നിയമസഭ സമ്മേളനം: വിഷയാധിഷ്ടിതമായി നിലപാട് സ്വീകരിക്കാൻ മുസ്‍ലിം ലീഗ്; എം.എൽ.എമാരുടെ യോഗം വിളിച്ചു
text_fieldsതിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭ സമ്മേളനത്തിന് മുന്നോടിയായി അസാധാരണ യോഗം വിളിച്ച് മുസ്‍ലിം ലീഗ്. ലീഗ് എം.എൽ.എമാരുടെ യോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വിളിച്ചത്. സമ്മേളനത്തിൽ വിഷയാധിഷ്ടിതമായി നിലപാട് സ്വീകരിക്കാനാണ് ലീഗ് നീക്കം. ഇത് ചർച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് സൂചന. സാധാരണയായി മുസ്‍ലിം ലീഗ് ഇത്തരത്തിൽ യോഗം വിളിക്കാറില്ല.
ഡിസംബർ അഞ്ചിന് തുടങ്ങുന്ന നിയമസഭ സമ്മേളനം 15 വരെ നീണ്ടുനിൽക്കും. ഒമ്പത് ദിവസത്തെ സമ്മേളനം നിയമനിർമാണത്തിന് മാത്രമായിരിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചിരുന്നു. 15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണിത്. സമ്മേളന കാലയളവ് നീട്ടണമോയെന്ന് കാര്യോപദേശകസമിതി ചേർന്ന് തീരുമാനിക്കും. സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകളിൽ സ്പീക്കറായിരിക്കും തീരുമാനമെടുക്കുക.
ഗവർണറെ യൂനിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ ഈ സഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. പ്രതിപക്ഷം ബില്ലിനെ അനുകൂലിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ ലീഗിന് വ്യത്യസ്ത നിലപാടാണുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.