തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ പീഡനം വർധിക്കുന്നു –വനിത കമീഷൻ
text_fieldsതൃശൂർ: തൊഴിലിടങ്ങളിൽ സ്ത്രീ തൊഴിലാളികൾക്കെതിരെ പീഡനവും ചൂഷണവും വർധിക്കുന്നുവെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇത്തരത്തിലുള്ള നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൻ വ്യക്തമാക്കി. കമീഷനിൽ പുതിയ അംഗങ്ങൾ ചുമതലയേറ്റ ശേഷമുള്ള ആദ്യ മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൻ.
തൊഴിലിടങ്ങളിൽ ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം ഇല്ലാത്തതിനൊപ്പം കുടിവെള്ളം പോലും ശരിയായി കിട്ടുന്നില്ല. സഹപ്രവർത്തകരോട് സംസാരിക്കാൻ നിർവാഹമില്ല. സ്ത്രീകളുടെ നിസഹായത ഭീഷണിയിലൂടെ തൊഴിലുടമകൾ മുതലെടുക്കുകയാണ്. ഇവർ സംഘടിക്കുകയും തൊഴിലാളി യൂനിയനുകൾ ഇത്തരം വിഷയങ്ങളിൽ ഇടപെടുകയും ഇവരുടെ പ്രതിഷേധങ്ങളിൽ സഹകരിക്കുകയും വേണം. ജില്ല ലേബർ ഓഫിസർമാർക്ക് ഇത്തരം തൊഴിൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും പരാതികളിൽ കാര്യക്ഷമമായി ഇടപെടാനും കമീഷൻ നിർദേശം നൽകി.
സ്വത്ത് തർക്കം, കുടുംബ പ്രശ്നങ്ങൾ, സഹോദരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ എന്നിങ്ങനെയുള്ള പരാതികളാണ് കമീഷന് മുമ്പിൽ എത്തുന്ന പരാതികളിൽ അധികവും. ചർച്ച ചെയ്ത് പരിഹരിക്കാവുന്ന നിസാര കാര്യങ്ങൾ പോലും പരാതിയായി വരികയാണ്. പരാതി നൽകുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നവരുണ്ട്. ഇത് പരാതികളിലെ നടപടി വൈകാൻ ഇടയാക്കുന്നുണ്ടെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.
മേഖല ഒാഫിസുകൾ സ്ഥാപിക്കും
തൃശൂർ: തിരുവനന്തപുരത്തെ ആസ്ഥാനത്തിന് പുറമെ മേഖല ഓഫിസുകൾ സ്ഥാപിക്കാൻ സർക്കാറിനെ സമീപിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൻ എം.സി. ജോസഫൈൻ പറഞ്ഞു. അതത് ജില്ലകളിൽ അദാലത്ത് നടത്തുന്നുണ്ടെങ്കിലും പരാതി നൽകാൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പരാതിക്കാർ തിരുവനന്തപുത്തെ ഓഫിസിനെ ആശ്രയിക്കണം. മധ്യകേരളത്തിൽ എറണാകുളത്തും വടക്കൻ കേരളത്തിൽ വയനാടുമാണ് മേഖല ഓഫിസ് ഉദ്ദേശിക്കുന്നത്. ഇത് നടപ്പായാൽ കൂടുതൽ പരാതികളിൽ അടിയന്തര ഇടപെടലുകൾക്കൊപ്പം പരാതിക്കാരുടെ ദീർഘദൂര യാത്രകൾ ഒഴിവാക്കാനുമാവുമെന്ന് ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.