നിയമസഭ തെരഞ്ഞെടുപ്പ്: സംഘടന ദൗർബല്യം വിനയായി; പ്രവർത്തിച്ചത് തട്ടിക്കൂട്ട് കമ്മിറ്റികളെന്ന് കെ.പി.സി.സി കമീഷന് പരാതി
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് ജില്ലയിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നിൽ സംഘടന ദൗർബല്യമാണെന്ന് കെ.പി.സി.സി കമീഷന് മുന്നിൽ നേതാക്കളുടെ പരാതി. ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന വി.സി. കബീർ ചെയർമാനും പുനലൂർ മധു, ഖാദർ മങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതിയുടെ തെളിവെടുപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ടവരെ മാറ്റിനിർത്തിയാണ് പലർക്കും സീറ്റ് നൽകിയത്. ഇതിന് ജില്ലനേതൃത്വം കൂട്ടുനിന്നതോടെ നിയമസഭ തെരഞ്ഞെടുപ്പിലും കനത്തതിരിച്ചടി നേരിടേണ്ടിവന്നു. ഇതിനൊപ്പം പ്രവർത്തന പരിചയവും സംഘാടന ശേഷിയുമുള്ളവരെ പലരെയും മാറ്റി നിർത്തിയാണ് ബ്ലോക്ക് - മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്.
ആലപ്പുഴ നഗരസഭയിൽ 52 സീറ്റിൽ 16 ഇടത്ത് വിമതസ്ഥാനാർഥികൾ മത്സരിച്ചു. റിബലുകൾ മത്സരിച്ച വാർഡുകളിൽഒന്നിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ ആലപ്പുഴയിൽ 11 സീറ്റിൽ ഇതോടെ ഒതുങ്ങേണ്ടിവന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി സംഘടന ദൗർബല്യമാണെന്ന് തിരിച്ചറിഞ്ഞിട്ടും പരിഹാരത്തിന് ജില്ലനേതൃത്വം ഇടപെട്ടില്ലെന്ന് ചിലർ ആരോപിച്ചു. പിന്നാലെയെത്തിയ നിയമസഭ തെരഞ്ഞെടുപ്പിൽ തട്ടിക്കൂട്ടിയ കമ്മിറ്റികളാണ് പ്രവർത്തിച്ചത്.
ആലപ്പുഴയിലും അമ്പലപ്പുഴയിലും ചേർത്തലയിലും മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചിട്ടും അവസരം ഉപയോഗപ്പെടുത്താതെ അപ്രതീക്ഷിതമായി സ്ഥാനാർഥികൾ കളത്തിലിറങ്ങിയത് തിരിച്ചടിക്ക് കാരണമായി. കായംകുളത്ത് പരിഗണിച്ചിരുന്ന എം. ലിജുവിനെ അമ്പലപ്പുഴയിലേക്കും അവസാനഘട്ടത്തിൽ എം. മുരളിയെ ചെങ്ങന്നൂർ മത്സരിപ്പിച്ചതും പ്രവർത്തകരുടെ മനോവീര്യം കെടുത്തി.
ചേർത്തലയിലും ആലപ്പുഴയിലും തീരദേശ വോട്ടുകൾ കോൺഗ്രസിന് കിട്ടിയില്ല. ഇതിനൊപ്പം മുസ്ലിംവോട്ടുകളും ഇടതുപക്ഷത്തേക്ക് പോയതിനൊപ്പം ക്രൈസ്തവ വോട്ടുകളും നഷ്ടപ്പെട്ടുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. രണ്ടുദിവസമായി നടന്ന തെളിവെടുപ്പിൽ ഷാനിമോൾ ഉസ്മാൻ, എം. ലിജു, എസ്. ശരത്, ഡോ. കെ. എസ്. മനോജ്, അരിത ബാബു, കെ.കെ. ഷാജു, ജേക്കബ് എബ്രഹാം എന്നിവർ നേരിട്ട് സമിതിക്ക് മുന്നിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.