പത്ത് സെന്റെങ്കിലും അനുവദിക്കണം; ടൗൺഷിപ് പദ്ധതിയിൽ അതിജീവിതർക്ക് ആശങ്ക
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ് പദ്ധതിയുടെ അന്തിമ വിവരം പുറത്തുവന്നപ്പോൾ അതിജീവിതർക്ക് ആശങ്കയും അതൃപ്തിയും. കൽപറ്റയിലെ ടൗൺഷിപ്പിൽ സ്ഥലത്തിന്റെ വിപണിവില അടിസ്ഥാനപ്പെടുത്തി ഒരു കുടുംബത്തിന് അഞ്ച് സെന്റും നെടുമ്പാലയില്‍ 10 സെന്റുമായിരിക്കും നല്‍കുകയെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇത് നേരത്തേയുള്ള വാഗ്ദാനങ്ങളുടെ ലംഘനമാണെന്ന് അതിജീവിതരുടെ രണ്ട് കൂട്ടായ്മകളും ആരോപിക്കുന്നു.
കുറഞ്ഞത് പത്ത് സെന്റെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. നെടുമ്പാലയിൽ 15 സെന്റ് നൽകുമെന്നായിരുന്നു നേരത്തേയുള്ള വാഗ്ദാനം. ഉരുൾപൊട്ടൽ ഇല്ലാതാക്കിയ മുണ്ടൈക്കയിലും ചൂരൽമലയിലും ഇവർ താമസിച്ചിരുന്നത് മെച്ചപ്പെട്ട സൗകര്യത്തിലുള്ള സ്ഥലത്തും വീടുകളിലുമായിരുന്നു. ആയുസ്സിന്റെ മുഴുവൻ സമ്പാദ്യവും ചെലവിട്ട് ഒരുക്കിയതെല്ലാമാണ് ഇരുട്ടിവെളുക്കും മുമ്പേ ഉരുളെടുത്തത്. അതിനാൽ ടൗൺഷിപ്പിൽ അഞ്ചു സെന്റിൽ ഞെരുങ്ങി താമസിക്കുന്ന തരത്തിലേക്ക് തങ്ങളെ മാറ്റരുതെന്നാണ് ഇവരുടെ ആവശ്യം.
കൽപറ്റ നഗരത്തിനടുത്ത സ്ഥലത്താണ് ടൗൺഷിപ് പദ്ധതി എന്നതിനാൽ സ്കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ആവശ്യമില്ലെന്നും ആ സ്ഥലംകൂടി കുടുംബങ്ങൾക്ക് നൽകണമെന്ന ആവശ്യവും ശക്തമാണ്. ഇതിനടുത്ത് നിലവിൽതന്നെ സമാന സൗകര്യങ്ങൾ വേറെയുള്ളതിനാലാണിത്. ടൗൺഷിപ്പിൽ താമസിക്കാൻ താൽപര്യമില്ലാത്ത അമ്പതോളം കുടുംബങ്ങളുണ്ട്. ഇത്തരക്കാർക്ക് ആകെ 15 ലക്ഷം രൂപ നൽകുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മേപ്പാടി മേഖലയിൽ ഉൾപ്രദേശത്ത് പോലും സെന്റിന് രണ്ടര ലക്ഷം രൂപയാണ് വില. ഇതിനാൽ സർക്കാർ തരുന്ന പണം സ്ഥലം വാങ്ങാൻപോലും തികയില്ല.
ഇതിനാൽ ടൗൺഷിപ്പിൽ താൽപര്യമില്ലാത്തവർക്ക് 40 ലക്ഷം രൂപയെങ്കിലും നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച റവന്യൂമന്ത്രി കെ. രാജന് അതിജീവിതർ നിവേദനം നൽകിയിട്ടുണ്ട്. അംഗീകരിക്കുന്നില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് ജനകീയ സമിതി കൺവീനർ ജെ.എം.ജെ മനോജ് പ്രതികരിച്ചു. നിലവിൽ 983 കുടുംബങ്ങളാണ് വിവിധയിടങ്ങളിൽ സർക്കാർ ഒരുക്കിയ വാടകവീടുകളിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.