ത്രികോണപ്പോരിൽ പാർട്ടികളെ വട്ടംകറക്കി വട്ടിയൂർക്കാവ്
text_fields2011ൽ പേരും അതിരുകളും മാറിയെത്തിയ വട്ടിയൂർക്കാവ് പിന്നിട്ട മൂന്ന് തെരഞ്ഞെടുപ്പുകളിലും ത്രികോണപ്പോരിന് സാക്ഷ്യംവഹിച്ച മണ്ഡലമാണ്. തുടർച്ചയായ രണ്ടുതവണ കെ. മുരളീധരനിലൂടെ കോൺഗ്രസ് കൈവശപ്പെടുത്തിയ മണ്ഡലം 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെ ഇടത്തോട്ട് ചാഞ്ഞു.
വടകര ലോക്സഭ മണ്ഡലത്തിൽനിന്ന് മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭ പ്രാതിനിധ്യം രാജിവെക്കേണ്ടിവന്നതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. 'മേയർ ബ്രോ' പരിവേഷവുമായെത്തിയ വി.കെ. പ്രശാന്താണ് ആദ്യമായി ചെെങ്കാടി പാറിച്ചത്. പഴയ തിരുവനന്തപുരം നോർത്ത് മണ്ഡലമാണ് പുനർനിർണയത്തിലൂടെ വട്ടിയൂർക്കാവായത്.
2011ൽ ഇടത് സ്വതന്ത്രൻ ചെറിയാൻ ഫിലിപ്പായിരുന്നു കെ. മുരളീധരെൻറ എതിരാളി. 2016ൽ ചിത്രം മാറി. കടുത്ത പോരാട്ടത്തിൽ മുരളീധരൻ ജയിച്ചുകയറിയപ്പോൾ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയിലെ കുമ്മനം രാജശേഖരനായിരുന്നു. സി.പി.എം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തായി. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ. മോഹൻകുമാറിനെ 14,465 വോട്ടിന് തോൽപിച്ചായിരുന്നു പ്രശാന്തിെൻറ വിജയം.
തിരുവനന്തപുരം കോർപറേഷനിലെ കിണവൂർ, കേശവദാസപുരം, കുടപ്പനക്കുന്ന്, ചെട്ടിവിളാകം, നന്തൻകോട്, കുന്നുകുഴി, പേരൂർക്കട, വാഴോട്ടുകോണം, കൊടുങ്ങാനൂർ, വലിയവിള, പാതിരിപ്പള്ളി, തുരുത്തുംമൂല, ശാസ്തമംഗലം, കവടിയാർ, കാഞ്ഞിരംപാറ, പാങ്ങോട്, കുറവൻകോണം, മുട്ടട, കണ്ണമ്മൂല, പട്ടം, കാച്ചാണി, പി.ടി.പി നഗർ, നെട്ടയം, വട്ടിയൂർക്കാവ് എന്നീ വാർഡുകൾ ചേർന്നതാണ് വട്ടിയൂർക്കാവ് മണ്ഡലം.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഉൾപ്പെടുന്ന 24 വാർഡുകളിൽ 12 എണ്ണവും എൽ.ഡി.എഫിനെ തുണച്ചു. ഒമ്പതിടത്ത് ബി.ജെ.പിയാണ് ജയിച്ചത്. മൂന്ന് വാർഡുകളാണ് യു.ഡി.എഫിനൊപ്പം നിന്നത്. തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ട് വിഹിതപ്രകാരം എൽ.ഡി.എഫിന് 37,628ഉം ബി.ജെ.പിക്ക് 34,780ഉം യു.ഡി.എഫിന് 27,191 വോട്ടുമാണ് ലഭിച്ചത്.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ഉൾപ്പെടുന്ന തിരുവനന്തപുരം -രണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ചത് പട്ടം താണുപിള്ളയായിരുന്നു. 1960ലെ തെരഞ്ഞെടുപ്പിലും വിജയിച്ച് പട്ടം മുഖ്യമന്ത്രിയായി.
1962ൽ അദ്ദേഹം രാജിവെച്ചതോടെ 1963ൽ ഉപതെരഞ്ഞെടുപ്പ് നടന്നു. ഇതിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി (സി.പി.െഎ) സ്ഥാനാർഥി കെ. അനിരുദ്ധൻ തെരഞ്ഞെടുക്കപ്പെട്ടു. 1965ൽ കോൺഗ്രസിലെ വിൽഫ്രഡ് സെബാസ്റ്റ്യനും 1967ൽ ആർ.എസ്.പിയിലെ കെ.സി. വാമദേവനും 1970ൽ ആർ.എസ്.പിയിലെ കെ. പങ്കജാക്ഷനും തെരഞ്ഞെടുക്കപ്പെട്ടു.
1977ലാണ് മണ്ഡലം തിരുവനന്തപുരം നോർത്ത് ആയി മാറിയത്. '77ൽ എൻ.ഡി.പിയുടെ എൻ. രവീന്ദ്രൻ നായർ (വട്ടിയൂർക്കാവ് രവി) തെരഞ്ഞെടുക്കപ്പെട്ടു. 1982ൽ കോൺഗ്രസിലെ ജി. കാർത്തികേയൻ വിജയിച്ചു. 1987, 1991, 1996 വർഷങ്ങളിൽ സി.പി.എമ്മിലെ എം. വിജയകുമാറാണ് നോർത്തിൽനിന്ന് ജയിച്ചത്.
2001ൽ കെ. മോഹൻകുമാറിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2006ൽ വിജയകുമാർ നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2011ൽ പുനർനിർണയത്തിലൂടെ മണ്ഡലം വട്ടിയൂർക്കാവായി.
2016ലെ വോട്ടുനില
കെ. മുരളീധരൻ 51,322
(37.81 ശതമാനം)
കുമ്മനം രാജശേഖരൻ 43,700 (32.19 ശതമാനം)
ടി.എൻ. സീമ 40,441 (29.79 ശതമാനം)
2019ലെ ഉപതെരഞ്ഞെടുപ്പിലെ വോട്ടുനില
വി.കെ. പ്രശാന്ത് 54,830
(44.25 ശതമാനം)
കെ. മോഹൻകുമാർ 40,365 (32.58 ശതമാനം)
എസ്. സുരേഷ് 27,453 (22.16 ശതമാനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.