പങ്കാളിത്ത പെൻഷൻ പുതിയ രൂപത്തിൽ അടിച്ചേൽപിക്കാനുള്ള നീക്കം ചെറുക്കുമെന്ന് അസെറ്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി പുതിയ പെൻഷൻ സ്കീം കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനം ജീവനക്കാരോടുള്ള കൊടിയ വഞ്ചനയും വാഗ്ദാന ലംഘനവുമാണെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ് )സംസ്ഥാന എക്സിക്യുട്ടീവ് അറിയിച്ചു. 2013 ൽ പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തിയപ്പോൾ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മടങ്ങണമെന്നായിരുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യത്തെ രാഷ്ട്രീയമായി പിന്തുണച്ചവരാണ് എൽ.ഡി.എഫ്.
അധികാരം ലഭിച്ച് എട്ട് വർഷങ്ങൾക്ക് ശേഷവും അതേ വാഗ്ദാന ലംഘനം തുടരുന്നുവെന്ന് മാത്രമല്ല, പുന:പരിശോധന, പുതിയ പെൻഷൻ സ്കീം തുടങ്ങിയ പൊയ് വാഗ്ദനങ്ങൾ നൽകി ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന പ്രവണതയാണ് തുടരുന്നത്. സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിക്കാനുള്ള ആർജ്ജവം പോലും നഷ്ടപ്പെട്ടവരായി ഇടത് സർക്കാർ മാറിയിരിക്കുന്നു. നവ കോർപറേറ്റ് താത്പര്യങ്ങൾക്ക് മറയില്ലാതെ കുടപിടിക്കുന്നവരാണ് തങ്ങളെന്ന് സംസ്ഥാന സർക്കാർ വീണ്ടും തെളിയിക്കുകയാണ്.
മൂന്ന് വർഷം മുമ്പ് കുടിശ്ശികയായ രണ്ട് ശതമാനം ക്ഷാമബത്ത നൽകി 21 ശതമാനം ക്ഷാമബത്ത ബാധ്യതയിൽ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമവും അംഗീകരിക്കാനാകില്ല. ഈ വർഷം നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണത്തെക്കുറിച്ച് ഒരു വാക്കും ബജറ്റ് പ്രസംഗത്തിൽ ഇല്ല. 2019 ലെ ശമ്പള പരിഷകരണ കുടിശിക നാല് ഗഡുക്കളായി നൽകുമെന്ന് പറഞ്ഞുവെങ്കിലും ഒരു ഗഡു പോലും ഇതുവരെ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഈമാസം17 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും സെക്രട്ടറിയേറ്റിന് മുന്നിൽ പ്രക്ഷോഭ സമ്മേളനം നടത്താനും അസെറ്റ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിവെന്ന് ചെയർമാൻ കെ. ബിലാൽ ബാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.