നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
text_fieldsതിരുവനന്തപുരം: നികുതി നിർദേശങ്ങളിൽ പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് തുടരവെ ബജറ്റ് സമ്പൂർണമായി പാസാക്കാൻ നിയമസഭ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. ഇന്ധന സെസ് അടക്കം വിഷയങ്ങളിൽ പ്രതിപക്ഷം സമരം തുടരുകയാണ്. ഇതിനിടയിലാണ് വടക്കാഞ്ചേരി ലൈഫ് പദ്ധതി വിവാദത്തിൽ വീണ്ടും ശിവശങ്കർ അറസ്റ്റിലാവുകയും മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ. രവീന്ദ്രന് ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകുകയും ചെയ്തത്. ഇതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിലെ തട്ടിപ്പും നിയമസഭയിൽ ഉയരും.
മാർച്ച് 30 വരെയാണ് നിയമസഭ സമ്മേളിക്കാൻ നിശ്ചിയിച്ചിരിക്കുന്നത്. വകുപ്പുകളുടെ ധനാഭ്യർഥനകൾ ചർച്ചചെയ്ത് പാസാക്കുകയാണ് പ്രധാന ലക്ഷ്യം.ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലും പാസാക്കും. നികുതി നിർദേശങ്ങളിൽ മാറ്റമില്ലെന്ന നിലപാടിലാണ് സർക്കാർ. മന്ത്രി കെ.എൻ. ബാലഗോപാൽ ഇത് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷത്തെ നാല് എം.എൽ.എമാർ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചെങ്കിലും സഭക്ക് പുറത്ത് പ്രക്ഷോഭം തുടരുകയാണ്. സഭ പുനരാരംഭിക്കുമ്പോൾ സമരം എങ്ങനെ തുടരുമെന്ന നിലപാട് അവർക്ക് വ്യക്തമാക്കേണ്ടിവരും.
നിലവിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കൽ അടക്കം സമരങ്ങളാണ് കോൺഗ്രസ് സംഘടനകൾ നടത്തുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥയിൽനിന്ന് ഇടത് മുന്നണി കൺവീനർ ഇ.പി. ജയരാജൻ വിട്ടുനിൽക്കുന്നതും പ്രതിപക്ഷത്തിന് പിടിവള്ളിയാണ്. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ മുള്ളപ്പള്ളി രാമചന്ദ്രൻ നടത്തുന്ന വിമർശനം ഭരണപക്ഷത്തിനും ആയുധമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.