ജോഡോ യാത്രയെചൊല്ലി സഭയിൽ തർക്കം; രാഹുൽ അൽപം നടക്കട്ടേയെന്ന് എം.എം. മണി
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ചൊല്ലി നിയമസഭയിൽ സി.പി.എം-കോൺഗ്രസ് വാക്പോര്. രാഹുലിന്റെ യാത്രയെ സംഘ്പരിവാറിനൊപ്പം ചേർന്ന് പരിഹസിച്ചത് സി.പി.എമ്മും ബി.ജെ.പിക്കും തമ്മിലെ ബന്ധത്തിന് തെളിവാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജോഡോ യാത്ര കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയാണെന്നും അതിൽ സി.പി.എം പങ്കെടുക്കാതിരുന്നത് ബി.ജെ.പിയെ സഹായിക്കലല്ലെന്നും സി.പി.എം മറുപടി നൽകി. നന്ദിപ്രമേയ ചർച്ചക്കിടെ ഈ വിഷയത്തിൽ ഇരുപക്ഷത്തുനിന്നും പലരും ഏറ്റുമുട്ടി. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൊമ്പുകോർത്തു.
ജോഡോ യാത്രക്കെതിരെ സംഘ്പരിവാർ സംസാരിക്കുന്ന മനസ്സിലാക്കാം, സി.പി.എം എന്തിനാണ് പരിഹസിക്കുന്നതെന്നായിരുന്നു സതീശന്റെ ചോദ്യം. 19 ദിവസം കേരളത്തിൽ നടന്നപ്പോൾ രാഹുൽ സംസ്ഥാന സർക്കാറിനും സി.പി.എമ്മിനുമെതിരെ ഒന്നും പറഞ്ഞില്ല. സി.പി.ഐ നേതാവ് ഡി. രാജ യാത്രയിൽ ചേരുകയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങൾപോലും അനുകൂലിക്കുകയും ചെയ്തപ്പോൾ സംഘ്പരിവാറിനെക്കാൾ ശക്തമായി രാഹുലിനെ പരിഹസിച്ചത് കേരളത്തിലെ സി.പി.എമ്മാണെന്നും അതു സങ്കടപ്പെടുത്തിയെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയെ പരിഹസിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും യാത്രക്കിടെ ജയറാം രമേശ് കേരളത്തിൽ എന്താണ് പറഞ്ഞതെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി ചോദിച്ചു. ജയറാം രമേശിന്റേത് സി.പി.എം പരിഹാസത്തിനുള്ള മറുപടിയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഹൈദരാബാദിൽ നടന്ന മൂന്നാം മുന്നണിക്കായുള്ള യോഗത്തിന് പിണറായി പോയത് ബി.ജെ.പിയെ സഹായിക്കാനാണ്.
കോണ്ഗ്രസ് വിരുദ്ധനായ ചന്ദ്രശേഖര റാവു ബി.ജെ.പിയില്നിന്ന് വക്കാലത്ത് വാങ്ങിയാണ് മൂന്നാം മുന്നണിക്ക് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. ബി.ജെ.പി വിരുദ്ധരെല്ലാം ഒന്നിക്കുകയാണ് വേണ്ടതെന്നും അതിനാണ് ഹൈദരാബാദ് റാലിക്ക് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന് ശക്തിയുള്ള ഇടത്ത് അവർ ബി.ജെ.പിയെ നേരിടട്ടെ. എല്ലായിടത്തും കോൺഗ്രസ് ഇല്ലാതെ ബി.ജെ.പിയെ നേരിടാനാകില്ലെന്ന് കരുതേണ്ട. കോൺഗ്രസ് ഇപ്പോൾ അത്രവലിയ പാർട്ടിയല്ലെന്നും പിണറായി മറുപടി നൽകി. 60 വർഷം ഭരിച്ച് രാജ്യം സംഘ്പരിവാറിന്റെ കൈയിൽ കൊടുത്ത കോൺഗ്രസിന്റെ നേതാവ് രാഹുലിന് അൽപം വെയിൽകൊണ്ട് നടക്കാൻ ബാധ്യതയുണ്ടെന്ന് എം.എം. മണി പറഞ്ഞു. രാഹുൽ ചെയ്യുന്നത് നല്ലകാര്യം തന്നെയെന്നും മണി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.