ആതിരയുടെ ആത്മഹത്യ: പരാതിയിലെ വിവരങ്ങൾ പൊലീസ് ചോർത്തിയെന്ന് യൂത്ത് കോൺഗ്രസ്; പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
text_fieldsകടുത്തുരുത്തി: സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ അധ്യക്ഷൻ അടക്കം അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആതിരയുടെ മരണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയിലെ വിശദാംശങ്ങൾ പ്രതിക്ക് പൊലീസ് ചോർത്തി നൽകിയെന്നും പ്രവർത്തകർ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പൊലീസ് സ്റ്റേഷനിലെത്തി. യുവതിയുടെ പരാതി ചോർത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.പിയോട് തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
യുവതി പൊലീസിൽ നൽകിയ പരാതിയിലെ വിവരങ്ങൾ ഒരു മണിക്കൂറിനകം പ്രതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യ കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോട്ടയം കോതനല്ലൂർ സ്വദേശിയായ വി.എം. ആതിര (26) ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി മരിച്ചത്.
കോട്ടയത്തെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയും കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനും നേരത്തേ സൗഹൃദത്തിലായിരുന്നു. അരുണിനെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ആതിര രണ്ടുവർഷം മുമ്പ് ഇയാളുമായി അകന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ ആതിരക്ക് വിവാഹാലോചനകൾ വന്നിരുന്നു. ഞായറാഴ്ച ഒരു ആലോചന വരുകയും ഇവർ ഇഷ്ടപ്പെട്ട് പോകുകയും ചെയ്തു. തുടർന്നാണ് അരുൺ ആതിരക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത്.
ഇതറിഞ്ഞ ആതിര മാനസിക വിഷമത്തിലായി. തുടർന്ന് സഹോദരി സൂര്യ ഭർത്താവ് ആശിഷ്ദാസിനെ അറിയിക്കുകയും ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം ഞായറാഴ്ച വൈകീട്ട് യുവതി കടുത്തുരുത്തി സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. പൊലീസ് രാത്രി തന്നെ യുവാവിനെ ഫോണിൽ ബന്ധപ്പെട്ടു. അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. എത്താമെന്ന് യുവാവ് സമ്മതിച്ചതായും പൊലീസ് അറിയിക്കുന്നു.
പരാതി നൽകിയശേഷവും യുവാവ് സൗഹൃദകാലത്തെ വാട്സ്ആപ് ചാറ്റുകളും മറ്റും പുറത്തുവിട്ട് ആക്ഷേപിച്ചു. ഇതോടെ ആതിര മാനസിക സമ്മർദത്തിലായിരുന്നു. വീട്ടുകാർ വിഷമിക്കേണ്ടെന്നും താൻ ഒന്നും ചെയ്യില്ലെന്നും പറഞ്ഞ് ആതിര സന്തോഷത്തോടെയാണ് രാത്രി ഉറങ്ങാൻ പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. രാവിലെ ജോലിക്കു പോകാൻ ആതിരയെ മാതാവ് വിളിച്ചുണർത്തിയിരുന്നു. അൽപനേരം കൂടി കിടക്കട്ടെയെന്നു പറഞ്ഞ് വാതിലടച്ചു.
ഒരു മണിക്കൂറായിട്ടും കാണാതെ വന്നതോടെ വീണ്ടും വിളിച്ചു. തുറക്കാതായതോടെ വാതിൽ തല്ലിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. രാത്രി വീണ്ടും യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയോ മറ്റോ ചെയ്തതായി ബന്ധുക്കൾ സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.