2018ലെ പ്രളയം ഓർമിപ്പിക്കുന്ന രൗദ്രഭാവത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം
text_fieldsഅതിരപ്പിള്ളി (തൃശൂർ): 2018ലെ പ്രളയം ഓർമിപ്പിക്കുന്ന രൗദ്രഭാവത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം. പറമ്പിക്കുളം ഡാം തുറന്നതിനെ തുടർന്ന് കലങ്ങിമറിഞ്ഞ ജലപ്രവാഹം വെള്ളച്ചാട്ടത്തിെൻറ പാറക്കെട്ടുകൾ താണ്ടി മണിക്കൂറുകളോളം ഒഴുകി. പാറക്കെട്ടുകൾക്ക് നടുവിലെ കാവൽപുര പകുതിയോളം മുങ്ങി. വെള്ളം നിറഞ്ഞ് കവിഞ്ഞ് ഇരുവശത്തെയും പാറക്കെട്ടുകൾക്ക് സമീപത്തേക്ക് ഉയർന്നു. ശക്തമായ പ്രവാഹം പുകമഞ്ഞിന് സമാന അന്തരീക്ഷം തീർത്തത് വെള്ളച്ചാട്ടത്തിെൻറ പകുതിയോളം അവ്യക്ത കാഴ്ചയാക്കി.
വാഴച്ചാൽ വെള്ളച്ചാട്ടത്തിലും സമാന അവസ്ഥയായിരുന്നു. കിഴുക്കാംതൂക്കായി ചരിഞ്ഞിറങ്ങുന്ന പാറക്കെട്ടുകൾ ജലപ്രവാഹത്തിൽ അദൃശ്യമായി. സന്ദർശകർ നിൽക്കാറുള്ള ഭാഗത്തേക്ക് വെള്ളം ചീറ്റിയടിച്ചു.
തുമ്പൂർമുഴി തൂക്കുപാലത്തിന് താഴെ കരിങ്കൽ കൂട്ടങ്ങൾ മറച്ച് പുഴ കലിതുള്ളിയൊഴുകി. ഉദ്യാനത്തിലേക്ക് വെള്ളം ഇരച്ചുകയറി. കുട്ടികളുടെ പാർക്കിലെ കളിയുപകരണങ്ങൾ മുങ്ങിപ്പോയി. വിരിപ്പാറ മേഖലയിൽ വെള്ളം നിറഞ്ഞൊഴുകിയത് അപൂർവ ദൃശ്യമായി. ജലപാതം താഴോട്ട് ഒഴുകുംതോറും ചാലക്കുടിപ്പുഴയോരത്തെ കടവുകളിലെല്ലാം വെള്ളം കയറി. പുഴയോരത്തെ പമ്പ് ഹൗസുകളിൽ ഏറെയും മുങ്ങി.
ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് കനത്ത മഴയെ തുടർന്ന് പറമ്പിക്കുളം ഡാം തുറന്നത്. സെക്കൻഡിൽ 13,000 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്. ഇത് പെരിങ്ങൽക്കുത്ത് ഡാമിൽ കനത്ത സമ്മർദം ഉണ്ടാക്കി. തുടർന്ന് തൂണക്കടവ് ഡാമും തുറന്നു. പെരിങ്ങൽ കവിഞ്ഞതോടെ സ്ലൂയിസ് വാൽവ് തുറന്നു. രാവിലെ 10 വരെ അതിരപ്പിള്ളിയിൽ അതിശക്തമായ ജലപ്രവാഹമായിരുന്നു. പറമ്പിക്കുളത്തുനിന്ന് വെള്ളത്തിെൻറ അളവ് കുറച്ചതോടെ വെള്ളച്ചാട്ടം ഉച്ചയോടെ സാധാരണ നിലയിലെത്തി. എങ്കിലും അപകടകരമായ സാഹചര്യം വിലയിരുത്തി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.