ആറ് വയസ്സാക്കിയാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികളില്ലാതാകും
text_fieldsതിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് തികയണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥ നടപ്പാക്കാൻ കേരളത്തിന് തടസ്സങ്ങളേറെ. നിലവിൽ കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ച് വയസ്സാണ് പ്രായമായി നിശ്ചയിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസവും ക്രമീകരിച്ചിരിക്കുന്നത്. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം അഞ്ച് വയസ്സ് പൂർത്തിയാകുന്നതോടെ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നതാണ് രീതി. ഇത് മാറ്റി ആറ് വയസ്സാക്കി ഉയർത്തിയാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് വിദ്യാർഥികളില്ലാത്ത അവസ്ഥ വരും.
വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നപ്പോഴും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ 2012 ജനുവരി ഒമ്പതിനും 2013 ഫെബ്രുവരി 12നുമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ച് വയസ്സെന്ന വ്യവസ്ഥ തുടരാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും ഈ രീതി പിന്തുടരാൻ അനുമതിയും നൽകി.
സംസ്ഥാനത്ത് സ്കൂൾ പ്രവേശനത്തിന് ഏകീകൃത പ്രായപരിധി തുടരാൻ അനുമതിക്കായി കേന്ദ്ര സർക്കാറിന് കത്ത് നൽകിയിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ഘട്ടത്തിലും ഇതേരീതി സംസ്ഥാനം പിന്തുടർന്നില്ലെങ്കിൽ അഞ്ച് വയസ്സിന് മുമ്പായി പ്രീ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളെ ഒന്നാം ക്ലാസിൽ ചേർത്താൻ സാധിക്കാതെ വരും. ഈ സാഹചര്യത്തിൽ പ്രത്യേക ഉത്തരവിലൂടെ ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസ്സിൽ തന്നെ തുടരാനാണ് സാധ്യത. ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ പ്രായപരിധി സംബന്ധിച്ച പ്രശ്നം വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് സർക്കാറിന്റെ നയപരമായ തീരുമാനം ഉൾപ്പെടെ ആവശ്യമാണെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.