നാസ്തിക സംഘം വഴിതെറ്റിക്കുന്നു; സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു -ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
text_fieldsതൃശൂർ: നാസ്തിക സംഘം വിശ്വാസികളെ വഴിതെറ്റിക്കാൻ സംഘടിത ശ്രമം നടത്തുകയാണെന്നും ഇതുമൂലം സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കുടുംബവർഷ സമാപനത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്. അവർ വിശ്വാസമുള്ളവരെയും കൂടെകൂട്ടുന്നു. പെൺകുട്ടികളും അതിൽപെട്ടുപോയിട്ടുണ്ട്. സഭയിൽ നിന്നും വിശ്വാസികളെ അകറ്റുന്ന ധാരാളം പ്രതിസന്ധികളിലൂടെയാണ് സഭ കടന്നുപോകുന്നതെന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു.
''തൃശൂർ മെത്രാനായി ചുമതലയേറ്റിട്ട് 18 വർഷം കഴിഞ്ഞു. അന്നുണ്ടായിരുന്നവരിൽ നിന്ന് 50000 പേർ കുറഞ്ഞിട്ടുണ്ട്. സഭ വളരുകയാണോ തളരുകയാണോ ?. 35 കഴിഞ്ഞ 10000-15000 യുവാക്കൾ കല്യാണം കഴിക്കാതെ നിൽക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടി. വിവാഹമോചനം തേടിവരുന്നത് അനേകായിരമാണ്. ഈ സാഹചര്യത്തിൽ കുടുംബങ്ങളെ രക്ഷിക്കാതെ ലോകത്തെ സഭക്ക് രക്ഷിക്കാനാവില്ല.
പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായ ത്രിത്വത്തിൽ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്ന് ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നതും തകർക്കപ്പെടുന്നതും കുടുംബമാണ്.
സഭയെ നശിപ്പിക്കാനായി വിശ്വാസത്തിനെതിരായി, ത്രിത്വത്തിനെതിരായി പ്രവർത്തനങ്ങൾ നടന്നു. സഭയയെ തകർക്കാൻ വൈദികർക്കെതിരായി, കന്യാസ്ത്രീകൾക്കെതിരായി, മെത്രാൻമാർക്കെതിരായി ശ്രമം നടന്നു. ഇപ്പോൾ കുടുംബങ്ങൾക്കെതിരായി നടക്കുന്നു- അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കുര്യൻ ജോസഫ് വിഷയാവതരണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മോർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഫ്രാൻസിസ് ആളൂർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.