അരലക്ഷം പേർക്ക് തൊഴിൽ നൽകാൻ 'അതിജീവനം കേരളീയം' പദ്ധതി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രാദേശിക തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖാന്തരം 50,000 പേര്‍ക്ക് ഈവര്‍ഷം തൊഴില്‍ നല്കാൻ 'അതിജീവനം കേരളീയം' എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിൽ 20.50 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിക്കുക. പദ്ധതിക്ക് അഞ്ച് ഉപഘടകങ്ങള്‍ ഉണ്ടാകും.
'യുവകേരളം' പദ്ധതി
60 കോടി ചെലവഴിക്കുന്ന പദ്ധതിപ്രകാരം 10,000 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കും. ദരിദ്ര കുടുംബങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള അംഗങ്ങളാകും ഗുണഭോക്താക്കള്‍. പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45 വയസ്സുവരെ അംഗങ്ങളാകാം. 100 ശതമാനം സൗജന്യ പരിശീലനം, സൗജന്യയാത്ര, താമസം, ഭക്ഷണം, യൂനിഫോം, പോസ്റ്റ് പ്ലേസ്മെൻറ് സപ്പോര്‍ട്ട്, കൗണ്‍സലിങ്, ട്രാക്കിങ് (ഒരുവര്‍ഷം) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കണക്ട് ടു വര്‍ക്ക്
തൊഴിൽ വൈദഗ്ധ്യവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവർക്ക് അഭിമുഖങ്ങളെ നേരിടാനും മൃദു നൈപുണികള്‍ വികസിപ്പിക്കാനുമായി നടപ്പാക്കുന്ന പരിപാടിയാണ് 'കണക്ട് ടു വര്‍ക്ക്'. 5,000ത്തോളം പേരായിരിക്കും ഗുണഭോക്താക്കൾ.
കേരള സംരംഭകത്വ വികസന പദ്ധതി
തെരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങള്‍ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രകാരം പ്രളയബാധിതമായ 14 ബ്ലോക്കുകളില്‍ കാര്‍ഷിക-കാര്‍ഷികേതര മേഖലകളില്‍ 16,800 സംരംഭങ്ങള്‍ ആരംഭിക്കും.20,000ത്തോളം ആളുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അംഗങ്ങളാകാം. സംരംഭകര്‍ക്കാവശ്യമായ മൂലധനം കുറഞ്ഞ പലിശക്ക് ബ്ലോക്ക്തല സമിതികള്‍ ലഭ്യമാക്കും. വ്യക്തിഗത സംരംഭങ്ങള്‍ക്ക് പരമാവധി ഒരുലക്ഷം രൂപയും ഗ്രൂപ് സംരംഭങ്ങള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപയുമാണ് വായ്പ അനുവദിക്കുക. നാലുശതമാനമാണ് പലിശ. 70 കോടി രൂപ അനുവദിച്ചു.
എറൈസ് പദ്ധതി
2020-21 സാമ്പത്തികവര്‍ഷം 10,000 യുവതീയുവാക്കള്‍ക്ക് എറൈസ് പദ്ധതിയിലുള്‍പ്പെടുത്തി തൊഴില്‍ ലഭ്യമാക്കും. തൊഴില്‍ വിപണിയില്‍ ഏറെ ആവശ്യമുള്ള പത്തുമേഖലകളില്‍ യുവതീയുവാക്കള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്കി വേഗം വേതനം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
സൂക്ഷ്മ സംരംഭക വികസനപദ്ധതി
3,000 വ്യക്തിഗത സംരംഭങ്ങളും 2,000 ഗ്രൂപ് സംരംഭങ്ങളും ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതിപ്രകാരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ ലഭ്യമാക്കും. 10,000 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.വ്യക്തിഗത സംരംഭകര്‍ക്ക് പരമാവധി 2.50 ലക്ഷം രൂപയും ഗ്രൂപ് സംരംഭങ്ങള്‍ക്ക് പരമാവധി പത്തുലക്ഷം രൂപ വരെയുള്ളതുമായ പ്രോജക്ടുകള്‍ ഏറ്റെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.