നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; അരനൂറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടി അംഗമല്ലാതെ ഇതാദ്യം!
text_fieldsതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ എന്നിവരുടെ ചരമോപചാരത്തോടെ നിയമസഭ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ചരമോപചാരം മാത്രമാണ് തിങ്കളാഴ്ചയിലെ അജണ്ട. രാവിലെ ഒമ്പതിന് തുടങ്ങുന്ന സഭാസമ്മേളനം ഇരുവർക്കും ആദരം അർപ്പിച്ച ശേഷം മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാതെ പിരിയും. ചൊവ്വാഴ്ച മുതൽ സഭാസമ്മേളനം ചൂടേറിയ ചർച്ചകൾക്ക് വേദിയാകും.
സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, സപ്ലൈകോ സ്റ്റോറുകളിലെ അവശ്യസാധനങ്ങളുടെ ക്ഷാമം, മന്ത്രി ആർ. ബിന്ദുവിനെതിരായ പ്രിൻസിപ്പൽ നിയമനത്തിലെ ഇടപെടൽ വിവാദം, തെരുവുനായ് ശല്യം, മലബാറിലെ പ്ലസ് ടു സീറ്റ് ക്ഷാമം, മുതലപ്പൊഴിയിൽ തുടർക്കഥയാകുന്ന തോണിയപകടം എന്നിങ്ങനെ പ്രശ്നങ്ങൾ അടിയന്തര പ്രമേയമായും ശ്രദ്ധക്ഷണിക്കലായും സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. വലിയ വാർത്തയായിട്ടും ഒന്നിലും പ്രതികരിക്കാതെ മാറിനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നിലപാട് പറയാൻ നിർബന്ധിക്കുകയെന്ന തന്ത്രമാകും പ്രതിപക്ഷം സ്വീകരിക്കുക.
സ്പീക്കർ എ.എൻ. ഷംസീറുമായി ബന്ധപ്പെട്ട മിത്ത് വിവാദവും ചർച്ചക്ക് വരും. എന്നാൽ, വിഷയം പ്രധാന ചർച്ചയാക്കാൻ പ്രതിപക്ഷത്തിന് താൽപര്യമില്ല. മിത്ത്വിവാദം സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന രീതിയിൽ ആളിക്കത്തുന്നതിൽ മുസ്ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫിലെ ഘടകകക്ഷികൾക്ക് താൽപര്യമില്ല. വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന നിലപാടാണ് ഭരണപക്ഷത്തുമുള്ളത്. അതുകൊണ്ടുതന്നെ മിത്ത് വിവാദം സഭയിൽ കത്താനിടയില്ല. ഇക്കാര്യത്തിലെ നിലപാട് തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിലാകും തീരുമാനം.
പുതിയ ബില്ലുകളിൽ ഏതൊക്കെ നിയമസഭ സമ്മേളനത്തിൽ പരിഗണിക്കണമെന്ന് തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയോഗം തീരുമാനിക്കും. സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കുശേഷം വരുന്ന ഏതാനും ബില്ലുകളും സഭയിലെത്തും. ബില്ലുകളുടെ കരട് സമർപ്പിക്കാൻ ഇന്ന് മന്ത്രിസഭയും ചേരുന്നുണ്ട്.
അരനൂറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടി അംഗമല്ലാതെ ഇതാദ്യം!
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അംഗമല്ലാതെയുള്ള അര നൂറ്റാണ്ടിനിടെ ആദ്യസമ്മേളനമാണ് ഇന്ന് ചേരുന്നത്. 1970ൽ പുതുപ്പള്ളിയിൽനിന്ന് ജയിച്ച് സഭാംഗമായ അദ്ദേഹം മരണം വരെയും എം.എൽ.എ പദവി നിലനിർത്തി. സഭാസമ്മേളനത്തിൽ പലഘട്ടങ്ങളിൽ അദ്ദേഹം ദിവസങ്ങൾ മാറിനിന്നിട്ടുണ്ടെങ്കിലും ഉമ്മൻ ചാണ്ടി അംഗമല്ലാത്ത സഭ അഞ്ചുപതിറ്റാണ്ടിനിടെ ഇതാദ്യം. പ്രതിപക്ഷപക്ഷത്ത് ഒന്നാംനിരയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഇരിപ്പിടം. അദ്ദേഹമില്ലാത്ത സഭയിൽ അതനുസരിച്ച് സീറ്റുകളിൽ മാറ്റവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.