ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം, നിശ്ശബ്ദം ഭരണപക്ഷം
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ നയപ്രഖ്യാപന പ്രസംഗം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ പൂർത്തിയാക്കി. പ്രസംഗം പൂർണമായും വായിക്കാതെ അവസാന ഭാഗം വായിച്ച് അവസാനിപ്പിക്കാൻ സ്പീക്കറുടെ അനുമതി തേടുകയായിരുന്നു. പ്രസംഗം മണിക്കൂറിലേറെ നീണ്ടു. പ്രസംഗത്തിലെ കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു.
നേരത്തെ, സഭയിലെത്തിയ ഗവർണർക്ക് നേരെ പ്രതിപക്ഷം മുദ്രാവാക്യമുയർത്തി രംഗത്തെത്തിയിരുന്നു. 'ആർ.എസ്.എസ് ഗവർണർ ഗോ ബാക്ക്' വിളിയോടെയാണ് പ്രതിപക്ഷം ഗവർണറെ വരവേറ്റത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഇടപെടലിൽ ക്ഷുഭിതനായാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ചർച്ചകൾക്കുള്ള സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടി ഗവർണർ പ്രസംഗം ആരംഭിക്കുകയായിരുന്നു. പ്രസംഗം വായിച്ചുതുടങ്ങിയതും പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്കിറങ്ങി. സർക്കാറും ഗവർണറും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം തുടക്കത്തിലേ ആരോപിച്ചിരുന്നു.
(ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ പ്രതിപക്ഷം പ്രതിഷേധിക്കുന്നു. ഫോട്ടോ: പി.ബി. ബിജു)
കോവിഡ് പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് മൂലമുള്ള മരണനിരക്ക് പിടിച്ചു നിർത്താന്‍ കഴിഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ മികച്ചു നിന്നു. കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനായി.
കെ-റെയിൽ പദ്ധതിയെയും നയപ്രഖ്യാപനത്തിൽ പ്രശംസിച്ചു. കെ-റെയിൽ പരിസ്ഥിതി സൗഹാർദ പദ്ധതിയാണ്. പദ്ധതി തൊഴിൽ ലഭ്യത ഉറപ്പാക്കും. കെ-റെയിൽ നടപ്പാക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്യണം.
തമിഴ്നാടിന് വെള്ളം ഉറപ്പാക്കി മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നത് തന്നെയാണ് നിലപാട്. എല്ലാ അപേക്ഷകളും ഡിജിറ്റലാക്കും. സ്വയം സർട്ടിഫൈ ചെയ്ത് വ്യക്തികള്‍ക്ക് അപേക്ഷകള്‍ നല്‍കാമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ നൂറുദിന പരിപാടിയെയും ഗവര്‍ണര്‍ പ്രശംസിച്ചു. 100 ദിന പരിപാടികളിലൂടെ നേരിട്ടും നേരിട്ടല്ലാതെയും തൊഴില്‍ നല്‍കാനായി. രണ്ടാമത്തെ 100 ദിന പരിപാടി 17,000 കോടിയുടേതാണ്. 2022ല്‍ സമ്പൂർണ ഇ-ഗവേണന്‍സ് നടപ്പിലാക്കും. കോവിഡ് മൂലം നികുതി വരുമാനം കുറഞ്ഞു. ഇതിനൊപ്പം കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, ഭരണപക്ഷ അംഗങ്ങൾ സഭയിൽ നിശബ്ദരായി തുടരുകയായിരുന്നു. ഭരണനേട്ടങ്ങൾ ഗവർണർ വായിക്കുമ്പോൾ പോലും ഭരണപക്ഷം ആഹ്ലാദപ്രകടനമില്ലാതെ നിശബ്ദരായിരുന്നു.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചത് വിവാദമായിരുന്നു. തുടർന്ന്, പേഴ്സണൽ സ്റ്റാഫ് നിയമനത്തെ എതിർത്ത് ഗവർണർക്ക് കത്തെഴുതിയ പൊതുഭരണ സെക്രട്ടറിയെ സ്ഥലംമാറ്റിയാണ് സർക്കാർ അനുനയിപ്പിച്ചത്. ഇതോടെയാണ് നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.