ബി.ഡി.ജെ.എസ് കാലുവാരി, പാർട്ടി വോട്ടിലും ചോർച്ച; കമീഷൻ മുമ്പാകെ ബി.ജെ.പി നേതാക്കൾ
text_fieldsആലപ്പുഴ: മുന്നണിയുടെ ഭാഗമായിരുന്നിട്ടും നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ജില്ലയിൽ കാലുവാരിയെന്ന് ബി.ജെ.പി നേതാക്കൾ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ നിലപാട് മകൻ പ്രസിഡൻറായ ബി.ഡി.ജെ.എസ് സ്ഥാനാർഥികൾക്കു പോലും ഗുണകരമായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന കമീഷൻ മുമ്പാകെ ബി.ജെ.പി നേതാക്കൾ മൊഴിനൽകി. ചേർത്തല, അരൂർ, കുട്ടനാട്, കായംകുളം മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. ഇവിടങ്ങളിൽപോലും എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ ബി.ഡി.ജെ.എസിനെ അനുകൂലിച്ചില്ല. ബി.ജെ.പി മത്സരിച്ച അഞ്ചു മണ്ഡലങ്ങളിലാകട്ടെ ബി.ഡി.ജെ.എസ് കാലുവാരി.
കുട്ടനാട്ടിൽ മുൻ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെ അനുകൂലിക്കുന്നവർ എതിരായി പ്രവർത്തിച്ചെന്നു നേതാക്കൾ പറഞ്ഞു. കായംകുളത്തെ ബി.ഡി.ജെ.എസ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട മൈക്രോ ഫിനാൻസ് ക്രമക്കേട് വിവാദമാക്കാൻ അവിടത്തെ ചില നേതാക്കൾ പ്രവർത്തിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം കോർ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, മുൻ ഭാരവാഹികൾ എന്നിവരിൽനിന്നാണ് മൊഴിയെടുത്തത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിയിലുണ്ടായ വിഭാഗീയത വോട്ടുചോർച്ചക്കു കാരണമായെന്നും നേതാക്കൾ അറിയിച്ചു. മാവേലിക്കര മണ്ഡലം ഒഴികെ മറ്റെല്ലായിടത്തും ഇതുണ്ടായി. ചെങ്ങന്നൂരിൽ സ്ഥാനാർഥിത്വം നിഷേധിച്ച ബാലശങ്കറിനെ അനുകൂലിക്കുന്നവരുടെ വോട്ടുകൾ സി.പി.എം സ്ഥാനാർഥിക്കു മറിഞ്ഞു. അമ്പലപ്പുഴയിൽ അനൂപ് ആൻറണിയെ മത്സരിപ്പിച്ചതിനെതിരെ ഒരുവിഭാഗം പരസ്യമായി രംഗത്തുണ്ടായിരുന്നു. ഇവരിൽ പലരും കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥി പുന്നപ്ര രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനെച്ചൊല്ലി നേതാക്കൾക്കിടയിൽ ചേരിതിരിവുണ്ടായി. എതിരഭിപ്രായക്കാർ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നു. ഹരിപ്പാട്ടും വിഭാഗീയത പ്രകടമായിരുന്നു. ഇവിടെ രമേശ് ചെന്നിത്തലയെ സഹായിക്കുന്ന നിലപാടാണ് ഒരുവിഭാഗം സ്വീകരിച്ചത്.
ഹരിപ്പാടിന് പുറമെ കായംകുളം, അമ്പലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും ബി.ജെ.പി വോട്ട് കോൺഗ്രസ് സ്ഥാനാർഥികൾക്ക് അനുകൂലമായി മറിഞ്ഞു. ആലപ്പുഴയിലെ ഒരുവിഭാഗം വോട്ടുകൾ സി.പി.എം സ്ഥാനാർഥിക്ക് അനുകൂലമായതായും നേതാക്കൾ പരാതിപ്പെട്ടു. തെരഞ്ഞെടുപ്പുഫണ്ട് താഴെത്തട്ടിൽ എത്തിയിയില്ലെന്നും പരാതിയുണ്ടായി.
സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സെക്രട്ടറി എസ്. സുരേഷ് എന്നിവരായിരുന്നു അന്വേഷണ കമീഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.