വോട്ടെഴുത്ത്- ചിന്തിക്കുന്ന വോട്ടർമാർ അസ്വസ്ഥരാണ്
text_fieldsസാഹിത്യ നായകരുടെ ആശയങ്ങളും ആശങ്കകളും സങ്കീർണമായ നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ് കേരളം. ഇക്കാലമത്രയും പൊതുസമൂഹവും മതേതര രാഷ്ട്രീയ പാർട്ടികളും ഒത്തുചേർന്ന് ചെറുത്ത പല വിഷയങ്ങളും ഇക്കുറി പ്രധാന തെരഞ്ഞെടുപ്പ് ചർച്ചയായി മാറുന്നുണ്ട്. ഈ ഘട്ടത്തിൽ മലയാളത്തിെൻറ പ്രിയപ്പെട്ട സാഹിത്യ-സാംസ്കാരിക പ്രവർത്തകർ 'മാധ്യമ'ത്തിെൻറ ചോദ്യങ്ങളോട് പ്രതികരിക്കുന്നു.
- നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ േകരളത്തിലെ ഒരു വോട്ടർ അനുഭവിക്കുന്ന പ്രതിസന്ധി എന്താണ്?
- കേരളത്തിലെ വോട്ടർ എന്ന നിലയിൽ/കേരളവുമായി പൊക്കിൾക്കൊടി ബന്ധമുള്ള വ്യക്തി എന്ന നിലയിൽ വരാനിരിക്കുന്ന നിയമസഭ, മന്ത്രിസഭ എപ്രകാരമായിരിക്കണം, എന്തിനു മുൻഗണന നൽകണം എന്നാണ് താങ്കൾ കരുതുന്നത്?
- ഇന്ത്യയിലെ മറ്റിടങ്ങളിൽനിന്ന് ഏതു രീതിയിലാണ് കേരളത്തിലെ രാഷ്ട്രീയം വേറിട്ടുനിൽക്കുന്നത്?
- സ്ഥാനാർഥി നിർണയത്തിൽ രാഷ്ട്രീയേതരമായ ഘടകങ്ങൾ ആവശ്യത്തിലേറെ ഇടപെടുന്നതായി തോന്നിയിട്ടുണ്ടോ?
- പാർട്ടികൾ, നേതാക്കൾ, മാധ്യമങ്ങൾ- ശരിയായ ജനകീയ അജണ്ടകൾ മുന്നോട്ടുവെച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് കരുതാനാകുമോ?
- നിലവിലെ കേന്ദ്ര സർക്കാർ കഴിഞ്ഞ സംസ്ഥാന സർക്കാറിനോട് നീതിപൂർവകമായി ഇടപഴകി എന്ന് കരുതുന്നുണ്ടോ? ഫെഡറൽ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന അവസ്ഥ വരാനിരിക്കുന്ന സംസ്ഥാന സർക്കാറിന് അഭിമുഖീകരിക്കേണ്ടി വരുമോ?
- മതേതരത്വത്തിന് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളത്തിൽ വർഗീയതയുടെ കടന്നുകയറ്റം ചെറുക്കാൻ രാഷ്ട്രീയ പാർട്ടികൾ എന്ത് നിലപാട് സ്വീകരിക്കണമെന്നാണ് താങ്കൾ കരുതുന്നത്?
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഒരു പ്രതിസന്ധിയുമില്ല. അവര്‍ അവരുടെ പാര്‍ട്ടിയോ മതമോ ജാതിയോ നോക്കി വോട്ടുചെയ്യും. എന്നാല്‍, ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം വോട്ടര്‍മാരുണ്ട്. അവര്‍ അസ്വസ്ഥരാണ്.
അവരുടെ മുന്നില്‍ വലിയൊരു പ്രതിസന്ധിയുണ്ട്. അത് മുകളില്‍ പറഞ്ഞതു തന്നെയാണ്. സര്‍ക്കാറിെൻറ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിവേണം നമ്മള് വോട്ടു ചെയ്യാന്‍. ഇന്ത്യയിലൊരിടത്തും ഇപ്പോള്‍ രാഷ്ട്രീയമില്ല. അല്പമെങ്കിലും രാഷ്ട്രീയം അവശേഷിക്കുന്നുണ്ടെങ്കില്‍ അത് കേരളത്തിലാണ്. ഇവിടെ അത് കുറച്ചുകാലം കൂടി തുടരും. എത്ര കാലമെന്ന് നമുക്കറിഞ്ഞുകൂടാ.
മതവും ജാതിയും രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നു. മത, ജാതി നേതാക്കളെ പ്രീണിപ്പിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നെട്ടോട്ടം തുടങ്ങിക്കഴിഞ്ഞല്ലോ. വര്‍ഗീയതയാണ് നമ്മള് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. മതേതരത്വത്തിന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തില്‍ വര്‍ഗീയതയുടെ കടന്നുകയറ്റം ചെറുക്കണം. പുരോഗമന ചിന്താഗതിക്കാരായ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കണം, പ്രവര്‍ത്തിക്കണം. നമ്മൾ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ തിരിച്ചുപിടിക്കണം. ഇപ്പോള്‍ ഇത്തിരി മൂല്യങ്ങളും നൈതികതയും ഇവിടെ അവശേഷിപ്പുണ്ട്. അതുകൂടി നഷ്ടമായാല്‍ കേരളവും ഉത്തർപ്രദേശും തമ്മില്‍ ഒരു വ്യത്യാസവുമുണ്ടാകില്ല.
സംവാദങ്ങള്‍ എതിരാളികളെ വാദിച്ച് തോൽപിക്കാന്വേണ്ടി മാത്രമുള്ളതായി മാറിയിരിക്കുന്നു. ചര്‍ച്ച ചെയ്യുന്നവര്‍ ചര്‍ച്ചാവിഷയം മറക്കുന്നു. വിഷയത്തില്‍ ഫോക്കസ് ചെയ്ത് സംസാരിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. സംവാദങ്ങളുടെ നിലവാരം ഇതുപോലെ ഒരിക്കലും തരംതാണിട്ടില്ല. കൂട്ടത്തില്‍ പറയട്ടെ, ഞാനിപ്പോള്‍ ടി.വി ചര്‍ച്ചകള്‍ കാണാറുമില്ല, കേള്‍ക്കാറുമില്ല. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും നമ്മോട് നീതി പുലര്‍ത്താറില്ല. ഇപ്പോള്‍ പ്രധാനമന്ത്രി വലിയ വാഗ്ദാനങ്ങളുമായാണ് കേരളത്തിൽ വന്നിരിക്കുന്നത്. അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതെല്ലാം മറക്കുകയും ചെയ്യും. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അല്പമെങ്കിലും നമ്മോട് നീതി പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് റോഡ് വികസനത്തിെൻറ കാര്യത്തില്‍ മാത്രമാണ്.
അടിയന്തരമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. പരിസ്ഥിതിക്ക് ആഘാതമുണ്ടാകാത്തവിധം വ്യവസായങ്ങള്‍ തുടങ്ങണം. അല്ലെങ്കില്‍ ഇവിടെ തൊഴിലില്ലായ്മ രൂക്ഷമാവുകയും സമൂഹത്തില്‍ അസ്വസ്ഥതകള്‍ വർധിക്കുകയും ചെയ്യും. ഇനിയാരും ഗള്‍ഫിലേക്ക് നോക്കേണ്ടതില്ല. ഗള്ഫിെൻറ വാതിലുകള്‍ എന്നന്നേക്കുമായി അടഞ്ഞുകഴിഞ്ഞു. വരുന്ന പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വാഹനങ്ങള്‍ മുഴുവന്‍ ഇലക്ട്രിക്കലായി മാറിയിരിക്കും. പല രാജ്യങ്ങളിലും ഇപ്പോള്‍ തന്നെ വൈദ്യുതി വാഹനങ്ങള്‍ വ്യാപകമായിത്തുടങ്ങിയിരിക്കുന്നു. വൈകാതെ എണ്ണ ആര്‍ക്കും വേണ്ടാത്ത വസ്തുവായി മാറും. ഗള്‍ഫ് രാജ്യങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.