വയനാട്: ഇരുമുന്നണികളിലും പ്രതീക്ഷക്കിടെ ആശങ്ക പരക്കുന്നു
text_fieldsഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
മണ്ണറിഞ്ഞ് വിത്തെറിഞ്ഞാൽ വയനാട് ചതിക്കിെല്ലന്നാണ് അനുഭവം. ഉഴുതുമറിച്ച് ഏതു വിത്തിട്ടാലും നൂറുമേനി കൊയ്തെടുക്കാം. എന്നാൽ, അപ്രതീക്ഷിത ഒഴുക്കുവന്നാൽ, കെട്ടിപ്പൊക്കിയ തിട്ടകൾ ഇടിയും. പ്രതീക്ഷകൾ മുങ്ങും. മൂന്നു മണ്ഡലങ്ങൾ മാത്രമുള്ള വയനാട്ടിൽ പൊരിഞ്ഞപോരിനിടെ അടിയൊഴുക്കുകൾ ശക്തമാണിപ്പോൾ. അത് ജാതി, മത, സമുദായ വോട്ടുകളാകാം. മുന്നണികളിലെ വോട്ടുചോർച്ചയാകാം. ബി.ജെ.പി വോട്ടുകളുടെ കിലുക്കമാകാം. ഇരുമുന്നണികളും പാലം കടക്കുന്നത് അടിയൊഴുക്കുകൾ കണ്ടും ശ്രദ്ധിച്ചുമാണ്.
വലിയ പ്രതീക്ഷയിൽ ഒരുമുഴം മുന്നോട്ടുപോയ എൽ.ഡി.എഫ് കേന്ദ്രങ്ങൾ ഇപ്പോൾ പതുക്കെയാണെങ്കിലും ആശങ്ക പങ്കുവെക്കുന്നു. മത്സരം പ്രതീക്ഷിച്ചതിനെക്കാൾ മുറുകിയിരിക്കുന്നു. കണക്കുകളും സർവേ ഫലങ്ങളും തെറ്റിച്ച് യു.ഡി.എഫ് ഒരാഴ്ചക്കിടെ കുതിപ്പ് നടത്തിയതാണ് അതിനു കാരണം.
എന്തുവന്നാലും ജില്ല ചുവക്കുമെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ. എന്നാൽ, ഇത്തവണ അവസാന ലാപ്പിൽ മൂന്നിൽ മൂന്നും യു.ഡി.എഫ് എണ്ണിത്തുടങ്ങിയിരിക്കുന്നു. രാഹുൽ ഇഫക്ട് ആണ് യു.ഡി.എഫ് കാണുന്ന ഒരു അനുകൂല ഘടകം. ഇതു വെറും മനക്കോട്ടയാണെന്ന് എൽ.ഡി.എഫിെൻറ തിരിച്ചടി.
കൽപറ്റയും മാനന്തവാടിയും പിടിച്ചാണ് കഴിഞ്ഞ തവണ സി.പി.എം വയനാട്ടിൽ ചെങ്കൊടി പാറിച്ചത്. പട്ടികവർഗ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ ചരിത്രം ആവർത്തിച്ച് യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. ഇവിടെ സിറ്റിങ് എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ഹാട്രിക് വിജയത്തിന് കാത്തിരിക്കുകയാണ്. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം. 11,198. കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ച് സി.പി.എം ടിക്കറ്റിൽ മത്സരിക്കുന്ന എം.എസ്. വിശ്വനാഥനാണ് എൽ.ഡി.എഫിെൻറ പോരാളി. ആദിവാസി ഭൂസമര നേതാവ് സി.കെ. ജാനു താമരയിൽ ജനവിധി തേടുന്ന പ്രത്യേകതയും ബത്തേരിക്കുണ്ട്.
കൽപറ്റയിൽ എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാറും കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖും തമ്മിൽ തീപാറുന്ന പോരാട്ടമാണ്. 2016ൽ യു.ഡി.എഫിൽ നിൽക്കെ, കൈവിട്ട കൽപറ്റയെ എൽ.ഡി.എഫിലൂടെ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ശ്രേയാംസ്കുമാർ. ടി. സിദ്ദീഖിെൻറ പടയോട്ടവും ശ്രേയാംസ്കുമാറിെൻറ കുതിപ്പും സംസ്ഥാനം ഉറ്റുനോക്കുകയാണ്. ഇരുഭാഗത്തും പ്രതീക്ഷയും ആശങ്കയും പ്രകടമാണ്.
പട്ടിക വർഗ മണ്ഡലമായ മാനന്തവാടിയിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.കെ. ജയലക്ഷ്മിയും സി.പി.എമ്മിെൻറ സിറ്റിങ് എം.എൽ.എ ഒ.ആർ. കേളുവും തമ്മിലാണ് പൊരുതുന്നത്. കഴിഞ്ഞ തവണ കേളു നിയമസഭയിൽ എത്തിയപ്പോൾ ഭൂരിപക്ഷം 1307. ഇക്കുറി യു.ഡി.എഫും എൽ.ഡി.എഫും കൂടുതൽ സജീവമാണ്.
സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിൽ വിജയം മാത്രമാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. ജയലക്ഷ്മി വിജയം ആഘോഷിക്കുമെന്ന കാര്യത്തിൽ യു.ഡി.എഫിൽ തർക്കമില്ല. കഴിഞ്ഞ തവണത്തെ തർക്കമുനകൾ ഇത്തവണ കാണാനില്ല എന്നതാണ് അവരുടെ പ്രധാന കൈമുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.