നിയമസഭ സമ്മേളനം നാളെ മുതൽ; വിലക്കയറ്റം മുഖ്യചർച്ചയാക്കാൻ പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യദിനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. തുടർന്നുള്ള ദിവസങ്ങളിൽ പ്രധാനമായും നിയമനിർമാണങ്ങളാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്പീക്കർ എ.എൻ. ഷംസീറുമായി ബന്ധപ്പെട്ട ശാസ്ത്ര-മിത്ത് വിവാദം ചൂടുള്ള ചർച്ചയാകുമ്പോഴാണ് സഭ സമ്മേളിക്കുന്നത്.
വിഷയം സഭയിൽ മുഖ്യവിഷയമായി എടുക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തെ പൊതുനിലപാട്. പകരം വിലക്കയറ്റമുൾപ്പെടെ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കും. സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ ക്ഷാമം, നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് കിട്ടാനുള്ളതുൾപ്പെടെ വിഷയങ്ങളിൽ അടിയന്തരപ്രമേയം ഉണ്ടാകും.
ഷംസീറിനെതിരെ സംഘ്പരിവാർ ഉയർത്തിക്കൊണ്ടുന്ന വിവാദം സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണമായി മാറുന്ന സാഹചര്യത്തിലാണ് സഭയിൽ വിഷയം മുഖ്യചർച്ചയാക്കുന്നതിൽനിന്ന് പ്രതിപക്ഷം പിന്മാറുന്നത്. വിശ്വാസികൾക്കൊപ്പമെന്ന നിലപാട് ആവർത്തിക്കുമ്പോൾതന്നെ, അനാവശ്യ ചർച്ച അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. വർഗീയത വളർത്താൻ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നെന്നും അവർ ആരോപിക്കുന്നു.
അതേസമയം, സ്പീക്കർ തിരുത്തുകയോ മാപ്പുപറയുകയോ വേണ്ടെന്ന നിലപാടിൽ ഭരണപക്ഷം ഉറച്ചുനിൽക്കും. വിലക്കയറ്റത്തേക്കാൾ മറ്റ് വിഷയങ്ങൾ സഭയിൽ ചർച്ചയാകുന്നതാണ് ഭരണപക്ഷത്തിന് താൽപര്യം. ആശുപത്രി സംരക്ഷണ നിയമം, നികുതി ഭേദഗതി നിമയം, പുതിയ മദ്യനയപ്രകാരമുള്ള അബ്കാരി ഭേദഗതി നിയമം തുടങ്ങിയവയാണ് നിയമസഭയുടെ അജണ്ടയിലുള്ള ബില്ലുകൾ. സമ്മേളനം ആഗസ്റ്റ് 24 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.