ജയലാൽ എന്ന മരമടി വിദഗ്ധൻ
text_fieldsമരമടി എന്നും ആവേശം നിറഞ്ഞൊരു കാർഷിക സംസ്കൃതിയാണ്. പല ദേശങ്ങളിലും പേരുകൾ പലത്. തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിന് പോലെ മലയാളക്കരയിൽ മരമടിക്കും ആരാധകരേറെ.
നിയമ നൂലാമാലകളിൽ നിലച്ചുപോയ ചേറ്റിലെ കരുത്തിന്റെ ബല പരീക്ഷണം പുനരാരംഭിക്കണമെന്ന ആവശ്യക്കാർ ഏറെയാണ് നാട്ടിൽ. അത്തരക്കാരുടെ ശബ്ദമായിരുന്നു മരമടി കാർഷികാഘോഷ ക്രമപ്പെടുത്തൽ സ്വകാര്യബില്ലുമായെത്തിയ ജി.എസ്. ജയലാൽ.
മത്സരത്തിന് ഉരുക്കളെ ഒരുക്കുന്നത് വിവരിക്കുന്നത് ആരും കേട്ടിരുന്നുപോകും. ആരോഗ്യ സംരക്ഷണത്തിന് അങ്ങാടി മരുന്ന്, പാൽ, മുട്ട, മുതിര, പരുത്തിപ്പിണ്ണാക്ക്, അരിക്കഞ്ഞി, ബാർലി ഒക്കെയാണ് വിഭവങ്ങൾ. ശരീരനോവ് ഒഴിവാക്കാൻ ഉലുവ വേവിച്ച് കരിപ്പെട്ടിയിൽ കലർത്തിക്കൊടുക്കും.
മെയ്വഴക്കവും മെയ്യഴകും വർധിപ്പിക്കാനാണ് ആദ്യ ചികിത്സ. മൂന്ന് ദിവസത്തോളം പച്ചപ്പുല്ല് ഒഴിവാക്കി വെള്ളം പരിമിതമായി കൊടുക്കും. രാവിലെയും വൈകീട്ടും ഓരോ ലിറ്റർ പാൽ. ദിവസം രണ്ട് നേരം വിസ്തരിച്ച് കുളി. രാവിലെ കച്ചിൽ കൊണ്ടും പിന്നീട് സോപ്പ് കൊണ്ടും. സന്ധി വേദനയുണ്ടെങ്കിൽ തുണി ചൂട്വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് ചൂട് കൊടുക്കും.
ക്ഷീണം മാറാൻ മത്സരത്തിന് തലേദിവസം ദശമൂലാരിഷ്ടവും. മരമടിയെ കുറിച്ച് വിവരിച്ച് വൈകാരികമായപ്പോൾ ജയലാൽ ഒരു പഴയകാല മരമടി വിദഗ്ധനാണെന്നാണ് പി.എസ്. സുപാലിന് തോന്നിയത്. നാട് മരമടി നടന്നിരുന്ന സ്ഥലമാണെന്നും കുടുംബം മരമടിയുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നതായിരുന്നെന്നും ജയലാൽ സാക്ഷ്യപ്പെടുത്തി. ഇത്രയൊക്കെ വിവരിച്ചിട്ടും കൃഷിമന്ത്രിയായ പി. പ്രസാദ് വഴങ്ങിയതേയില്ല.
ജെല്ലിക്കെട്ട് മാതൃകയിൽ കേരളത്തിൽ കേന്ദ്ര നിയമത്തിന് ഭേദഗതി ഉണ്ടാക്കിയിട്ടില്ലെന്നാണ് മന്ത്രിയുടെ നിലപാട്. അങ്ങനെയൊരു നിയമം സർക്കാറിന്റെ പരിഗണനയിൽ നിലവില്ലെന്ന് മന്ത്രി കട്ടായം പറഞ്ഞപ്പോൾ ബിൽ തുടർചർച്ചക്ക് വിടുക മാത്രമേ ജയലാലിന് മുന്നിൽ വഴിയുണ്ടായുള്ളൂ.
ഭക്ഷണസാധനങ്ങളുടെ വിലനിലവാരവും ഗുണനിലവാരവും ഉറപ്പാക്കുന്ന പി.പി. ചിത്തരഞ്ജന്റെ സ്വകാര്യ ബില്ലിന് വലിയ സ്വീകാര്യതയാണ് സഭയിൽ ലഭിച്ചത്. സമഗ്ര നിയമം സർക്കാർ കൊണ്ടുവരുമെന്ന ഉറപ്പിൽ ചിത്തരഞ്ജന്റെ ബിൽ മന്ത്രി പി. പ്രസാദ് തള്ളുകയായിരുന്നു.
പുറത്ത് കാണുമ്പോഴും അകത്തോട്ട് കയറുമ്പോഴും നല്ല വൃത്തി തോന്നാമെങ്കിലും പലതിലും അടുക്കള വൃത്തിഹീനമാണെന്ന് ചിത്തരഞ്ജൻ പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു. കുറഞ്ഞ വിലയ്ക്ക് നല്ല ഭക്ഷണം നൽകുന്ന ഫുഡ് സ്ട്രീറ്റുകൾ സ്ഥാപിക്കണമെന്ന് മാത്യു കുഴൽനാടൻ നിർദേശിച്ചു. ആലപ്പുഴയിൽ ഉടൻ വരുമെന്ന് മറുപടി. ചിത്തരഞ്ജന്റെ ബില്ലും തുടർചർച്ചക്ക് വിട്ടു.
പ്ലേസ്കൂൾ, കിന്റർഗാർട്ടൻ എന്നിവക്ക് രജിസ്ട്രേഷന് അതോറിറ്റി വേണമെന്നാവശ്യപ്പെടുന്ന പി. വിഷ്ണുനാഥിന്റെ ബില്ലിൽ പുതിയ അതോറിറ്റിയുടെ ആവശ്യമില്ലെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ നിലപാട്. നിലവിൽ രജിസ്ട്രേഷനോ നിയന്ത്രണത്തിനോ സംവിധാനമില്ല, ഏകീകൃത കരിക്കുലമില്ല, രജിസ്റ്റർ ചെയ്യാനുദ്ദേശിച്ചാൽ തന്നെ സംവിധാനമില്ല തുടങ്ങിയ ഗുരുതര വിഷയങ്ങളൊക്കെ വിഷ്ണു എടുത്തിട്ടു.
ആസ്ട്രേലിയ ഏറ്റവും ശക്തമായി നിയന്ത്രിക്കുന്നത് പ്രീ സ്കൂളാണെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ ഇവിടെ പലതിലും സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി. തോട്ടം തൊഴിലാളികളുടെ കുട്ടികൾ പോകുന്ന പിള്ളപ്പുരകൾ പ്രീസ്കൂൾ പരിധിയിൽ കൊണ്ടുവരണമെന്ന് കെ.കെ. രമ. പി. ഉബൈദുല്ലയുടെ സ്കൂൾ പാചകത്തൊഴിലാളി ക്ഷേമ നിധി ബില്ലിനോട് മന്ത്രി ശിവൻകുട്ടി താൽപര്യം കാണിച്ചില്ല.
അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ നടപടി പക്ഷേ മന്ത്രി ഉറപ്പുനൽകി. അവരുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്ന വിഷയം പലരുമുയർത്തി. രണ്ട് ബില്ലുകളും തുടർചർച്ചക്ക് വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.