കോട്ടയം: പ്രതീക്ഷയിൽ ഇടതുമുന്നണി; അതിജീവന പോരാട്ടവുമായി യു.ഡി.എഫ്
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി. സഭകളുടെയും സമുദായ സംഘടനകളുടെയും പിന്തുണയിൽ അതിജീവന പോരാട്ടവുമായി യു.ഡി.എഫും. ചുവപ്പിലേക്ക് ചുവടുമാറ്റിയ കേരള കോൺഗ്രസിലൂടെ വലതുകോട്ടയെ വലിച്ചടുപ്പിക്കാൻ കഴിഞ്ഞാൽ േകാട്ടയം ഇത്തവണ ഇടതിന് തണൽവിരിച്ചാലും അത്ഭുതപ്പെടാനില്ല. എന്നാൽ, ജോസ് കെ. മാണി ഉയർത്തിയ ലവ് ജിഹാദ് വിവാദവും പാലാ നഗരസഭയിലെ കേരള കോൺഗ്രസ്-സി.പി.എം തമ്മിൽത്തല്ലും അഴിമതി ആരോപണങ്ങളും തിരിച്ചടിയായാൽ ഇടത് കണക്കുകൾ പിഴച്ചേക്കാം. അവസാന ലാപ്പിൽ ഒമ്പത് മണ്ഡലങ്ങളും കടുത്ത മത്സരത്തിലേക്ക് മാറിക്കഴിഞ്ഞു. യു.ഡി.എഫിന് വ്യക്തമായ മേൽക്കൈ രണ്ടിടത്ത്-പുതുപ്പള്ളിയിലും കോട്ടയത്തും.
വൈക്കവും ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും ഇടത് ചേർത്തുവെക്കുന്നു. കടുത്തുരുത്തിയിൽ യു.ഡി.എഫിന് നേരിയ മുൻതൂക്കം. പാലായും പൂഞ്ഞാറും ബലാബലത്തിലും. ഇവിടെ ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും അട്ടിമറി നടന്നില്ലെങ്കിൽ വിജയം ഇടതുമുന്നണിക്കുതന്നെ. പാലായിൽ ജോസ് െക. മാണിയും മാണി സി. കാപ്പനും തമ്മിലെ പോരാട്ടം നിർണായകമാണ്. സീറ്റ് നിഷേധിച്ചതിന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരിൽ കാര്യമായ ഭീഷണി ഉയർത്തുന്നില്ലെങ്കിലും അവർ പിടിക്കുന്ന വോട്ടിനെ ആശ്രയിച്ചാകും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രിൻസ് ലൂക്കോസിെൻറ വിധിനിർണയം. ഇവിടെ ഇടത് മുന്നണി സ്ഥാനാർഥി വി.എൻ. വാസവനും.
കാഞ്ഞിരപ്പള്ളിയിൽ യു.ഡി.എഫിെൻറ ജോസഫ് വാഴക്കനും ഇടത് സ്ഥാനാർഥി സിറ്റിങ് എം.എൽ.എ ഡോ. എൻ. ജയരാജും പൊരിഞ്ഞ പോരിൽ. ബി.ജെ.പി സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം ഇവിടെ ശക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണിത്. കോട്ടയത്ത് യു.ഡി.എഫിലെ തിരുവഞ്ചൂർ രാധാകൃഷ്ണെ നേരിടുന്നത് ഇടതു മുന്നണിയുടെ കെ. അനിൽകുമാറാണ്. ഇവിടെയും കടുത്ത മത്സരമാണ്. പി.സി. ജോർജ് സ്വതന്ത്രനായി എത്തിയതോടെ പൂഞ്ഞാറിൽ ചതുഷ്കോണ മത്സരം. കോട്ടയം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് കേരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലും കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനിയും മുഖ്യ എതിരാളികൾ.
ഇടതു മുന്നണിക്ക് അനുകൂല സാധ്യത പലതുണ്ടെങ്കിലും ജോർജിെൻറ ഒറ്റയാൻ നീക്കം തള്ളാനാവില്ല. പുതുപ്പള്ളിയിൽ പോരാട്ടം 2016െൻറ തനിയാവർത്തനം.12ാം മത്സരത്തിൽ ഉമ്മൻ ചാണ്ടിയെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജെയ്ക് സി. തോമസ് നേരിടുന്നു. ഇരു കേരള കോൺഗ്രസുകളും നേർക്കുനേർ ഏറ്റുമുട്ടുന്ന ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും കടുത്ത മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്നവർ ഇപ്പോൾ രണ്ടു മുന്നണിയിലായി പോരടിക്കുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫും ജോസ് വിഭാഗത്തിലെ സ്റ്റീഫൻ ജോർജും കടുത്തുരുത്തിയിലും ജോസഫ് പക്ഷത്തെ വി.ജെ. ലാലിയും ജോസ് വിഭാഗത്തിലെ ജോബ് മൈക്കിളും ചങ്ങനാശ്ശേരിയിലും ഏറ്റുമുട്ടുന്നു.
കടുത്തുരുത്തിയിൽ യു.ഡി.എഫിന് നേരിയ മുൻതൂക്കം. ചങ്ങനാശ്ശേരിയിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം. മൂന്ന് വനിതകൾ മത്സരിക്കുന്ന സംസ്ഥാനത്തെ ഏക മണ്ഡലമാണ് വൈക്കം. എൽ.ഡി.എഫിൽ സി.പി.ഐയിലെ സിറ്റിങ് എം.എൽ.എ സി.കെ. ആശയും യു.ഡി.എഫിൽ കോൺഗ്രസിലെ ഡോ. പി.ആർ. സോനയും ബി.ജെ.പിയിലെ അജിത സാബുവുമാണ് സ്ഥാനാർഥികൾ. ഇടത് പാരമ്പര്യത്തിനൊപ്പം ഇത്തവണയും വൈക്കം നിലയുറപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.