കോഴിക്കോട് എൽ.ഡി.എഫിന് മേൽക്കൈ; യു.ഡി.എഫ് നില മെച്ചപ്പെടുത്തും
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
തൂത്തുവാരിക്കളയാമെന്ന എൽ.ഡി.എഫ് പ്രതീക്ഷക്ക് അവസാന നിമിഷങ്ങളിൽ ഇളക്കംതട്ടുന്ന കാഴ്ചയാണ് ജില്ലയിൽ. ഫിനിഷിങ് പോയൻറിലേക്ക് അടുക്കുേമ്പാൾ എൽ.ഡി.എഫിെൻറ 11 സിറ്റിങ് സീറ്റുകളിൽ അഞ്ചെണ്ണമൊഴിച്ച് ബാക്കിയുള്ളിടത്തെല്ലാം ശക്തമായ പോരാട്ടമാണ്. തുടക്കത്തിലുണ്ടായിരുന്ന താളപ്പിഴകൾ പരിഹരിച്ച് അവസാന ലാപ്പിൽ കനത്ത വെല്ലുവിളി ഉയർത്താൻ യു.ഡി.എഫ് സ്ഥാനാർഥികൾക്കായതാണ് അന്തിമ ചിത്രം പലയിടത്തും പ്രവചനാതീതമാക്കുന്നത്. ജില്ലയിലെ ആറു മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന സൂചന നൽകുേമ്പാൾ മൂന്നു മണ്ഡലങ്ങളിൽ യു.ഡി.എഫിന് അനുകൂലമായി കാറ്റ് വീശുന്നു. നാലു മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം.
ത്രികോണ പോരാട്ടം നടക്കുന്ന കോഴിക്കോട് നോർത്തിൽ യു.ഡി.എഫിലെ യുവ പോരാളി കെ.എം. അഭിജിത്ത് എൽ.ഡി.എഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രന് ശക്തമായ ഭീഷണിയാണ് ഉയർത്തുന്നത്. അട്ടിമറി ഉണ്ടായില്ലെങ്കിലും കഴിഞ്ഞതവണ എ. പ്രദീപ്കുമാറിന് ലഭിച്ച ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവുണ്ടാകുമെന്ന് തന്നെയാണ് സൂചന. കേന്ദ്രമന്ത്രി അമിത്ഷായെ ഉൾപ്പെടെ പ്രചാരണത്തിന് ഇറക്കിയ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശിനും ഇവിടെ അഭിമാന പോരാട്ടമാണ്.
പ്രവചനാതീതമാണ് വടകരയുടെ സ്ഥിതി. ഇവിടെ കെ.കെ. രമയെ വിജയിപ്പിക്കേണ്ടത് ആർ.എം.പി.ഐയെക്കാൾ തങ്ങളുടെ ബാധ്യതയാണെന്ന ബോധ്യത്തോടെയാണ് യു.ഡി.എഫ് പ്രവർത്തനം. രമ വിജയിച്ചാൽ ടി.പി. ചന്ദ്രശേഖരെൻറ ഓർമകൾ വീണ്ടും വേട്ടയാടുമെന്നതിനാൽ മനയത്ത് ചന്ദ്രെൻറ പ്രചാരണത്തിൽ എൽ.ജെ.ഡിയെക്കാൾ സജീവമാണ് സി.പി.എം. അന്തിമ വിലയിരുത്തലിൽ രമ ഒരുചാൺ മുന്നിലാണെങ്കിലും എന്തും സംഭവിക്കാമെന്നതാണ് വടകരയുെട അവസ്ഥ.
കുറ്റ്യാടിയിൽ പാർട്ടി നേതൃത്വത്തോട് പടവെട്ടി പ്രവർത്തകർ ഇറക്കിയ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തുടക്കത്തിലുണ്ടാക്കിയ ഒാളം യു.ഡി.എഫിനെ ആശങ്കപ്പെടുത്തിയെങ്കിലും സിറ്റിങ് എം.എൽ.എ കൂടിയായ പാറക്കൽ അബ്ദുല്ല ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പാർട്ടിക്കപ്പുറം മണ്ഡലത്തിൽ പാറക്കലുണ്ടാക്കിയ സ്വാധീനം വോട്ടായി മാറിയാൽ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന എൽ.ഡി.എഫ് സ്വപ്നം യാഥാർഥ്യമാകില്ല.
മുസ്ലിം ലീഗുകാരനായിരുന്ന കാരാട്ട് റസാഖ് തെൻറ വ്യക്തി സ്വാധീനമുപയോഗിച്ച് ലീഗിലെ അടക്കം വോട്ട് ചോർത്തി കഴിഞ്ഞതവണ എൽ.ഡി.എഫിന് പിടിച്ചുകൊടുത്ത കൊടുവള്ളിയിൽ ഇത്തവണ വോട്ട് ചോർച്ചക്കുള്ള പഴുതുകൾ അടക്കാനായാൽ ഡോ. എം.കെ. മുനീറിെൻറ കൈകളിൽ മണ്ഡലം ഭദ്രമാകും.
യു.ഡി.എഫിന് വേരുറപ്പുള്ള തിരുവമ്പാടി മണ്ഡലത്തിൽ ഇത്തവണ വോട്ട് ചോർച്ച തടയാൻ പ്രത്യക്ഷത്തിൽ സി.പി. ചെറിയമുഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ക്രിസ്ത്യൻ സമുദായത്തിെൻറ വോട്ട് പെട്ടിയിലാക്കാൻ ലിേൻറാ ജോസഫിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അന്തിമ ഘട്ടത്തിൽ സി.പി. ചെറിയമുഹമ്മദിനാണ് ഇവിടെ മുൻതൂക്കം.
കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫിലെ അഹമ്മദ് ദേവർകോവിലിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. നൂർബിന റഷീദിന് അനുകൂലമാണ് സാഹചര്യമെങ്കിലും ലീഗിനകത്തെ ആശയക്കുഴപ്പങ്ങളും നിർജീവതയും മുതലെടുക്കാൻ സി.പി.എമ്മിെൻറ ചിട്ടയാർന്ന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞാൽ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ല.
കൊയിലാണ്ടിയിൽ ഗ്രൂപ്പിസം കെട്ടുകെട്ടിയതിെൻറ ആശ്വാസത്തിൽ യു.ഡി.എഫിലെ എൻ. സുബ്രഹ്മണ്യൻ എൽ.ഡി.എഫിെൻറ കാനത്തിൽ ജമീലക്കെതിരെ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തീരമേഖലയിലടക്കം സുബ്രഹ്മണ്യൻ ഉണ്ടാക്കിയ സ്വാധീനം വോട്ടായി മാറിയാൽ ഇവിടെ അട്ടിമറി നടന്നേക്കാം. കുന്ദമംഗലത്ത് രണ്ടുതവണ വെന്നിക്കൊടി പാറിച്ച പി.ടി.എ. റഹീമിന് തുടക്കത്തിലുണ്ടായ ആത്മവിശ്വാസം ഇപ്പോഴില്ല. ദിനേശ് പെരുമണ്ണ ഇവിടെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയത് യു.ഡി.എഫിന് ഉണർവേകിയിട്ടുണ്ട്.
എൽ.ഡി.എഫിന് സ്വാധീനമുള്ള പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിൽ നാട്ടുകാരനെന്ന സ്വാധീനമുപയോഗിച്ച് വിള്ളലുണ്ടാക്കാൻ ദിനേശിന് കഴിഞ്ഞാൽ അട്ടമിറി സംഭവിച്ചേക്കാം. നാദാപുരത്ത് സാഹചര്യങ്ങൾ എൽ.ഡി.എഫ് സ്ഥാനാർഥി ഇ.കെ. വിജയന് അനുകൂലമാണെങ്കിലും പ്രവീൺകുമാർ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. എലത്തൂരിലും പേരാമ്പ്രയിലും ബാലുശ്ശേരിയിലും ബേപ്പൂരിലും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. ബേപ്പൂരിൽ പക്ഷേ, എൽ.ഡി.എഫിലെ പി.എ. മുഹമ്മദ് റിയാസിനെതിരെ യു.ഡി.എഫിലെ അഡ്വ. പി.എം. മുഹമ്മദ് നിയാസ് നല്ല മത്സരം കാഴ്ചവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.