ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ വിഭജനം പൂർത്തിയായി
text_fieldsകൊച്ചി: ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ വിഭജനം പൂർത്തിയായി. ഇന്ത്യയിലെയും ജി.സി.സിയിലെയും സംവിധാനങ്ങൾ ഇനി വെവ്വേറെ കമ്പനികളായി പ്രവർത്തിക്കും. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജ്ർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൂട്ടായ്മ, ജി.സി.സി വിഭാഗത്തിന്റെ 65 ശതമാനം ഓഹരികൾ സ്വന്തമാക്കി. 35 ശതമാനം ഓഹരികൾ ഡോ. ആസാദ് മൂപ്പൻ കുടുംബം നിലനിർത്തി. ജി.സി.സി മേഖലയിലെ ആശുപത്രികളുടെ നേതൃത്വവും പ്രവർത്തന മേൽനോട്ടവും മൂപ്പൻ കുടുംബം തുടരും. ഇന്ത്യൻ വിഭാഗത്തിന്റെ ഓഹരികളിൽ 41.88 ശതമാനവും നിലനിർത്തി മൂപ്പൻ കുടുംബം ഉടമസ്ഥാവകാശം തുടരും. മുൻ നിശ്ചയിച്ച പ്രകാരം ഇടപാടുകൾ ഔദ്യോഗികമായി പൂർത്തിയാക്കിയതോടെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഉപകമ്പനിയായ അഫിനിറ്റി ഹോൾഡിങ്സ് ലിമിറ്റഡിന് 907.6 മില്യൺ യു.എസ് ഡോളർ ലഭിച്ചു.
2023 നവംബറിലാണ് ഇരുമേഖലയിലെയും ബിസിനസുകൾ വിഭജിക്കാനുള്ള തീരുമാനം ബോർഡ് അംഗങ്ങൾ അംഗീകരിച്ചത്. 2027ഓടെ കമ്പനിയുടെ സ്വന്തം വരുമാനം തിരികെ നിക്ഷേപിച്ച് 1700 രോഗികളെക്കൂടി കിടത്തി ച്ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ ആശുപത്രികൾ വികസിപ്പിക്കും. ശേഷം മറ്റ് ആശുപത്രികളെക്കൂടി ഏറ്റെടുത്ത് ശൃംഖല വിപുലീകരിക്കും. തിരുവനന്തപുരത്ത് നിർമാണം പുരോഗമിക്കുന്ന ആസ്റ്റർ ക്യാപിറ്റൽ, കാസർകോട്ടെ ആസ്റ്റർ മിംസ് എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. നിലവിലെ മറ്റ് ആസ്റ്റർ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടും.
വിഭജനവുമായി ബന്ധപ്പെട്ട പണമിടപാടുകളിൽനിന്നുള്ള ലാഭത്തിന്റെ 70-80 ശതമാനം ഓഹരിയുടമകൾക്ക് ലാഭവിഹിതമായി നൽകുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഓരോ ഓഹരിക്കും 110 മുതൽ 120 രൂപ വരെ ഉടമകൾക്ക് നൽകും. സ്ഥാപക ചെയർമാൻ എന്ന സ്ഥാനത്ത് ഡോ. ആസാദ് മൂപ്പൻ തുടരും. അലീഷ മൂപ്പൻ ഡയറക്ടർ സ്ഥാനത്തുമുണ്ടാകും. ഇന്ത്യൻ വിഭാഗത്തിന്റെ സി.ഇ.ഒ ഡോ. നിതീഷ് ഷെട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.