മലപ്പുറം: പച്ചത്തുരുത്ത് ഇളകില്ല; കോൺഗ്രസ് നില മെച്ചപ്പെടുത്തും
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
മലപ്പുറത്ത് മുസ്ലിം ലീഗിെൻറ അപ്രമാദിത്തത്തിന് ഇത്തവണയും മങ്ങലേൽക്കില്ല. കോൺഗ്രസ് നില മെച്ചപ്പെടുത്തും. ഇടതുമുന്നണി 2016ലെ വിജയം എത്തിപ്പിടിക്കാൻ സാധ്യത കുറവ്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ള ജില്ലയിലെ അവസാന ചിത്രമിതാണ്. 16 മണ്ഡലങ്ങളിൽ പൊന്നാനി, തവനൂർ, നിലമ്പൂർ, താനൂർ എന്നിവയാണ് 2016ൽ ഇടതിനെ തുണച്ചത്. പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണന് സീറ്റ് നഷ്ടമായതോടെ മത്സരം പ്രവചനാതീതമായി. ഇടതു സ്ഥാനാർഥിയായ ടി. നന്ദകുമാറും കോൺഗ്രസ് ടിക്കറ്റിൽ ജനവിധിതേടുന്ന എ.എം. രോഹിതും കട്ടക്ക് നിൽക്കുകയാണ്. അടിെയാഴുക്കുകളുണ്ടായാൽ മണ്ഡലം ഇടതിന് നഷ്ടമാവും. നിലമ്പൂരാണ് കടുത്ത മത്സരം നടക്കുന്ന മറ്റൊന്ന്.
യു.ഡി.എഫ് കുത്തകയായിരുന്ന നിലമ്പൂരിൽ മുന്നണിയിലെ വിള്ളൽ കാരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായ പി.വി. അൻവർ അട്ടിമറി ജയം നേടിയത്. ഇത്തവണ ഡി.സി.സി മുൻ പ്രസിഡൻറ് വി.വി. പ്രകാശാണ് യു.ഡി.എഫ് സ്ഥാനാർഥി. പതിവിന് വിപരീതമായി പ്രചാരണ രംഗത്ത് സജീവമാണ് യു.ഡി.എഫ് പ്രവർത്തകർ. മറുഭാഗത്തും ആളും ആരവവുമായി പ്രചാരണം ശക്തമാണ്. കോൺഗ്രസ് വോട്ടുകളിൽ ചോർച്ചയുണ്ടായില്ലെങ്കിൽ പ്രകാശിനാണ് ജയസാധ്യത.
കെ.ടി. ജലീൽ മത്സരിക്കുന്ന തവനൂരിൽ ഇടതിന് തുടക്കത്തിലുണ്ടായിരുന്ന മുൻതൂക്കം അവസാന മണിക്കൂറുകളിൽ നേർത്തുവരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഒത്ത എതിരാളിയല്ലെന്നായിരുന്നു ഇടതു ക്യാമ്പ് കണക്കുകൂട്ടൽ. എന്നാൽ, പ്രചാരണം മുറുകിയതോടെ പഴയപോലെയല്ല കാര്യങ്ങളെന്നാണ് സൂചനകൾ. ജലീലിന് കടുത്ത വെല്ലുവിളി ഉയർത്തിയാണ് ഫിറോസിെൻറ കുതിപ്പ്.താനൂരിൽ മത്സരം ശക്തമാണെങ്കിലും ലീഗിന് വലിയ വേരോട്ടമുള്ള മണ്ഡലത്തിൽ ജയസാധ്യത പി.കെ. ഫിറോസിന് തന്നെയാണ്.
മങ്കടയിലും പെരിന്തൽമണ്ണയിലും കടുത്ത മത്സരം നടക്കുന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും ഒടുവിലെ വിലയിരുത്തലിൽ ലീഗിലെ മഞ്ഞളാംകുഴി അലിയും നജീബ് കാന്തപുരവും ജയിച്ചുകയറാനാണ് സാധ്യത. ലീഗിെൻറ ശക്തികേന്ദ്രങ്ങളായ വേങ്ങര, മലപ്പുറം, തിരൂർ, കോട്ടക്കൽ, തിരൂരങ്ങാടി, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളിൽ കാര്യമായ വെല്ലുവിളിയുയർത്താൻ എതിരാളികൾക്ക് ഇക്കുറിയും കഴിഞ്ഞിട്ടില്ല. പച്ചയുടുത്ത് തന്നെയാണ് ജില്ലയുടെ നിൽപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.