നയപ്രഖ്യാപനത്തിൽ നന്ദിപ്രമേയ ചർച്ച ഇന്ന് മുതൽ; ഗവർണർക്കെതിരെ വിമർശനമുണ്ടായേക്കും
text_fieldsതിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചക്ക് നിയമസഭയിൽ ഇന്ന് തുടക്കമാകും. 29, 30, 31 തീയതികളിലാണ് ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ചർച്ച ചെയ്യുക. അതേസമയം, നയപ്രഖ്യാപനം പാടെ വെട്ടിക്കുറച്ച ഗവർണറുടെ നടപടിയെ സഭയിൽ വിമർശിക്കാനാണ് ഭരണപക്ഷ നീക്കം.
25നായിരുന്നു സഭയിൽ സർക്കാറിന്‍റെ നയപ്രഖ്യാപനം. എന്നാൽ, നയപ്രഖ്യാപനം ഗവർണർ വെറും ഒരു മിനിറ്റും 17 സെക്കൻഡും മാത്രമായി ഒതുക്കുകയായിരുന്നു. ആമുഖമായി ഒരു വരിയും അവസാന ഒരു ഖണ്ഡികയും മാത്രമാണ് ഗവർണർ വായിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചുരുക്കിയുള്ള നയപ്രഖ്യാപനം.
സംഭവത്തിൽ ഗവർണർക്കെതിരെ വിമർശനവുമായി ഭരണ-പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഗവർണർക്ക് നയപ്രഖ്യാപനം വായിക്കാൻ സമയമില്ലെന്നും എന്നാൽ നടുറോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസത്തെ ഗവർണറുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിമർശിച്ചത്.
അതേസമയം, ചരിത്രത്തിലെ മോശം നയപ്രഖ്യാപനമാണെന്നും, സർക്കാർ തികഞ്ഞ പരാജയമാണെന്നുമാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. ധനകാര്യ സംബന്ധിയായ ചില കാര്യങ്ങള്‍ പറയുന്നതല്ലാതെ കേന്ദ്രത്തിനെതിരെ കാര്യമായ ഒരു വിമര്‍ശനവും നയപ്രഖ്യാപനത്തിലില്ല. തെരുവില്‍ പറയുന്നതൊക്കെ വെറുതെയാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ജീവിക്കുന്നതു തന്നെ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെയും ഭയന്നാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭ ചേരുന്നത്. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ആറു മുതല്‍ 11 വരെ സമ്മേളനമില്ല. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റ് ചർച്ച. ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധനക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെ 13 ദിവസം ധനാഭ്യർഥന ചർച്ച നടക്കും. ഓർഡിനൻസിന് പകരമുള്ള 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബിൽ എന്നിവ സഭ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.