അസോ. പ്രഫസർ നിയമനം: പ്രിയ വർഗീസിന് തിരിച്ചടിയായി കാലിക്കറ്റ് നിലപാട്
text_fieldsകോഴിക്കോട്: അസോസിയേറ്റ് പ്രഫസർമാരുടെ നിയമനത്തിന് ഗവേഷണകാലം അധ്യാപക പരിചയമായി പരിഗണിക്കാനാവില്ലെന്ന് കാലിക്കറ്റ് സർവകലാശാല. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവേഷണകാലവും പരിഗണിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചുള്ള കാലിക്കറ്റ് നിലപാട്.
ഗവേഷണ പഠനകാലം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അംഗീകൃത അധ്യാപന പരിചയമായി കണക്കാക്കാമെന്നായിരുന്നു കണ്ണൂരിന്റെയും പ്രിയ വർഗീസിനെ അനുകൂലിക്കുന്നവരുടെയും വാദം. പ്രിയ വർഗീസിനെ നിയമിക്കാൻ ഇനി കണ്ണൂർ സർവകലാശാലക്ക് ഏറെ പണിപ്പെടേണ്ടിവരും.
കാലിക്കറ്റിലെ പഠനവകുപ്പുകളിലേക്ക് അസോസിയേറ്റ് പ്രഫസർമാരുടെ ഇൻറർവ്യൂ നടന്നുകൊണ്ടിരിക്കുകയാണ്. ഗവേഷണകാലം ഉൾപ്പെടാതെതന്നെ എട്ടുവർഷം അധ്യാപന പരിചയം ഉണ്ടെന്ന സത്യവാങ്മൂലം ഹാജരാക്കാൻ ഉദ്യോഗാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യു.ജി.സി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളിൽനിന്ന് സത്യവാങ്മൂലം വാങ്ങാൻ കാലിക്കറ്റ് വൈസ് ചാൻസലർ നിർദേശിച്ചത്.
പ്രിയ വർഗീസ് അപേക്ഷയോടൊപ്പം കണ്ണൂർ സർവകലാശാലക്ക് സമർപ്പിച്ച സർട്ടിഫിക്കറ്റിൽ ഒമ്പതുവർഷത്തെ അധ്യാപന പരിചയമുള്ളതായാണ് രേഖപ്പെടുത്തിയത്. ഇതിൽ മൂന്നുവർഷത്തെ ഗവേഷണകാലവും രണ്ടുവർഷം കണ്ണൂർ സർവ്വകലാശാലയിൽ അനധ്യാപക തസ്തികയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ പദവിയിലുമായിരുന്നു.
സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടറായും ഡെപ്യൂട്ടേഷനിൽ തുടർന്നത് പരിശോധിക്കാതെയാണ് വി.സി ചുമതലപെടുത്തിയ സ്ക്രീനിംഗ് കമ്മിറ്റി കണ്ണൂരിൽ ഇന്റർവ്യൂവിന് ക്ഷണിക്കാനുള്ളവരുടെ ചുരുക്ക പട്ടികയിൽ പ്രിയ വർഗീസിനെ കൂടി ഉൾപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.