നിയമസഭ ചോദ്യോത്തരം
text_fieldsവന്യമൃഗ ആക്രമണ നഷ്ടപരിഹാരം: ട്രൈബ്യൂണൽ ആലോചനയിൽ -മന്ത്രി
തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളിലെ നഷ്ടപരിഹാരം സമയബന്ധിതമായി നൽകുന്നതിന് മോട്ടോർ വാഹന ക്ലെയിം ട്രൈബ്യൂണൽ മാതൃകയിൽ ട്രൈബ്യൂണൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. നഷ്ടപരിഹാരത്തുക ഉയർത്തുന്നതും സർക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. കണ്ണൂരിലെ ആറളം ഫാമിലടക്കം കാട്ടാനയുൾപ്പെടെ വന്യജീവികളുടെ ആക്രമണം തടയുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിന് ചെലവാകുന്ന തുക ഉയർത്തി കഴിഞ്ഞദിവസം വനംവകുപ്പ് ഉത്തരവിറക്കി.
ഡാമുകളിൽ നിന്ന് മണ്ണും ചളിയും നീക്കാൻ തീരുമാനം
തിരുവനന്തപുരം: മലങ്കര, മീങ്കര, ചുള്ളിയാർ, വാളയാർ, മംഗലം, മലമ്പുഴ, പോത്തുണ്ട്, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, കാരാപ്പുഴ, പഴശി, ചിമ്മിനി ഡാമുകളിൽ നിന്ന് മണ്ണും ചളിയും നീക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. തെന്മല, നെയ്യാർ ഡാമുകളിലെ സംഭരണശേഷി കുറഞ്ഞിട്ടുണ്ട്. സംഭരണശേഷി കുറവുവന്ന ഡാമുകളിൽ എക്കലും ചളിയും നീക്കാനുള്ള നടപടികൾ സ്വീകരിച്ചു.
മത്സ്യ ലഭ്യതയിൽ ഏറ്റക്കുറച്ചിൽ
തിരുവനന്തപുരം: കടൽ മത്സ്യങ്ങളുടെ ലഭ്യതയിൽ ഏറ്റക്കുറച്ചിലുണ്ടായിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ആഗോള താപനം, കണ്ടൽക്കാടുകളുടെ നാശം, ചെറുമത്സ്യങ്ങളെ പിടിക്കുന്നതടക്കമുള്ള അശാസ്ത്രീയ മത്സ്യബന്ധന രീതികൾ, ജലമലിനീകരണം തുടങ്ങിയ മത്സ്യലഭ്യതക്കുറവിന് കാരണമാകുന്നുണ്ട്. 2022-23ൽ 6.90 ലക്ഷം മെട്രിക് ടണ്ണായിരുന്ന മത്സ്യോല്പാദനം 2023-24ൽ 5.81ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. അതേസമയം, ഉൾനാടൻ മത്സ്യബന്ധനത്തിൽ കുറവുണ്ടായിട്ടില്ല. 2022-23ൽ 2.29 ലക്ഷം മെട്രിക് ടണ്ണായിരുന്നത് 2023-24ൽ 2.51 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
ഒയാസിസ് കമ്പനിക്ക് ജലം നല്കാൻ അനുമതി നല്‍കിയിട്ടില്ല
തിരുവനന്തപുരം: എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്ന ഒയാസിസ് കമ്പനിക്ക് ജലം നല്കാൻ പാലക്കാട് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയില്‍ പറഞ്ഞു. ഒയാസിസിന് പൊതുമേഖല എണ്ണക്കമ്പനികളുടെ എഥനോൾ ഉല്പാദനവുമായി ബന്ധപ്പെട്ട് ക്ഷണിക്കുന്ന ദർഘാസിന്റെ ഭാഗമായ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റില്‍ പങ്കെടുക്കുന്നതിന് ജലലഭ്യത സംബന്ധിച്ച സാധ്യത കിൻഫ്രക്കുവേണ്ടി നിർമാണം പുരോഗമിച്ചുവരുന്ന വ്യാവസായിക ജലവിതരണ പദ്ധതിയിലൂടെ തേടാമെന്ന കത്താണ് സൂപ്രണ്ടിങ് എൻജിനീയർ പാലക്കാട് ഓഫിസിൽ നിന്ന് നൽകിയത്. കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിലേക്ക് വേണ്ടിയുള്ള 10 എം.എല്‍.ഡി വ്യവസായിക കുടിവെള്ള പദ്ധതിയിൽ നിന്ന് ലഭ്യത സംബന്ധിച്ച സാധ്യത തേടാവുന്നതാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നതായി മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.
ഭൂമി വാങ്ങുന്നതിനുള്ള തുകയുടെ അപര്യാപ്തത പരിശോധിക്കും
തിരുവനന്തപുരം: ഭൂരഹിതരായ പട്ടികജാതി-വര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിന് നല്കുന്ന തുകയുടെ അപര്യാപ്തത പരിശോധിക്കുമെന്ന് മന്ത്രി ഒ.ആര്. കേളു. എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഭൂമിയുടെ വില കോർപറേഷൻ, പഞ്ചായത്ത് പരിധിയില്‍ പൊതുവേ വർധിച്ചിട്ടുണ്ട്. അതിനാൽ സര്‍ക്കാര്‍ നല്കുന്ന തുക പ്രകാരം ഭൂമി ലഭിക്കാത്ത സാഹചര്യമുണ്ട്. അതേക്കുറിച്ച് സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.