശ്ചിതം. ബി.ജെ.പി വോട്ട് കൂട്ടത്തോടെ യു.ഡി.എഫിന് പോയാൽ ഷംസീർ വിയർക്കും. ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണിത്. 2016ൽ കിട്ടിയത് 22,125 വോട്ട്. ജില്ല പ്രസിഡൻറ് എൻ. ഹരിദാസിെൻറ പത്രിക തള്ളിപ്പോയപ്പോൾ സ്വതന്ത്രൻ സി.ഒ.ടി. നസീറിനെ പിന്തുണച്ച് മുഖംരക്ഷിക്കാനായിരുന്നു ബി.ജെ.പി ശ്രമം. ബി.ജെ.പി വോട്ട് വേണ്ടെന്ന് പറഞ്ഞ് സി.ഒ.ടി. നസീർ മുഖംതിരിച്ചു. സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിെൻറ വിളനിലമായ തലശ്ശേരിയിൽ ഇപ്പോഴത്തെനിലയിൽ ബി.ജെ.പി വോട്ട് പോൾ ചെയ്യപ്പെടുകയാണെങ്കിൽ അത് യു.ഡി.എഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷനാണ് കിട്ടുക. അങ്ങനെ സംഭവിച്ചാലും എ.എൻ. ഷംസീർ 2016ൽ നേടിയ 34,117 വോട്ടിെൻറ ഭൂരിപക്ഷം മറികടക്കാൻ യു.ഡി.എഫിന് കഴിയുമോയെന്ന ചോദ്യം ബാക്കി.
ഇരിക്കൂർ, പേരാവൂർ നിലവിൽ യു.ഡി.എഫിെൻറ സിറ്റിങ് സീറ്റുകളിൽ മോശമല്ലാത്ത മത്സരമുണ്ടെങ്കിലും രണ്ടിടത്തും മുൻതൂക്കം യു.ഡി.എഫിനുതന്നെ. കഴിഞ്ഞ തവണ കൈവിട്ട കണ്ണൂർ ഇക്കുറി കോൺഗ്രസ് തിരിച്ചുപിടിച്ചേക്കും. യു.ഡി.എഫിെൻറ ഉറച്ച സീറ്റായ കണ്ണൂരിൽ 2016ൽ 1196 വോട്ടിനാണ് എൽ.ഡി.എഫിന് വേണ്ടി രാമചന്ദ്രൻ കടന്നപ്പള്ളി അട്ടിമറി വിജയം നേടിയത്. അന്ന് കടന്നപ്പള്ളിയോട് തോറ്റ സതീശൻ പാച്ചേനിക്ക് ഇക്കുറി അൽപം മുൻതൂക്കമുണ്ട്. ഇരിക്കൂറിൽ സീറ്റ് കിട്ടാത്തതിന് കലാപമുണ്ടാക്കിയ കോൺഗ്രസ് 'എ' ഗ്രൂപ്പിെൻറ അതൃപ്തിയിലാണ് എൽ.ഡി.എഫിെൻറ പ്രതീക്ഷ. കലാപം തൽക്കാലം ഒതുക്കാൻ കെ.പി.സി.സിക്ക് സാധിച്ചെങ്കിലും താഴെത്തട്ടിൽ എന്തുസംഭവിക്കുമെന്നത് ഉറപ്പിച്ചു പറയാനാകില്ല. അപ്പോഴും കുടിയേറ്റ ക്രിസ്ത്യൻവോട്ട് വിധിനിർണയിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസിലെ അഡ്വ. സജീവ് ജോസഫിനുതന്നെയാണ് മുൻതൂക്കം. മൂന്നാമങ്കത്തിൽ പേരാവൂരിൽ കോൺഗ്രസിലെ അഡ്വ. സണ്ണി ജോസഫ് സി.പി.എമ്മിലെ യുവനേതാവ് കെ.വി. സക്കീർ ഹുസൈന് മുന്നിൽ അൽപം ആശങ്കയിലാണ്. കോൺഗ്രസിെൻറ ഉറച്ച സീറ്റാണെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസിനുണ്ടായ വോട്ട് ചോർച്ചയാണ് പ്രശ്നം.
മുഖ്യമന്ത്രിയുടെ സ്വന്തം ധർമടം, മന്ത്രി ഇ.പി. ജയരാജൻ ഒഴിഞ്ഞ, കെ.കെ. ശൈലജ മത്സരിക്കുന്ന മട്ടന്നൂർ, കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ മാറ്റുരക്കുന്ന തളിപ്പറമ്പ്, ടി.ഐ. മധുസൂദനൻ മത്സരിക്കുന്ന പയ്യന്നൂർ, എസ്.എഫ്.ഐയുടെ എം. വിജിൻ മത്സരിക്കുന്ന കല്യാശ്ശേരി എന്നിവിടങ്ങളിൽ പോര് പേരിന് മാത്രമാണ്. 2016ൽ മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം 36,905 ആയിരുന്നു. മറ്റു നാലിടങ്ങളിലും ഭൂരിപക്ഷം 40,000ന് മുകളിലാണ്. അത് കൂട്ടാനുള്ള മത്സരത്തിൽ മട്ടന്നൂരിൽ ശൈലജ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാലും അത്ഭുതപ്പെടാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.