സഭ നിയന്ത്രിക്കാൻ മൂന്നുവനിതകൾ, ചരിത്രം
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനം നിയന്ത്രിക്കാൻ മൂന്നു വനിതകൾ മാത്രം ഉൾപ്പെടുന്ന പാനലിനെ നിയോഗിച്ച് സ്പീക്കർ എ.എൻ. ഷംസീർ. ചരിത്രത്തിലിടം നേടുന്ന നിർണായ തീരുമാനമാണ് സ്പീക്കറെന്ന നിലയിൽ സഭ നിയന്ത്രിക്കുന്ന ആദ്യദിനംതന്നെ അദ്ദേഹം കൈക്കൊണ്ടത്. ഭരണപക്ഷത്തുനിന്ന് യു. പ്രതിഭ, സി.കെ. ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ രമയുമാണ് പാനലിൽ. കേരള നിയമസഭ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവനും വനിതകള്‍ വരുന്നത്.
15ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ ചെയർമാൻമാരുടെ പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതും സ്പീക്കറാണ്. ഇതംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദേശിക്കുകയായിരുന്നു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനല്‍. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കടുത്ത വിമര്‍ശകയായ കെ.കെ. രമയുടെ പേര് നിർദേശിച്ച് പ്രതിപക്ഷം രാഷ്ട്രീയതന്ത്രം പയറ്റി. അത് എ.എൻ. ഷംസീർ അംഗീകരിച്ചു.
ഒന്നാം കേരള നിയമസഭ മുതല്‍ നടപ്പുസമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഈ കണക്കുകൾ സ്പീക്കറുടെ തീരുമാനത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു. ഇതുവരെ ഭരണപക്ഷനിരയിലെ മുൻനിര പോരാളിയായിരുന്ന എ.എൻ. ഷംസീർ സ്പീക്കറെന്ന നിലയിൽ കടിഞ്ഞാൺ കൈയിലൊതുക്കുന്നത് ആദ്യദിനംതന്നെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.