കീഴ്ശാന്തിയുടെ ഹോബി ട്രേഡിങ്; മോഷ്ടിച്ച തിരുവാഭരണം പണയംവെച്ച് കിട്ടിയ പണം മുഴുവനും ഷെയർ മാർക്കറ്റിൽ, പിടിയിലായത് പഴുതടച്ചുള്ള അന്വേഷണത്തിൽ
text_fieldsഅരൂർ: ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതറിഞ്ഞത് വിഷുദിനത്തിലാണ്. ചൊവ്വാഴ്ചയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിൽ താൽക്കാലിക ശാന്തിക്കാരനായി ജോലി പ്രവേശിച്ച കൊല്ലം ഈസ്റ്റ്കല്ലട രാം നിവാസിൽ രാമചന്ദ്രൻ പോറ്റിയെ (42) കുറിച്ച് യാതൊരുവിധ രേഖയും ക്ഷേത്രത്തിൽ ഇല്ലാതിരുന്നത് പൊലീസിനെ അക്ഷരാർഥത്തിൽ കുഴക്കി. എന്നാൽ, ജാഗ്രതയോടെയുള്ള പഴുതടച്ച അന്വേഷണത്തിലാണ് മൂന്നുദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാനായത്. ശാന്തിക്കാരനാണ് തിരുവാഭരണം മോഷ്ടിച്ചതെന്നറിഞ്ഞതിലുള്ള ഞെട്ടലിലാണ് എല്ലാവരും.
അരൂർ പൊലീസ് മൂന്ന് ടീമായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയത്. രണ്ട് ടീമിനെ പ്രതിയുടെ ജന്മദേശമായ കൊല്ലത്തേക്ക് അയച്ചു. ഒരു ടീമിനെ ബാങ്കുകളിലും ഫോൺ ലൊക്കേഷൻ അറിയുന്നതിനും ടെക്നിക്കൽ വിഭാഗത്തിൽ നിയോഗിച്ചു. 14 അംഗ പൊലീസിനെ 5, 5, 4 എന്നീ അംഗങ്ങളുള്ള ടീമായാണ് തിരിച്ചത്. 15ാം തിയതി രാമചന്ദ്രൻ പോറ്റിയുടെ മൊബൈൽ പ്രവർത്തിച്ചതോടെ പൊലീസിന് ലൊക്കേഷൻ മനസ്സിലാക്കാനായി. എറണാകുളത്തായിരുന്നു ലൊക്കേഷൻ. കൊല്ലത്തുള്ള രണ്ട് ടീമിനെയും എറണാകുളത്തേക്ക് വിളിച്ചുവരുത്തി. അന്വേഷണം എറണാകുളം കേന്ദ്രീകരിച്ച് നടത്താൻ തുടങ്ങി.
ഫെഡറൽ ബാങ്കിൽ സ്വർണ്ണം പണയം വെച്ചതും ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചതും അന്വേഷണത്തിൽ കണ്ടെത്തി. ഏഴ് ലക്ഷം രൂപയ്ക്കാണ് തിരുവാഭരണത്തിലെ സ്വർണ്ണം പണയം വെച്ചത്. ഫെഡറൽ ബാങ്കിൻറെ തേവര ബ്രാഞ്ചിലായിരുന്നു സ്വർണ്ണം പണയം വെച്ചത്. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതാണ് രാമചന്ദ്രന്റെ ഹോബി എന്ന് ചോദ്യം ചെയ്യലിൽ മനസ്സിലായതായി പൊലീസ് പറഞ്ഞു. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത രാമചന്ദ്രന്റെ ഏറ്റവും വലിയ വീക്നെസ് ഓഹരിവിപണിയാണത്രെ. സ്വർണ്ണം പണയം വെച്ച് മുഴുവൻ പണവും ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്തു എന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.
പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. തുടർനടപടികൾ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഉണ്ടാകുമെന്ന് അരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ അറിയിച്ചു. ബുധനാഴ്ച അരൂർ -തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ അരൂർ പ്രദേശത്ത് വലിയ ട്രാഫിക്ക് സ്തംഭനം ആയിരുന്നു. മണിക്കൂറുകൾ വേണ്ടിവന്നു കുരുക്കഴിക്കാൻ. പൊലീസ് എത്താത്തതിൽ വലിയ ആക്ഷേപം ഉയർന്നു. എന്നാൽ, അരൂർ സ്റ്റേഷനിൽ രണ്ട് പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി മുഴുവൻ പൊലീസും കള്ളനെ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. മൂന്ന് ദിവസമായി അങ്കലാപ്പിലായിരുന്ന ക്ഷേത്രം ഭാരവാഹികൾക്കും ഇനി ഉറങ്ങാം. കീഴ്ശാന്തിയുടെ വിവരങ്ങൾ സൂക്ഷിക്കാത്തതിൽ ഏറെ പഴി കേൾക്കേണ്ടിവന്നിരുന്നു ഇവർക്ക്. സ്വർണ്ണം നഷ്ടപ്പെട്ടതിന് പുറമേ, ബാക്കിയുള്ള സ്വർണം പരിശോധിച്ചതിൽ മുക്കുപണ്ടമാണെന്ന് അറിഞ്ഞതും ഭാരവാഹികളെ കുഴക്കിയിരിക്കുകയാണ്. പ്രതിയെ റിമാൻഡ് ചെയ്ത ശേഷം കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ മോഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.