തലസ്ഥാനത്ത് വാടുമോ, വീണ്ടും വിടരുമോ താമര
text_fieldsഎല്ലാ കണ്ണുകളും നേമത്തേക്ക്. കേരളത്തിലെ ഗുജറാത്താണ് നേമമെന്ന കുമ്മനം രാജശേഖരെൻറ വാദത്തിലും മോദിയുടെ ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ് നേമമെന്ന മുരളീധരെൻറ തിരിച്ചടിയിലും കൊണ്ടും കൊടുത്തും മുന്നേറുന്ന വി. ശിവൻകുട്ടിയിലും മത്സര ചിത്രം വായിച്ചെടുക്കാം. കഴിഞ്ഞ കുറി കൈമോശപ്പെട്ട നേമം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് യു.ഡി.എഫും ഇടതും.
ബാഹ്യ പ്രകടനങ്ങൾക്കപ്പുറം സങ്കീർണമാണ് നേമം. മണ്ഡലം കൈവെള്ള പോലെ പരിചിതനായ സി.പി.എമ്മിലെ ശിവൻകുട്ടിയും രാജഗോപാലിനുപകരം വന്ന ബി.ജെ.പിയുടെ കുമ്മനവും ചിട്ടയായ നീക്കങ്ങളിലൂടെ മുന്നേറുന്നു.
ഇരുവരും ജയകണക്ക് കൂട്ടിെവച്ചിരിക്കുന്നതിനിെടയാണ് മുരളീധരെൻറ രംഗപ്രവേശം.ആൾക്കൂട്ടത്തിനുമപ്പുറത്ത് മുരളീധരന് അടിത്തട്ടിളക്കി മറിക്കാനാകുമോയെന്ന് വരും ദിവസങ്ങളിലേ വ്യക്തമാകൂ. എണ്ണയിട്ട യന്ത്രം പോലെയാണ് സി.പി.എം പ്രവർത്തനം. ലോക്സഭ, തദ്ദേശം, നിയമസഭ കണക്കുകൾ ബി.ജെ.പിക്ക് അനുകൂലമാണ്. മുരളീധരെൻറ വരവോടെ വോട്ടുസമവാക്യങ്ങളിൽ മാറ്റമുണ്ടാകും. ഇത് ഫലത്തിൽ നിർണായകമാകും.
ഭരണത്തിലേക്ക് ചായുന്ന തലസ്ഥാനം
ഭരണത്തിലേക്ക് ചരിഞ്ഞാകും എന്നും തലസ്ഥാനത്തിെൻറ വിധിയെഴുത്ത്. അധികാര രാഷ്ട്രീയവും ഭരണ അന്തർനാടകങ്ങളും പ്രതിപക്ഷ പോരാട്ടങ്ങളും അടുത്തുനിന്ന് കണ്ട് പരിചയിച്ചവർ. ഇടതിന് ഭരണം കിട്ടുേമ്പാൾ സീറ്റുകൾ ഏറെയും അവിടേക്ക്. യു.ഡി.എഫിനാകുേമ്പാൾ തിരിച്ചും. നിലവിൽ 14ൽ പത്തിൽ ഇടതും മൂന്നിൽ യു.ഡി.എഫും ഒന്നിൽ ബി.ജെ.പിയും. തദ്ദേശത്തിൽ ഇടത് സർവാധിപത്യം. ഭരണമികവിലും സംഘടനാ മികവിലും വിജയം ആവർത്തിക്കാമെന്നാണ് ഇടതു പ്രതീക്ഷ. മികച്ച സ്ഥാനാർഥികളിലൂടെ തിരിച്ചുപിടിക്കാൻ യു.ഡി.എഫ്. രണ്ടിടത്ത് രണ്ടാമത് നിൽക്കുന്ന ബി.ജെ.പി നേമത്തിനു പുറമെ കൂടുതൽ മണ്ഡലങ്ങളിലേക്ക് കടന്നുകയറൽ ലക്ഷ്യമിടുന്നു.
കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും കാട്ടാക്കടയിലും കടുത്ത ത്രികോണം
നേമത്തിനു പുറമെ കഴക്കൂട്ടത്തും കാട്ടാക്കടയിലും വട്ടിയൂർക്കാവിലും കടുത്ത ത്രികോണപ്പോര്. േനമത്തിനടുത്തുവരും കഴക്കൂട്ടത്തിെൻറ മത്സരച്ചൂട്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, യു.ഡി.എഫിലെ ലോക പ്രശസ്ത ഭിഷഗ്വരൻ ഡോ. എസ്.എസ്. ലാൽ, സംസ്ഥാന നേതൃത്വം എതിർത്തിട്ടും ദേശീയ നേതൃത്വത്തിൽനിന്ന് സീറ്റ് നേടിയ ബി.െജ.പിയുടെ ശോഭ സുരേന്ദ്രൻ എന്നിവരുടെ ഇഞ്ചിനിഞ്ച് പോരാട്ടം.
749 വോട്ട് ഭൂരിപക്ഷത്തിൽ ഇടതു ജയിച്ച കാട്ടാക്കടയിൽ ഇക്കുറിയും തീക്ഷ്ണ മത്സരം. സിറ്റിങ് എം.എൽ.എ െഎ.ബി. സതീഷും കോൺഗ്രസിലെ പുതുമുഖം മലയിൻകീഴ് വേണുഗോപാലും ബി.ജെ.പിയുടെ പി.കെ. കൃഷ്ണദാസും. 38,700 വോട്ടുകൾ കഴിഞ്ഞ തവണ കൃഷ്ണദാസ് പിടിച്ചിരുന്നു.
വട്ടിയൂർക്കാവിൽ യുവതയുടെ ഏറ്റുമുട്ടലാണ്. സി.പി.എമ്മിലെ വി.കെ. പ്രശാന്ത്, കോൺഗ്രസിലെ പുതുമുഖം വീണ എസ്. നായർ, ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ്. കഴിഞ്ഞതവണ മുരളീധരൻ 8000 വോട്ടിന് വിജയിച്ചപ്പോൾ രണ്ടാമത് ബി.ജെ.പിയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഇടതിന് 14,465 ഭൂരിപക്ഷമായി. ബി.ജെ.പി മൂന്നാമതും.
ഇഞ്ചോടിഞ്ച്
ഇഞ്ചോടിഞ്ച് നീങ്ങുകയാണ് വർക്കല, വാമനപുരം, നെയ്യാറ്റിൻകര, അരുവിക്കര, പാറശ്ശാല മണ്ഡലങ്ങൾ. പതിെനട്ടടവും ഇരുകൂട്ടരും പുറത്തെടുക്കുന്നു. അരുവിക്കര നിലനിർത്തുമെന്നും മറ്റുള്ളവ തിരിച്ചുപിടിക്കുമെന്നും യു.ഡി.എഫ് കട്ടായം പറയുന്നു. മികച്ച സ്ഥാനാർഥികളിലാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാൽ, മത്സരം ശക്തമാണെങ്കിലും വിജയം ഉറപ്പെന്നാണ് ഇടതുപക്ഷം പറയുന്നത്. അരുവിക്കരയുടെ സാമുദായിക സമവാക്യത്തിൽ സ്റ്റീഫെൻറ സ്ഥാനാർഥിത്വത്തിലൂടെ അട്ടിമറി അവർ പ്രതീക്ഷിക്കുന്നു. വർക്കലയിലും വാമനപുരത്തും ബി.ഡി.ജെ.എസും മറ്റ് മണ്ഡലങ്ങളിൽ ബി.ജെ.പിയുമാണ് എൻ.ഡി.എ സ്ഥാനാർഥികൾ.
കുത്തക മണ്ഡലങ്ങളിലും കടുത്ത മത്സരം
നെടുമങ്ങാട്, തിരുവനന്തപുരം, ആറ്റിങ്ങൽ, ചിറയിൻകീഴ്, കോവളം മത്സരം കടുക്കുകയാണ്. സാമുദായിക സമവാക്യങ്ങൾ പല മണ്ഡലങ്ങളിലും നിർണായകം. ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട് നല്ല രാഷ്ട്രീയപ്പോര്. നെടുമങ്ങാട്ടും ആറ്റിങ്ങലിലും പുതുമുഖങ്ങളുടെ പോരാട്ടം. ചിറയിൻകീഴിൽ വീണ്ടുമിറങ്ങിയ ഡെപ്യൂട്ടി സ്പീക്കർ വി. ശശിക്കെതിരെ കോൺഗ്രസ് പുതുമുഖം ബി.എസ്. അനൂപ്. യു.ഡി.എഫിെൻറ സിറ്റിങ് എം.എൽ.എ എം. വിൻസെൻറിനെതിരെ കോവളത്ത് എ. നീലലോഹിതദാസും തിരുവനന്തപുരത്ത് വി.എസ്. ശിവകുമാറിനെതിരെ ആൻറണി രാജുവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.