സംസ്ഥാനത്ത് 850 കോടിയുടെ നിക്ഷേപവുമായി ആസ്റ്റർ
text_fieldsകൊച്ചി: രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ 500 കോടിയുടെ നിക്ഷേപത്തിന് പുറമെയാണിത്. ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി ഇത് സംബന്ധിച്ച് ആസ്റ്റർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും ഡയറക്ടർ അനൂപ് മൂപ്പനും മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി. രാജീവുമായും കൂടിക്കാഴ്ച നടത്തി.
ആരോഗ്യസേവന രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ നിക്ഷേപം പ്രയോജനപ്പെടുത്തും. പുതുതായി രണ്ട് പദ്ധതികളാണ് കേരളത്തിൽ ആവിഷ്കരിക്കുന്നത്. 454 കിടക്കകളോടെ തിരുവനന്തപുരത്ത് പണികഴിപ്പിക്കുന്ന ആസ്റ്റർ ക്യാപിറ്റൽ ആണ് അതിലൊന്ന്. കാസകോട് ആസ്റ്റർ മിംസിൽ 264 കിടക്കകളും ഉണ്ടാകും. കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ അധികമായി 962 കിടക്കകൾ കൂടി ഉൾപ്പെടുത്തും. ഈ സാമ്പത്തിക വർഷം കൊച്ചിയിൽ 100 കിടക്കകൾ കൂടി ഉൾപ്പെടുത്തിയിരുന്നു. ആരോഗ്യസേവന രംഗത്തെ അമരക്കാരെന്ന നിലയിൽ കേരളത്തിന്റെ കഴിവിൽ തങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
കേരളത്തിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ആസ്റ്റർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അനൂപ് മൂപ്പൻ പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ച വികസന പദ്ധതികൾ പൂർത്തിയാകുമ്പോൾ 4,200 തൊഴിലവസരങ്ങൾ കൂടി തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.