എന്നവസാനിക്കും വാട്സ് ആപ്പിൽ ഈ ‘വിദഗ്ധോപദേശങ്ങൾ’?
text_fieldsകൊച്ചി: ‘അർബുദം പരാജയപ്പെടുന്നു...പൈനാപ്പിൾ ചൂടുവെള്ളം...ദയവായി പ്രചരിപ്പിക്കുക...’ വാട്സ്ആപ് ഉപയോഗിക്കുന്നവർക്കെല്ലാം ഒരുപക്ഷേ കിട്ടിയിട്ടുണ്ടാകാം ഈ സന്ദേശം. ഒറ്റവായനയിൽ സത്യമെന്ന് വിചാരിക്കാനിടയുള്ള, രണ്ടാമതൊന്ന് വായിക്കാതെ അടുത്ത വാട്സ്ആപ് ഗ്രൂപ്പിലേക്ക് തള്ളിമറിക്കുന്ന അനേകം സന്ദേശങ്ങളിലൊന്നാണിത്. ഇല്ലാത്ത ആശുപത്രിയിലെ ഇല്ലാത്ത അർബുദ വിദഗ്ധന്റെ പേരിലാണ് ഈ പൈനാപ്പിൾ ചൂടുവെള്ളം ഗ്രൂപ്പായ ഗ്രൂപ്പുകളിലെല്ലാം പ്രചരിക്കുന്നത്. ഈ രീതിയിൽ ഒരു ശാസ്ത്രാടിസ്ഥാനവുമില്ലാത്ത സന്ദേശങ്ങൾ ഒരു നിയന്ത്രണവുമില്ലാതെയാണ് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. മറ്റുള്ളവരുടെ നന്മയെ കരുതി പങ്കുവെക്കൂ എന്ന അഭ്യർഥന കൂടിയാകുമ്പോൾ പലരും ഒറ്റയടിക്ക് സന്ദേശം കൈമാറുകയും ചെയ്യുന്നു.
അർബുദത്തിനു മാത്രമല്ല, പലരോഗങ്ങൾക്കും വാട്സ്ആപ്പിൽ ‘മരുന്ന്’ ലഭ്യമാണ്. രക്താർബുദം ഭേദമാക്കുന്ന സൗജന്യമരുന്നായ ഇമിറ്റിനെഫ് മെർസിലറ്റ് പുണെയിലെ ആശുപത്രിയിൽ കിട്ടും, ചെന്നൈയിലെ ആശുപത്രിയിൽ കിട്ടും എന്ന വ്യാജ സന്ദേശവും ഇക്കൂട്ടത്തിലുള്ളതാണ്.
ലഖ്നോ സി.ബി.ഐ മേധാവിയുടെ പേരിലുള്ള അവയവക്കടത്ത് സംബന്ധിച്ച സന്ദേശമാണ് അടുത്തിടെ വ്യാപകമായി പ്രചരിക്കുന്നത്. മധ്യവർഗ കുടുംബങ്ങളിലെ ആരോഗ്യവതികളായ പെൺകുട്ടികളെ സ്നേഹം നടിച്ചും ജോലി വാഗ്ദാനം ചെയ്തും ചെറുപ്പക്കാർ പീഡനത്തിനിരയാക്കി കൊല്ലുകയും പിന്നീട് ശരീരഭാഗങ്ങൾ ലക്ഷക്കണക്കിന് രൂപക്ക് വിൽക്കുകയും ചെയ്യുന്നുവെന്നാണ് സന്ദേശത്തിന്റെ പ്രധാന ഉള്ളടക്കം.
അവയവക്കടത്തിന്റെ അപകടങ്ങളിൽനിന്ന് നമ്മുടെ പെൺകുട്ടികളെ കാത്തുസൂക്ഷിക്കണമെന്നും സന്ദേശം പങ്കിടണമെന്നും അഭ്യർഥിച്ചാണ് ഈ വ്യാജസന്ദേശം അവസാനിക്കുന്നത്.
നാളെ മുതൽ നിങ്ങളുടെ എല്ലാ കാളുകളും ഗവൺമെന്റ് റെക്കോഡ് ചെയ്യും, സന്ദേശങ്ങൾ കാണും എന്ന തരത്തിലുള്ള മറ്റൊരു വ്യാജസന്ദേശവും വർഷങ്ങളായി വാട്സ് ആപ്പിൽ കറങ്ങിത്തിരിയുന്നുണ്ട്. ഒരു അടിസ്ഥാനവും ആധികാരികതയുമില്ലാത്ത വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് സൈബർ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.