പാലക്കാട് ചില മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
അത്യുഷ്ണത്തെ വെല്ലുന്ന പോരാട്ടച്ചൂടാണ് പാലക്കാട്ട്. പൊതുവെ ചുവപ്പിനോടാണ് ജില്ലയുടെ ചായ്വ്. എന്നാൽ, പതിവിന് വിപരീതമായി ചില മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം. കഴിഞ്ഞ തവണ 12ൽ ഒമ്പത് എൽ.ഡി.എഫ്. മൂന്ന് യു.ഡി.എഫും. ഇത്തവണ ജില്ല കൂടുതൽ ചുവക്കുമെന്ന് എൽ.ഡി.എഫ്. യു.ഡി.എഫിനും ആത്മവിശ്വാസത്തിന് കുറവില്ല. പ്രധാനമന്ത്രിയടക്കം വന്നതോടെ എൻ.ഡി.എ ക്യാമ്പിലും വിജയ പ്രതീക്ഷ.
സിറ്റിങ് എം.എൽ.എ യു.ഡി.എഫിലെ വി.ടി. ബൽറാമും മുൻ എം.പിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.ബി. രാജേഷും ഏറ്റുമുട്ടുന്ന തൃത്താലയിൽ തീപാറും പോരാട്ടമാണ്. മുന്നാക്ക വിഭാഗങ്ങളുടെ വോട്ടും ന്യൂനപക്ഷം ആരെ തുണക്കുമെന്നതും നിർണായകം. ആര് ജയിച്ചാലും ഭൂരിപക്ഷം കുറയും.
ത്രികോണ മത്സരമാണ് പാലക്കാട്. സിറ്റിങ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർഥിയുമായ ഷാഫി പറമ്പിൽ അവസാന ലാപ്പിൽ അൽപം മേൽകൈ നേടിയിട്ടുണ്ടെങ്കിലും ബി.ജെ.പി സ്ഥാനാർഥി ഡോ. ഇ. ശ്രീധരെൻറ വ്യക്തിപ്രഭാവം വോട്ടാകുമോയെന്ന ആശങ്ക യു.ഡി.എഫിന് ഇല്ലാതില്ല. ശ്രീധരെൻറ പ്രായക്കൂടുതലും രാഷ്ട്രീയ രംഗത്തെ പരിചയമില്ലായ്മയും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സകലതന്ത്രങ്ങളും പയറ്റുകയാണ് ബി.ജെ.പി. ഇടതു സ്ഥാനാർഥി സി.പി. പ്രമോദിനും മത്സരം കടുപ്പം.
അമിത് ഷാ അടക്കം ഇറങ്ങിയെങ്കിലും മലമ്പുഴയിൽ ഇടതു കോയ്മക്ക് ഇടിവു വന്നിട്ടില്ല. ചെെങ്കാടിക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ഡലത്തിൽ അട്ടിമറി അസാധ്യമെന്ന് ഇടതുപക്ഷം തറപ്പിച്ചു പറയുന്നു. 2016ൽ ബി.ജെ.പിക്ക് പിറകിൽ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതിെൻറ മാനക്കേടിൽനിന്ന് രക്ഷപ്പെടാനുള്ള കഠിന പരിശ്രമം യു.ഡി.എഫ് ക്യാമ്പിലും ദൃശ്യം.
യു.ഡി.എഫ് തട്ടകമെന്ന് വിശ്വസിക്കപ്പെടുന്ന മണ്ണാർക്കാട്ട് ഇടതിന് ഇളക്കമുണ്ടാക്കാൻ കഴിഞ്ഞതും അങ്കം മുറുകിയതും അവസാന ചിത്രം. വിജയം സുനിശ്ചിതമെന്ന് യു.ഡി.എഫും യു.ഡി.എഫ് വോട്ടുബാങ്കിലെ വിള്ളൽ തുണക്കുമെന്ന പ്രതീക്ഷ എൽ.ഡി.എഫും പങ്കുവെക്കുന്നു. ഇടതു കോട്ടയായ ഒറ്റപ്പാലത്ത് എൽ.ഡി.എഫ് സ്ഥാനാർഥി കെ. പ്രേംകുമാറിന് ശക്തമായ പ്രതിയോഗിയാകാൻ യു.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിന് കഴിഞ്ഞിട്ടുണ്ട്.
തരൂരിൽ ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് പി.പി. സുമോദിനെതിരെ കനത്ത മത്സരം കാഴ്ചവെക്കാൻ മഹിള കോൺഗ്രസ് നേതാവ് കെ.എ. ഷീബക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇടതിനുതന്നെയാണ് മുൻതൂക്കം. പരിചയസമ്പത്ത് യു.ഡി.എഫിലെ യു.സി. രാമന് മുതൽകൂട്ടാണെങ്കിലും ഇടതു ചായ്വുള്ള കോങ്ങാട്ട് കെ. ശാന്തകുമാരിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സിറ്റിങ് എം.എൽ.എ കെ.ഡി. പ്രസേനൻ വീണ്ടും ജനവിധി തേടുന്ന, ചുവപ്പുകോട്ടയായ ആലത്തൂരിൽ ഫലം മാറിമറിയാൻ ഇടയില്ലെങ്കിലും യുവ കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ശക്തമായ സാന്നിധ്യമാണ്. ചിറ്റൂരിൽ യു.ഡി.എഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ പ്രചാരണത്തിൽ ഒരുപടി മുന്നിൽ.
അതേസമയം, ജനതാദൾ നേതാവ് കൂടിയായ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരായ ഘടകങ്ങളൊന്നും ദൃശ്യമല്ല. നെന്മാറയിൽ എൽ.ഡി.എഫിലെ കെ. ബാബുവിന് തന്നെയാണ് നേരിയ മുൻതൂക്കമെങ്കിലും സി.എം.പി നേതാവ് സി.എൻ. വിജയകൃഷ്ണൻ ശക്തമായ ഒാളം സൃഷ്ടിച്ചിട്ടുണ്ട്.
പട്ടാമ്പിയിൽ പ്രചാരണത്തിൽ മേൽകൈ എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിനാണ്. എങ്കിലും അവസാന ലാപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി ശക്തമായ പ്രതിയോഗിയായിട്ടുണ്ട്. മുഹ്സിന് വിജയം അനായാസമാകില്ല. ഇടതു തട്ടകമായ ഷൊർണൂരിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബുവിെൻറ കാടിളക്കിയുള്ള പ്രചാരണവും സന്ദീപ് വാര്യർ എൻ.ഡി.എ ക്യാമ്പിൽ സൃഷ്ടിച്ച ആവേശവും കുറച്ചെല്ലാം വോട്ടർമാരെ സ്വാധീനിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.