സ്വർണക്കടത്ത് കേസ് അന്വേഷണം: അസി. കമീഷണർ എൻ.എസ്. ദേവിനെ മാറ്റി
text_fieldsകൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണ സംഘത്തിൽനിന്ന് കസ്റ്റംസ് അസി.കമീഷണർ എൻ.എസ്. ദേവിനെ മാറ്റി. ജനം ടി.വി മുൻ കോഓഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെ പ്രതി സ്വപ്ന സുരേഷ് നൽകിയ മൊഴി പുറത്തായ പശ്ചാത്തലത്തിലുള്ള നടപടിയാണിതെന്ന് സൂചനയുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുമെന്നാണ് വിവരം.
മൊഴി പുറത്തായതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരിൽ ചിലർ തന്നെ സംഭവത്തിനെതിരെ രംഗത്തെത്തി. മൊഴി പകർപ്പിലെ അനിൽ നമ്പ്യാരെക്കുറിച്ച് മാത്രമുള്ള ഭാഗം പ്രചരിച്ചതിന് പിന്നിൽ പ്രത്യേക താൽപര്യം സംശയിക്കുന്നുവെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. ഉത്തരവാദികളെ ഉടൻ കണ്ടെത്തണമെന്ന് കേന്ദ്രത്തിൽ നിന്ന് നിർദേശം ലഭിച്ചെന്നും വിവരമുണ്ട്.
എന്നാൽ, ഇക്കാര്യങ്ങളൊന്നും കസ്റ്റംസ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്വപ്നയുടെ മൊഴി പുറത്തായതിൽ അസ്വഭാവികതയില്ലെന്നാണ് അവർ നൽകുന്ന വിശദീകരണം. സംഭവത്തിൽ പ്രത്യേക അന്വേഷണങ്ങളൊന്നും നടക്കുന്നില്ല. കോടതിയിൽ സമർപ്പിച്ചിട്ടുള്ള മൊഴി അവിടെ നിന്നാകാം ലഭിച്ചിട്ടുണ്ടാകുകയെന്നും അവർ കൂട്ടിച്ചേർത്തു. അനിൽ നമ്പ്യാരെയും ബി.ജെ.പിയെയും വെട്ടിലാക്കി ക്കുന്ന സ്വർണക്കടത്ത് കേസിലെ സ്വപ്നയുടെ മൊഴിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബി.ജെ.പിയെ സഹായിക്കാൻ ഇടപെടണമെന്ന് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടത് അടക്കമുള്ള സ്വപ്നയുടെ മൊഴിയായിരുന്നു പുറത്തുവന്നത്.
അനിൽ നമ്പ്യാർക്കെതിരായ ദുബൈയിലെ വഞ്ചന കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടു, കേസ് കോണ്‍സുലേറ്റ് ജനറലിെൻറ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഒത്തുതീര്‍പ്പാക്കി എന്നീ വിവരങ്ങളും അതിലുണ്ടായിരുന്നു. പിടിച്ചെടുത്ത സ്വർണം നയതന്ത്ര ബാഗേജിലൂടെയല്ലെന്നും വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്നും കോൺസൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കി രക്ഷപ്പെടാൻ അനിൽ നമ്പ്യാർ നിർദേശിച്ചെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.