മണ്ഡലപരിചയം- സുൽത്താൻ ബത്തേരി; യു.ഡി.എഫ് കോട്ടയിൽ ഇത്തവണ മാറ്റമുണ്ടാകുമോ?
text_fieldsസുൽത്താൻ ബത്തേരി: കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളോട് അതിർത്തി പങ്കിടുന്ന വയനാട്ടിലെ ഏക നിയമസഭ മണ്ഡലമാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയും പൂതാടി, നെന്മേനി, നൂൽപ്പുഴ, പുൽപള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് നിയമസഭ മണ്ഡലം. പൊതുവേ യു.ഡി.എഫിനോടാണ് ആഭിമുഖ്യം.
എന്നാൽ, എൽ.ഡി.എഫ് വിജയക്കൊടി പാറിച്ച അനുഭവങ്ങളും ഉണ്ട്. 1977 മുതൽ 2016 വരെ നടന്ന പത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിൽ എട്ടുതവണ കോൺഗ്രസ് സ്ഥാനാർഥികളും രണ്ടുതവണ സി.പി.എം സ്ഥാനാർഥികളുമാണ് വിജയിച്ചത്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രൻ മാസ്റ്റർ മൂന്നുതവണ വിജയിച്ചു. 2006ൽ സി.പി.എമ്മിലെ പി. കൃഷ്ണപ്രസാദ് 25540 വോട്ടിെൻറ ഭൂരിപക്ഷത്തിന് ഡി.ഐ.സിയിലെ എൻ.ഡി. അപ്പച്ചനെ തോൽപിച്ചു. പക്ഷേ 2011ൽ ഐ.സി. ബാലകൃഷ്ണനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2016ലും ഐ.സി. ബാലകൃഷ്ണൻ വിജയം ആവർത്തിച്ചു.
കോൺഗ്രസിലെ ഗ്രൂപ് വഴക്കുകളാണ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം സമ്മാനിച്ചതെന്നാണ് മുൻ തെരഞ്ഞെടുപ്പുകൾ നൽകുന്ന പാഠം. യു.ഡി.എഫിനൊപ്പം മനസ്സുള്ള സുൽത്താൻ ബത്തേരി നഗരസഭ ഇത്തവണ എൽ.ഡി.എഫിന് വലിയ വിജയം സമ്മാനിച്ചു.യു.ഡി.എഫിെൻറ ഐക്യമില്ലായ്മയാണ് ഇടതിന് തുണയായത്. മുസ്ലിം ലീഗിനും കോൺഗ്രസിനും ബത്തേരി നഗരസഭയിലുണ്ടായ തിരിച്ചടിയുടെ ആഘാതം വലുതാണ്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും അതിൽ അയവുവന്നതായി സുൽത്താൻ ബത്തേരിയിലെ യു.ഡി.എഫ് നേതാക്കൾ പറയുന്നില്ല. അതേസമയം, ഇടത് കോട്ടകളായ ചില പഞ്ചായത്തുകൾ ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തത് മൊത്തത്തിൽ യു.ഡി.എഫ് ക്യാമ്പിൽ വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. മീനങ്ങാടിയും നൂൽപ്പുഴയും നെന്മേനിയും പൂതാടിയും സി.പി.എമ്മിെൻറ നടുെവാടിച്ചത് നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. 2011 മുതൽ മണ്ഡലം പട്ടികവർഗ സംവരണമാണ്. പണിയ, കുറുമ വിഭാഗത്തിൽപെട്ടവരെ സ്ഥാനാർഥികളാക്കാൻ മുന്നണികൾ തയാറാകണമെന്ന് ഈ വിഭാഗങ്ങളുടെ സമുദായ കൂട്ടായ്മകൾ ആവശ്യപ്പെടുന്നു.
ഈ ആവശ്യം സമവായത്തിലൂടെ പരിഹരിക്കാൻ ഇരുമുന്നണികളിലും ചർച്ചകൾ സജീവമാണ്. കഴിഞ്ഞതവണ ഇരുമുന്നണികളോടും പൊരുതിയ ജനാധിപത്യ രാഷ്ട്രീയ സഭയുടെ സി.കെ. ജാനു 27920 വോട്ടുകൾ നേടിയിരുന്നു. സ്ഥാനാർഥി ചർച്ചയിൽ സി.പി.എം ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും വിവരം പുറത്തുവിട്ടിട്ടില്ല. യു.ഡി.എഫിൽ ഐ.സി. ബാലകൃഷ്ണൻ തന്നെയാണ് ഒന്നാമത്. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥെൻറ പേര് മുന്നണിയിലും പുറത്തും ചർച്ചചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. എം.എസ്. വിശ്വനാഥൻ അടുത്ത ദിവസം കെ.പി.സി.സി നേതൃത്വത്തെ കാണുന്നുണ്ട്. നഗരസഭ ചെയർമാൻ ടി.കെ. രമേശെൻറ പേരാണ് സി.പി.എം സജീവമായി പരിഗണിക്കുന്നത്.
നിയമസഭ ഇതുവരെ
1977-കെ. രാഘവൻ മാസ്റ്റർ- കോൺഗ്രസ് -29204
നിടിയഞ്ചേരി വാസു- എൽ.ഡി.എഫ് -24213
ഭൂരിപക്ഷം-4991
1980-കെ.കെ. രാമചന്ദ്രൻ മാസ്റ്റർ-കോൺഗ്രസ്-36974
പി.ടി. ജോസ് -കെ.ഇ.സി- 29580
ഭൂരിപക്ഷം-7394
1982-കെ.കെ. രാമചന്ദ്രൻ മാസ്റ്റർ-കോൺഗ്രസ് -31858
പി.വി. വർഗീസ് വൈദ്യർ-സി.പി.എം- 28623
ഭൂരിപക്ഷം-3235
1987-കെ.കെ. രാമചന്ദ്രൻ മാസ്റ്റർ-കോൺഗ്രസ്-39102
സിറിയക് ജോൺ- ഐ.സി.എസ്-34976
ഭൂരിപക്ഷം-4126
1991-കെ.സി. റോസാക്കുട്ടി ടീച്ചർ-കോൺഗ്രസ്-53050
പി.വി. വർഗീസ് വൈദ്യർ-സി.പി.എം-50544
ഭൂരിപക്ഷം-2006
1996-പി.വി. വർഗീസ് വൈദ്യർ-സി.പി.എം-50316
കെ.സി. റോസാക്കുട്ടി ടീച്ചർ-കോൺഗ്രസ് -49020
ഭൂരിപക്ഷം-1296
2001-എൻ.ഡി. അപ്പച്ചൻ-ഐ.എൻ.സി-68685
ഫാ. മത്തായി നൂറനാൽ-സ്വതന്ത്രൻ-45132
ഭൂരിപക്ഷം- 23553
2006-പി. കൃഷ്ണപ്രസാദ്-സി.പി.എം- 63092
എൻ.ഡി. അപ്പച്ചൻ-ഡി.ഐ.സി-37552
ഭൂരിപക്ഷം-25540
2011- ഐ.സി. ബാലകൃഷ്ണൻ-കോൺഗ്രസ്- 71509
ഇ.എ. ശങ്കരൻ-എൽ.ഡി.എഫ്- 63926
ഭൂരിപക്ഷം-7583
2016-ഐ.സി. ബാലകൃഷ്ണൻ-കോൺഗ്രസ് - 75747
രുക്മിണി സുബ്രഹ്മണ്യൻ- സി.പി.എം-65647
ഭൂരിപക്ഷം-11198
2019 ലോക്സഭ തെരഞ്ഞെടുപ്പ് ബത്തേരി വോട്ടുനില.
രാഹുൽ ഗാന്ധി-ഐ.എൻ.സി-110697
പി.പി. സുനീർ-സി.പി.ഐ-40232
തുഷാർ വെള്ളാപ്പള്ളി-എൻ.ഡി.എ-17602
ഭൂരിപക്ഷം-70465
2020 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടുനില
യു.ഡി.എഫ്-78340
എൽ.ഡി.എഫ്- 76610
എൻ.ഡി.എ-24947
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ-മീനങ്ങാടി, നൂൽപ്പുഴ, പൂതാടി, പുൽപള്ളി, നെന്മേനി, മുള്ളൻകൊല്ലി.
എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത്-അമ്പലവയൽ.
എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭ- സുൽത്താൻ ബത്തേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.