നിയമസഭ നാലുമുതൽ; 45 ഒാർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കും
text_fieldsതിരുവനന്തപുരം: നിയമനിർമാണം ലക്ഷ്യമിട്ട് സംസ്ഥാന നിയമസഭ ഒക്ടോബർ നാലുമുതൽ സമ്മേളിക്കും. 45 ഒാർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ സമ്മേളനം പരിഗണിക്കും. ഒരു ദിവസം നാല് ബില്ലുകൾവരെ പരിഗണിക്കാനാണ് ലക്ഷ്യമിടുന്നത്. നിയമസഭ കടലാസ്രഹിതമാക്കുള്ള പദ്ധതി കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 12 വരെയാണ് ഇപ്പോൾ സമ്മേളന കലണ്ടർ നിശ്ചയിച്ചിരിക്കുന്നത്. 24 ദിവസം സഭ ചേരും. ആദ്യ രണ്ടുദിവസങ്ങളില്‍ സഭ പരിഗണിക്കുന്ന ബില്ലുകള്‍ സ്പീക്കർ നിശ്ചയിച്ചു. തിങ്കളാഴ്ച കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍, പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍, നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബില്‍, മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവ. ചൊവ്വാഴ്ച സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, പൊതുവില്പന നികുതി (ഭേദഗതി) ബില്‍, കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്‍ എന്നിവയും ചർച്ച ചെയ്യും. ഒക്ടോബര്‍ ആറ് മുതല്‍ പരിഗണിക്കുന്ന ബില്ലുകൾ കാര്യോപദേശക സമിതി യോഗം ചേർന്ന് തീരുമാനിക്കും.
വിവിധ സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലുകള്‍, കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍, മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബില്‍, പൊതുജനാരോഗ്യ ബില്‍, സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്‍, കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ബില്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ബില്‍ തുടങ്ങിയവയാണ് സഭയിൽ വരുന്ന പ്രധാന ബില്ലുകള്‍.
കോവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷമായി സഭാ സമ്മേളന ദിനങ്ങളില്‍ ഗണ്യമായ കുറവ് വന്നതുകൊണ്ടാണ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ യഥാസമയം പാസാക്കാന്‍ കഴിയാതിരുന്നെതന്ന് സ്പീക്കർ പറഞ്ഞു. സഭയുടെ സന്ദര്‍ശക ഗാലറികളിലേക്ക് പരിമിതമായ തോതില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുന്നത് പരിഗണിക്കും. സ്വാതന്ത്ര്യത്തിെൻറ 75ാം വാര്‍ഷിക ആഘോഷ ഭാഗമായി നിയമസഭയുടെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കോണ്‍ഫറന്‍സുകള്‍, സ്കൂള്‍-കോളജ് വിദ്യാർഥികള്‍, യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പാക്കും. കോവിഡ് ഭീഷണി ഒഴിയുന്ന മുറക്ക് നിയമസഭ മ്യൂസിയം, നിയമസഭ ലൈബ്രറി എന്നിവയുടെ വിപുലീകരണം നടത്തുമെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.